ക്വട്ടേഷന്‍ ബന്ധം; തിരുത്തല്‍ നടപടികളുമായി കണ്ണൂര്‍ സിപിഎം

0
312

തിരുവനന്തപുരം: ക്വട്ടേഷൻ ബന്ധമെന്ന ആരോപണത്തെ തുടര്‍ന്ന്  കണ്ണൂര്‍ സിപിഎം മുഖം മിനുക്കുന്നു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനാണ് സെക്രട്ടേറിയറ്റ് യോഗം ചേർന്നതെങ്കിലും ക്വട്ടേഷൻ സംഘങ്ങളുമായുള്ള പാർട്ടി ബന്ധമാണ് പ്രധാനമായും ചർച്ച ആയത്. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ള പാർട്ടി പ്രവർത്തകരെ കണ്ടെത്താനും പിന്തിരിപ്പിക്കാനുമാണ് തീരുമാനം. നാലു കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ക്വട്ടേഷൻ ബന്ധമുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച് പരാജയപെട്ടാൽ അവരെ പാർട്ടിയിൽ നിന്നും പുറത്താക്കും. വർഗ – ബഹുജന സംഘടനകളിലെ പ്രധാന പ്രവർത്തകരേയും നേതാക്കളേയും നീരിക്ഷിക്കും. അര്‍ജുന്‍ ആയങ്കിയുടെ പാര്‍ട്ടി ബന്ധം മറനീക്കി പുറത്ത് വന്നതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സിപിഎം തീരുമാനം.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സി.സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐ കണ്ണൂര്‍ ചെമ്പിലോട് മേഖലാ സെക്രട്ടറിയാണ് സജേഷ്. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിനാണ് നടപടി.
സിപിഎമ്മിനെ മറയാക്കിയാണ് അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡിവൈഎഫ്ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുനെ സ്ഥാനത്തുനിന്നു നീക്കിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരകനായി. മൂന്നു വര്‍ഷം മുൻപാണ് ഡിവൈഎഫ്ഐയുടെ ഭാരവാഹിത്വത്തില്‍നിന്ന് അര്‍ജുന്‍ ആയങ്കിയെ നീക്കുന്നത്.

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദമാണ് കാരണമെന്നാണ് സൂചന. ചുമതലകളില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നതാണു മറ്റു ക്വട്ടേഷന്‍ സംഘങ്ങള്‍ അര്‍ജുനെ ഭയക്കാന്‍ കാരണം. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ അര്‍ജുന്റെ ജോലി സംബന്ധിച്ച് ആര്‍ക്കുമൊന്നുമറിയില്ല.

ആഢംബര ജീവിതമായിരുന്നു അര്‍ജുന്‍ പിന്തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരകനായുള്ള വളര്‍ച്ച. കൊടി സുനിയുടെ സംഘമായും ബന്ധമുണ്ട്. എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സുഹൃത്തു കൂടിയാണ് ഇയാള്‍. സ്വര്‍ണക്കടത്തും ക്വട്ടേഷനും വരുമാനമാര്‍ഗമായി മാറി. വിവിധ സ്റ്റേഷനുകളില്‍ അര്‍ജുനെതിരെ കേസുകളുണ്ടെന്നാണ് വിവരം. ഒളിവിലുള്ള അര്‍ജുന്‍ ആയങ്കിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ സ്വര്‍ണക്കടത്തിന്‍റെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്‍റെ കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here