തിരുവനന്തപുരത്ത് ഭൂമി ലഭ്യം; പിണറായി സര്‍ക്കാറിന് താത്പര്യം കോഴിക്കോടും; ബിജെപിപാര്‍ട്ടി നേതൃത്വത്തോട് പ്രതിഷേധിക്കട്ടെ; എയിംസ് വിഷയത്തില്‍ എഫ്ബി കുറിപ്പുമായി തരൂര്‍

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രം നീക്കം നടത്തുമ്പോള്‍ അത് എന്തുകൊണ്ട് തിരുവനന്തപുരത്തിനു നഷ്ടമാകുന്നു എന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. എയിംസ് തിരുവനന്തപുരത്ത് കൊണ്ട് വരാന്‍ എംപി എന്ന നിലയില്‍ ശശി തരൂര്‍ ഒരു ശ്രമവും നടത്തുന്നില്ല എന്ന ബിജെപി തിരുവനന്തപുരം ഘടകത്തിന്റെ കുറ്റപ്പെടുത്തല്‍ വന്നതോടെയാണ് എയിംസ് കാര്യത്തില്‍ എന്ത് സംഭവിക്കുന്നു എന്നതില്‍ എഫ്ബി കുറിപ്പുമായി തരൂര്‍ രംഗത്ത് വന്നത്. എയിംസ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രത്തിലിരിക്കുന്ന ബിജെപി സർക്കാർ തന്നെയാണ് എന്നാണ്. കേന്ദ്ര മന്ത്രിസഭ ഈ വിഷയത്തിൽ ഒരു തീരുമാനവും എടുക്കാത്ത സ്ഥിതിക്ക് പ്രതിപക്ഷത്തുള്ള എം പി യെ കുറ്റപ്പെടുത്തുന്നതിനേക്കാൾ അവർ ചെയ്യേണ്ടത് ബിജെപി അവരുടെ ദില്ലിയിലെ പാർട്ടി നേതൃത്വത്തോട് പ്രതിഷേധിക്കുകയാണ്-കുറിപ്പില്‍ തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

തരൂരിന്റെ കുറിപ്പ് ഇങ്ങനെ:

തിരുവനന്തപുരത്തെ ചില പ്രാദേശിക ബി ജെ പി നേതാക്കൾ കേരളത്തിന് അനുവദിക്കുന്ന AIIMS (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌) സ്ഥാപിക്കാനായി തിരുവനന്തപുരത്തെ പരിഗണിക്കാത്തതിൽ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചില പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഈ ബി ജെ പി നേതാക്കൾ മനസ്സിലാക്കേണ്ട കാര്യം ഇക്കാര്യത്തിൽ ഒരന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രത്തിലിരിക്കുന്ന അവരുടെ പാർട്ടി നയിക്കുന്ന സർക്കാർ തന്നെയാണ് എന്നാണ്. അത് കൊണ്ട് ഇതുവരെയും കേന്ദ്ര മന്ത്രിസഭ ഈ വിഷയത്തിൽ ഒരു തീരുമാനവും എടുക്കാത്ത സ്ഥിതിക്ക് പ്രതിപക്ഷത്തുള്ള എം പി യെ കുറ്റപ്പെടുത്തുന്നതിനേക്കാൾ അവർ ചെയ്യേണ്ടത് അവരുടെ ദില്ലിയിലെ പാർട്ടി നേതൃത്വത്തോട് പ്രതിഷേധിക്കുകയാണ്.
അതേ സമയം, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നു കൊണ്ട്, കേന്ദ്ര സർക്കാരിൽ തിരുവനന്തപുരത്ത് ഒരു AIIMS സ്ഥാപിക്കാൻ വേണ്ടി ഞാൻ ശ്രമച്ചിട്ടുണ്ട്. അതിന്റെ പ്രയോജനം തൊട്ടയൽപക്കത്തുള്ള കന്യാകുമാരിക്കും ലഭിക്കും എന്നതിനാൽ എന്റെ ശ്രമങ്ങൾക്ക് ബി ജെ പി യുടെ കന്യാകുമാരി എം പി യുടെ സഹായവും ഞാൻ തേടിയിരുന്നു.
