മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവാങ്ങിയത് പണം വാങ്ങി; ബിജെപി രണ്ടരലക്ഷം രൂപയും ഫോണും നൽകിയെന്ന് കെ.സുന്ദര

കാസര്‍കോട്: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവാങ്ങിയത് ബി.ജെ.പി. രണ്ടരലക്ഷം രൂപയും ഫോണും നൽകിയതുകൊണ്ടെന്ന്കെ.സുന്ദര. ബി.എസ്.പി. സ്ഥാനാർഥിയായി പത്രിക നല്‍കിയ സുന്ദര തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയും ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. . കൊടകര കുഴൽപ്പണം, സി.കെ.ജാനുവിനു പണം നൽകിയെന്ന ആരോപണത്തിന് ശേഷം ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് സുന്ദരയുടെ വെളിപ്പെടുത്തൽ .

കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജയിച്ചാൽ കർണാടകയിൽ വൈൻ പാർലർ അടക്കമുള്ള വാഗ്ദാനങ്ങൾ ഉണ്ടായിരുന്നുവെന്നും സുന്ദര പറഞ്ഞു. പണം നൽകിയിട്ടില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ബി.ജെ.പി. കാസർകോട് ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

കർണാടകയിലെ ബന്ധുവീട്ടിൽ നിന്നാണ് സുന്ദരയുടെ ഈ വെളിപ്പെടുത്തൽ. നാമനിർദേശ പത്രിക പിൻവലിക്കാൻ മഞ്ചേശ്വരത്തെ ബിജെപി നേതാക്കൾ സമ്മർദം ചെലുത്തിയതിനൊപ്പം പണവും ഫോണും അടക്കമുള്ളവ നൽകിയെന്നും സുന്ദര പറയുന്നു. സുന്ദരയുടെ കയ്യിൽ അൻപതിനായിരവും അമ്മയുടെ കൈവശം രണ്ടുലക്ഷം രൂപയും കൊടുത്തു. സുരേന്ദ്രൻ വിജയിച്ചുകഴിഞ്ഞാൽ കൂടുതൽ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നുവെന്നും സുന്ദര വെളിപ്പെടുത്തി.എന്നാൽ സുന്ദരയുടെ വെളിപ്പെടുത്തൽ നിഷേധിച്ച ബിജെപി ജില്ലാ നേതൃത്വം, സിപിഎം-ലീഗ് സ്വാധീനം മൂലമാണ് സുന്ദര ആരോപണമുന്നയിക്കുന്നത് എന്ന് പറഞ്ഞു.

2016ലും കെ.സുന്ദര മഞ്ചേശ്വരത്ത് അപരനായി മത്സരിച്ചിരുന്നു. അന്ന് 467 വോട്ടുകൾ കരസ്ഥമാക്കി, ആ തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ പരാജയപ്പെട്ടതാകട്ടെ വെറും 89 വോട്ടിനും. ഇതോടെയാണ് സുന്ദരയ്ക്ക് പ്രാധാന്യം ഏറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here