ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു. ഇന്നു പുലർച്ചെ 2.35ന് ആയിരുന്നു അന്ത്യം . പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അര്‍ബുദ ബാധിതനായി അദ്ദേഹം ചികിത്സയില്‍ തുടരുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. 13 ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 3 ന് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

അശരണരെയും പാവപ്പെട്ടവരെയും ചേർത്തുനിർത്തുകയും അവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കുകയും ചെയ്ത ബാവാ മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവായിരുന്നു. സഭാഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകൾക്കു പങ്കാളിത്തം ഉറപ്പാക്കിയതും സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും 2011 ൽ വോട്ടവകാശം ഏർപ്പെടുത്തിയതുമാണ് ബാവായുടെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനം.

തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്തുള്ള മാങ്ങാട് ഗ്രാമത്തിൽ കൊള്ളന്നൂർ ഐപ്പിന്റെയും പുലിക്കോട്ടിൽ കുടുംബാംഗമായ കുഞ്ഞീറ്റയുടെയും മകനായി 1946 ഓഗസ്റ്റ് 30 നാണ് പരിശുദ്ധ കാതോലിക്കാ ബാവാ ജനിച്ചത്. പഴഞ്ഞി ഗവ. ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ബിരുദം നേടി. കോട്ടയം സെമിനാരിയിൽ വൈദിക പഠനത്തിനു ചേർന്ന അദ്ദേഹം തുടർന്ന് കോട്ടയം സിഎംഎസ് കോളജിൽനിന്ന് എംഎ പാസായി. 1972 മേയ് 31നു ശെമ്മാശപട്ടവും ജൂൺ രണ്ടിനു വൈദികപട്ടവും സ്വീകരിച്ചു.

1982 ഡിസംബർ 28നു കൂടിയ മലങ്കര അസോസിയേഷൻ മേൽപട്ട സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ 1985 മേയ് 15നു മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയിൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്‌കോപ്പയായി വാഴിച്ചു. തുടർന്ന് കുന്നംകുളം ഭദ്രാസനാധിപനായി. 2006 ഒക്‌ടോബർ 12ന് പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ ആയി തിരഞ്ഞെടുത്തു.

പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്‌ഥാനമൊഴിഞ്ഞതിനെ തുടർന്ന് പരുമല സെമിനാരി ചാപ്പലിൽ 2010 നവംബർ ഒന്നിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ പൗരസ്‌ത്യ കാതോലിക്കായായി സ്‌ഥാനാരോഹണം ചെയ്‌തു. സഭാ കേസില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങള്‍ക്ക് അന്ത്യംകുറിച്ച് 2017 ജൂലൈ 3 ന് സുപ്രീം കോടതി നിര്‍ണായകമായ അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here