പ്രസ്തുത AIIMS പദ്ധതിയുടെ വിഷയത്തിലെ കാലഗണന ഇപ്രകാരമാണ്:
1. 2014 ജൂണിൽ കേന്ദ്ര സർക്കാർ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ പദ്ധതി (PMSSY) പ്രകാരം രാജ്യത്ത് പതിനഞ്ച് AIIMS കൾ കൂടി സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
2. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ എം പി എന്ന നിലയിൽ, ശാസ്ത്ര-സാങ്കേതിക-മെഡിക്കൽ-റിസർച്ച് രംഗത്തെ വളരെ നല്ലൊരു ഇക്കോസിസ്റ്റം നിലവിലുള്ള തിരുവനന്തപുരത്ത്
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച AIIMS കളിൽ ഒന്ന് സ്ഥാപിക്കണമെന്ന് അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധനെ സമീപിച്ച് ഞാൻ അഭ്യർത്ഥിച്ചു.
3. അദ്ദേഹം എന്നോട് പറഞ്ഞത് 2014 ജൂൺ 19ന് അദ്ദേഹം ഇപ്പോൾ AIIMS ഇല്ലാത്ത എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഈ പദ്ധതിയുടെ ആവശ്യത്തിലേക്ക് 200 ഏക്കർ ഭൂമി കണ്ട് പിടിച്ച് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ടെന്നായിരുന്നു.
4. അതെ തുടർന്ന്, ജൂലൈ മാസം തന്നെ ശ്രീ. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ 4 സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തിന് നിർദ്ദേശിച്ചു. ആ 4 സ്ഥലങ്ങളിൽ എന്റെ നിർദ്ദേശമായ തിരുവനന്തപുരം പാറശാലയിലെ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിൽ കോമ്പൗണ്ട് കൂടാതെ കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ ഭൂമിയും, കോട്ടയത്തെ മെഡിക്കൽ കോളേജിന്റെ ഭൂമിയും, കളമശ്ശേരിയിലെ HMTയുടെ ഭൂമിയും ഉൾപ്പെട്ടിരുന്നു.
5. അതുമായി ബന്ധപ്പെട്ട തുടർ അന്വേഷണങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രി എന്നെയും അന്നത്തെ സർക്കാരിനെയും അറിയിച്ചത് മന്ത്രാലയത്തിലെ വിദഗ്ധർ ഈ നിർദ്ദേശിച്ച സ്ഥലങ്ങൾ
സന്ദർശിക്കുകയും അതിന് ശേഷം ഒരു ഫൈനൽ സെലക്ഷൻ ഉണ്ടാവുകയും ചെയ്യുമെന്നാണ്.
6. പക്ഷെ, പാര്ലിമെന്റിനകത്തും പുറത്തുമുള്ള എന്റെ നിരവധി തവണയുള്ള ഇടപെടലുകൾക്ക് ശേഷവും (2018ൽ ഞാൻ ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യം ഇതോട് കൂടി ചേർക്കുന്നു) വിദഗ്ധ സമിതി കേരളം സന്ദർശിച്ചില്ല എന്നത് ദൗർഭാഗ്യകരമാണ്.
7. അതേ സമയം കേരളത്തിന്റെ ആവശ്യം അവഗണിച്ചു കൊണ്ട്, കേന്ദ്ര സർക്കാർ 4 മുതൽ 7 വരെയുള്ള ഘട്ടങ്ങളിലായി ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ (2015), ഉത്തർ പ്രദേശ്, പഞ്ചാബ്, (2016) അസം (2017), ഹിമാചൽ പ്രദേശ്, തമിഴ്നാട്, തെലുങ്കാന, ജാർഖണ്ഡ് (2018), ഹരിയാന, ഗുജറാത്ത്, കശ്മീർ, ജമ്മു (2019), ബീഹാർ (2020) എന്നിവിടങ്ങളിലേക്കായി പതിനഞ്ച് AIIMS കൾ അനുവദിച്ചു കൊണ്ട് ഉത്തരവായി.
