തുടര്‍ച്ചയായി രണ്ടു തവണ തോറ്റവര്‍ക്ക് സീറ്റില്ല; അന്‍പത് ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്കും; ശക്തമായ തീരുമാനവുമായി കോണ്‍ഗ്രസ്

0
147

തിരുവനന്തപുരം: മുഖം മിനുക്കി ഭരണം പിടിക്കാന്‍ ശക്തമായ തീരുമാനങ്ങളുമായി കോണ്‍ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഹൈക്കമാന്‍ഡ് നിശ്ചയിച്ച മാനദണ്ഡങ്ങളാണ് ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചത്. .അന്‍പത് ശതമാനം സീറ്റ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമായി മാറ്റിവയ്ക്കും.

അന്‍പത് ശതമാനമേ പതിവുമുഖങ്ങളുണ്ടാകു. ബാക്കി അന്‍പത് ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കുമായി മാറ്റിവയ്ക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ തോറ്റവരെ സ്ഥാനാര്‍ഥിയാക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് കൊടുക്കില്ല. തുടര്‍ച്ചയായി ജയിക്കുന്നതിന്റ പേരില്‍ ആരേയും ഒഴിവാക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക തയാറായി. അടുത്ത ദിവസം ചേരുന്ന സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് തിരുത്തല്‍ വരുത്തും. അടുത്ത ഘട്ടം ഡല്‍ഹിയിലാണ്. പ്രകടനപത്രിക രണ്ടുദിവസത്തിനകം പുറത്തിറക്കും. അതേസമയം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയായില്ല. ഏറ്റുമാനൂര്‍ സീറ്റിന് ഇരുകൂട്ടരും അവകാശവാദം ഉന്നയിക്കുകയാണ്. സീറ്റ് ചര്‍ച്ച അവസാനഘട്ടത്തിലാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. പട്ടാമ്പി സീറ്റ് മുസ്ലീലീഗിന് വിട്ടുനല്‍കുന്ന കാര്യത്തിലും ആര്‍.എസ്.പിക്ക് കയ്പമംഗലത്തിന് പകരം സീറ്റ് നല്‍കുന്നതിലും തീരുമാനമായിട്ടില്ല. അതേസമയം ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം ഇന്നും പൂര്‍ത്തിയായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here