പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു; ബിജെപി തെറിക്കുമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി ഇതിനു മികച്ച ഉദാഹരണമാണെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികളുടെ രണ്ടു നിര്‍ണ്ണായക യോഗങ്ങള്‍ ദേശീയ തലത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. ചൌദരി ദേവീലാലിന്റെ ജന്മദിനത്തില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ മുന്‍പ് ഒരുമിച്ച് ചേര്‍ന്നിരുന്നു. അതിനു പുറമെയാണ് ഇന്നലെ തെലുങ്കാനയില്‍ നടന്ന രാഷ്ട്രീയ റാലി. ഈ റാലിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍, യു.പി. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരാണ് പങ്കെടുത്തത്. ഇതുവരെ പ്രതിപക്ഷ ഐക്യസംഗമങ്ങളില്‍ പങ്കെടുക്കാതിരുന്ന കേജരിവാള്‍ ഇന്നലത്തെ സമ്മേളനത്തില്‍ പങ്കെടുത്തത് ബിജെപിയ്ക്ക് എതിരായ ചേരി ശക്തിപ്പെടുന്നതിന്റെ പ്രതീകമാണ്. പ്രാദേശിക പാര്‍ട്ടികളുടെ ശക്തമായ കൂട്ടായ്മ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കമാണ്.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം കിട്ടാന്‍ കാരണം പ്രമുഖമായ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കാരണമാണ്. എന്നാല്‍ ഇത്തവണ കഴിഞ്ഞ തവണ ബിജെപിയ്ക്ക് ഒപ്പം നിന്ന നാല് പ്രമുഖ പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയ്ക്ക് ഒപ്പമില്ല. ബിജെപിയെ ഞെട്ടിക്കുന്ന കാര്യമാണിത്. ശിവസേന, ജെഡിയു, ശിരോമണി അകാലിദള്‍, തെലുങ്കാന രാഷ്ട്രീയസമിതി, തുടങ്ങി നാല് പാര്‍ട്ടികള്‍ ഇപ്പോള്‍ എന്‍ഡിഎ മുന്നണിയിലില്ല. ഈ നാല് പാര്‍ട്ടികളും ഇപ്പോള്‍ ബിജെപിയ്ക്ക് എതിരായ മുന്നണിയിലാണ്. തെക്കേ ഇന്ത്യയില്‍ അതിനു നേതൃത്വം നല്‍കുന്നത് ഭാരത് രാഷട്രീയസമിതിയുമായി നിലകൊള്ളുന്ന ചന്ദ്രശേഖര്‍ റാവു ഏറ്റെടുത്തിരിക്കുകയാണ്.

തമിഴ്നാട്ടില്‍ പിന്തുണ എഐഎഡിഎംകെയുടെതായിരുന്നു. എന്നാല്‍ ഇപ്പോള്‍ എഐഡിഎംകെ ദുര്‍ബലമാണ്. ഭരണം ഡിഎംകെ ഏറ്റെടുത്തിരിക്കുന്നു. ഡിഎംകെ മുഖ്യമന്ത്രിയായ എ.കെ.സ്റ്റാലിന്‍ മതേതര കക്ഷികള്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു. പഞ്ചാബിലും ഡല്‍ഹിയിലും പ്രാദേശിക പാര്‍ട്ടിയായ എഎപിയാണ് ഭരിക്കുന്നത്. തെലുങ്കാനയില്‍ അരവിന്ദ് കേജരിവാളിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

യുപിയില്‍ അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടി ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 80-ല്‍ പകുതിയിലേറെ സീറ്റുകള്‍ നേടും എന്നാണ് കണക്കാക്കുന്നത്. 2019-ല്‍ ബിജെപി ഭൂരിപക്ഷം സീറ്റുകളും നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരെ പകുതി അസംബ്ലി സീറ്റുകള്‍ അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയാണ് നേടിയത്.

കഴിഞ്ഞ മാസം നടന്ന മെയിന്‍പുരി ലോകസഭ ഉപതിരഞ്ഞെടുപ്പിലും കത്വാലി, രാംപൂര്‍ അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിലും സമാജ്‌വാദി പാര്‍ട്ടി വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇതോടെ ലോകസഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിയ്ക്ക് വലിയ തിരിച്ചടിയ്ക്കുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ബീഹാറില്‍ കഴിഞ്ഞ തവണ പ്രതിപക്ഷത്തിന് ഒരു ലോക്സഭാ സീറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. ബാക്കി സീറ്റുകളില്‍ ബിജെപി സഖ്യകക്ഷികള്‍ ആണ് വിജയിച്ചത്. എന്നാല്‍ ഇപ്പോള്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മഹാഖഡ് ബന്ധന്‍ ഈ തിരഞ്ഞെടുപ്പില്‍ അതിശക്തമായ മുന്നണിയാകും. നാല്പതില്‍ മുപ്പത്തിയഞ്ചു സീറ്റുകളും ഈ മുന്നണി നേടും എന്നാണ് കണക്കുകൂട്ടപ്പെടുന്നത്. അങ്ങിനെയെങ്കില്‍ ബിജെപിയ്ക്ക് ബീഹാറില്‍ 35 സീറ്റോളം നഷ്ടമാകും.

യുപിയിലെ നാല്പത് ലോക്സഭാ സീറ്റും ബീഹാറിലെ മുപ്പത്തിയഞ്ചും സീറ്റുകള്‍ നഷ്ടമാകുന്നതോടെ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും. ബംഗാളില്‍ മമത ബാനര്‍ജിയുടെത് മിന്നുന്ന പ്രകടനമാണ്. ലോകസഭ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കും. രാജസ്ഥാന്‍, ഛത്തീസ്ഗഡ്‌, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതിന്റെ നേട്ടം കോണ്‍ഗ്രസിന് ലഭിക്കും. കര്‍ണാടകയില്‍ അഭിപ്രായസര്‍വേകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. കേരളത്തില്‍ സീറ്റുകള്‍ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ വീതിച്ചെടുക്കും. തമിഴ്നാട്ടില്‍ ഡിഎംകെ, തെലുങ്കാനയില്‍ ഭാരത് രാഷ്ട്രസമിതി, മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി പകുതിയോളം സീറ്റുകള്‍ കരസ്ഥമാക്കും.

ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്. അങ്ങനെ കേരളം മുതല്‍ ജമ്മു വരെ പ്രാദേശിക പാര്‍ട്ടികളുടെ വലിയ ശ്രുംഖലയാണ് ബിജെപിയ്ക്ക് എതിരെ നിരക്കുന്നത്. പ്രാദേശിക പാര്‍ട്ടികളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും കൂടിച്ചേരുന്ന വിശാലമുന്നണിയാകും 2024-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നത്. .

ഇന്നലെ തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു വിളിച്ച യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍, യു.പി. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുത്തിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയം നിര്‍ണ്ണയിക്കും. ഈ പാര്‍ട്ടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും ബിജെപി മുന്നണിയ്ക്ക് എതിരാണ്. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് ഇതെല്ലാം വിരല്‍ ചൂണ്ടുന്നു-വര്‍ഗീസ് ജോര്‍ജ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here