8. ജൂൺ 2018ൽ അന്നത്തെ കേരള ആരോഗ്യമന്ത്രി ശ്രീമതി. കെ കെ ശൈലജ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ. ജെ പി നദ്ദയെ ദില്ലിയിൽ സന്ദർശിക്കുകയും സംസ്ഥാനം സമർപ്പിച്ച നിർദ്ദേശങ്ങളിൽ കോഴിക്കോട് നിലനിർത്തി മറ്റു മൂന്ന് നിർദ്ദേശങ്ങളും – തിരുവനന്തപുരത്തെ പാറശാല നെട്ടുകൽത്തേരി അടക്കം – പിൻവലിക്കുന്നതായി അറിയിച്ചു. അതിന് കേരള സർക്കാർ പറഞ്ഞ കാരണം കോഴിക്കോട് ഭൂമി ഇപ്പോൾ തന്നെ ലഭ്യമാണ് എന്നായിരുന്നു. പക്ഷെ, ഭൂമി ഏറ്റെടുക്കലൊന്നും ഇല്ലാതെ തന്നെ നെട്ടുകൽത്തേരിയിലെ ഭൂമിയും ആ സമയത്ത് തന്നെ ലഭ്യമായിരുന്നു എന്നതായിരുന്നു സത്യം.
9. ഞാൻ ഈ വിഷയം ശ്രീ. നദ്ദയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ കേരള സർക്കാർ അവരുടെ മുൻഗണന വ്യക്തമാക്കിയ സ്ഥിതിക്ക് അദ്ദേഹത്തിന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം അവഗണിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് എന്നോട് പറയുകയാണുണ്ടായത്. പക്ഷെ, മുൻപ് നിർദ്ദേശിച്ച പ്രകാരം ഒരു വിദഗ്ദ്ധ സമിതി എല്ലാ സ്ഥലങ്ങളും സന്ദർശിച്ച് ഒരു റിപ്പോർട്ട് ഉണ്ടാക്കി അത് പ്രകാരം മുന്നോട്ട് പോകുന്നതാണ് സംസ്ഥാനത്തിനും സ്ഥാപനത്തിനും നല്ലതെന്ന് ഞാൻ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
അത് കൊണ്ട് തിരുവനന്തപുരത്തോട് അനീതി കാണിച്ചതാര് എന്ന ചോദ്യത്തിന്റെ മറുപടി തികച്ചും ലളിതമാണ്:
2014 -ൽ കേരള സർക്കാർ നിർദ്ദേശിച്ച സ്ഥലങ്ങളുടെ യോഗ്യത
ഒരു വിദഗ്ദ്ധ സമിതിയെക്കൊണ്ട് തിട്ടപ്പെടുത്താൻ ശ്രമിക്കാത്ത (അങ്ങിനെ ഒരു സമിതി വിലയിരുത്തിയിരുന്നെങ്കിൽ തലസ്ഥാന നഗരിക്ക് മുൻഗണന ഉണ്ടാവുമെന്നതിൽ സംശയമില്ല) ബി ജെ പി യുടെ കേന്ദ്ര സർക്കാരും;
2018 -ൽ തിരുവനന്തപുരം അടക്കമുള്ള മറ്റു സ്ഥലങ്ങളുടെ നിർദ്ദേശങ്ങൾ ഏകപക്ഷീയമായി പിൻവലിച്ച് കോഴിക്കോടിന് മുൻഗണന നൽകിക്കൊണ്ട് തലസ്ഥാന നഗരിക്ക് ഈ വിഷയത്തിൽ തുല്യ പരിഗണന ഉണ്ടാകാനുള്ള നീതിപൂർവമായ സാഹചര്യം നിഷേധിച്ച സി പി എം നയിക്കുന്ന കേരള സർക്കാരും തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here