Monday, February 6, 2023
- Advertisement -spot_img

ഒരു മാധ്യമത്തിലുള്ളപ്പോള്‍ മറ്റ്  മാധ്യമത്തില്‍ എഴുതരുത് എന്നുള്ളത് ഫാസിസ്റ്റ് നയം; ഫാസിസം തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് ആലങ്കോട് ലീലാ കൃഷ്ണന്‍

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ സി.അനൂപിനെ ഏഷ്യാനെറ്റ്‌ ന്യൂസ് ഏകപക്ഷീയമായി പുറത്താക്കിയതിനെതിരെ പ്രതികരിച്ച് പ്രമുഖ കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാ കൃഷ്ണന്‍. ഒരു മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നയാള്‍ മറ്റു മാധ്യമത്തില്‍ എഴുതരുത് എന്നുള്ളത് ഫാസിസ്റ്റ് നയമാണ്. ആ ഫാസിസം തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. ഇതൊന്നും തിരുത്താതെ രാജ്യത്ത് ഫാസിസമുണ്ടെന്നു പറയാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമില്ല- ആലങ്കോട് പറയുന്നു.

എസ്. ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം മാതൃഭൂമി വാരികയില്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിലാണ് ചാനലിലെ ഡെപ്യൂട്ടി ന്യൂസ് പ്രൊഡ്യൂസറായ അനൂപിനെ ഏഷ്യാനെറ്റ്‌ ന്യൂസ് പുറത്താക്കുന്നത്. ഇതിനെതിരെയാണ് ആലംകോട് ലീലാകൃഷ്ണന്‍ രംഗത്ത് വന്നത്. ഒരു മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് മറ്റു മാധ്യമങ്ങളില്‍ എഴുതാന്‍ അനുവദിക്കില്ലെന്ന കരിനിയമങ്ങള്‍ മാധ്യമങ്ങള്‍ എടുത്ത് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതൊരു പ്രാകൃത നിയമമാണ്. ഇത്തരം നിയമങ്ങള്‍ക്ക് അറുതി വരണം.

ഒരു മാധ്യമ പ്രവര്‍ത്തകന്‍ മറ്റൊരു മാധ്യമത്തില്‍ എഴുതരുത് എന്നുള്ളത് അതിതീവ്രമായ ആവിഷക്കാര സ്വാതന്ത്ര്യത്തിന് എതിരായ പ്രശ്നമാണ്. ഈ രീതി മാറ്റണം. അതിന്റെ അടിസ്ഥാനത്തില്‍ അനൂപിന് എതിരായ നടപടിയില്‍ മാറ്റം വരണം. മാധ്യമ സംഘടനകള്‍ ഈ പ്രശ്നത്തില്‍ ശക്തമായ നിലപാട് എടുക്കണം. അനൂപിന് തിരിച്ച് ഏഷ്യാനെറ്റ്‌ ന്യൂസില്‍ തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ മാധ്യമ സംഘടനകള്‍ തന്നെ രംഗത്ത് വരണം-ആലങ്കോട് ആവശ്യപ്പെടുന്നു.

അനൂപിന്‍റെ പുറത്താക്കിലിനെതിരെ ഇന്നലെ പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദനും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. സി.അനൂപിനെ ഏഷ്യാനെറ്റ്‌ ന്യൂസ് പുറത്താക്കിയത് വളരെ തെറ്റായ കാര്യമെന്നാണ് സച്ചിദാനന്ദന്‍ പ്രതികരിച്ചത്. ഒരു മാധ്യമത്തില്‍ ജോലി ചെയ്യുമ്പോള്‍ മറ്റൊരു മാധ്യമത്തില്‍ എഴുതരുത് എന്ന വ്യവസ്ഥ നിയമന ലെറ്ററില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ വ്യവസ്ഥ പോലും എടുത്തുമാറ്റേണ്ടതാണെന്ന് സച്ചിദാനന്ദന്‍ അനന്ത ന്യൂസിനോട് പറഞ്ഞിരുന്നു.

ഈ പ്രവണത പൊതുപ്രവണതകള്‍ എന്ന രീതിയില്‍ തന്നെ സാംസ്കാരിക പ്രവര്‍ത്തകരുടെ എതിര്‍പ്പിനു കാരണമാകേണ്ടതാണ്. സി.അനൂപിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും മാധ്യമങ്ങളില്‍ അടിമകള്‍ പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നു എന്നത് കേരളത്തിലെ മാധ്യമ രംഗത്തിനു തന്നെ അപമാനകരമാണ്. എഴുത്തുകാരുടെ സര്‍ഗ്ഗാത്മകതയെ പോഷിപ്പിക്കാനുള്ള മാധ്യമങ്ങള്‍ എഴുത്തുകാരുടെ സര്‍ഗ്ഗാത്മകതയുടെ ശ്മശാനഭൂമിയായി മാറുന്നത് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയാണ്-സച്ചിദാനന്ദന്‍ പ്രതികരിച്ചിരുന്നു.

തീര്‍ത്തും ജനാധിപത്യവിരുദ്ധമാണിത്. മാധ്യമ ധര്‍മ്മങ്ങള്‍ക്ക് ചേരുന്നതുമല്ല. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു പ്രതിഷേധം ഏഷ്യാനെറ്റ്‌ ന്യൂസിന് മുന്‍പില്‍ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് പുകസ എന്നാണ് വി.എന്‍.മുരളി അനന്തന്യൂസിനോട് പറഞ്ഞത്.

ജോണി എം.എല്‍, ഡോ.ജെ.പ്രഭാഷ്, വിനു എബ്രഹാം, സി.ഗണേഷ് എന്നിവര്‍ ഇന്നലെ ഈ വിഷയത്തില്‍ ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് കെ.സച്ചിദാനന്ദനും ആലങ്കോടും  അനൂപിന്റെ പുറത്താക്കലിനെ അപലപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ്‌ ന്യൂസിന്റെ തെറ്റായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക രംഗത്തുനിന്നും ഉയരുന്നത്.

 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article