വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖല; ഇടത് സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്ന് പുതുശ്ശേരി

0
382

പത്തനംതിട്ട : സംരക്ഷിത വന മേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ച് കരടുവിജ്ഞാപനം നിർദേശങ്ങളിൽ മാറ്റം വരുത്താൻ അംഗീകാരം നൽകിയ 2019 ഒക്ടോബർ 10-ലെ മന്ത്രിസഭാ തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനം തിരുത്തിയില്ലെങ്കില്‍ കോടതി വ്യവഹാരങ്ങളിലെല്ലാം ഇത് സർക്കാർ നിലപാടായി ചൂണ്ടിക്കാട്ടുകയും അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വിഷയം വിലയിരുത്താൻ 30ന് മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ തീരുമാനം കൈക്കൊള്ളണം. സുപ്രീംകോടതി വിധിക്കെതിരായി റിവിഷൻ ഹർജി സമർപ്പിച്ചാലും മുൻ തീരുമാനം റദ്ദാക്കിയില്ലെങ്കിൽ പ്രതികൂലമായേ ഭവിക്കൂ. ഇത് സംബന്ധിച്ച് വന്ന സുപ്രീംകോടതി വിധിയെ പോലും ഈ നിലപാട് സ്വാധീനിച്ചിരിക്കാം.

2019 ഒക്ടോബറിലെ മന്ത്രിസഭാതീരുമാനം കേന്ദ്രത്തെ അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ജനവാസ മേഖല ഒഴിവാക്കി കിട്ടാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് നൽകിയിരിക്കുന്ന കത്തിനും നിലനിൽപ്പ് ഉണ്ടാവില്ല. കാരണം അവിടെയും മന്ത്രിസഭാ തീരുമാനമാണ് സർക്കാർ നിലപാടായി പരിഗണിക്കുക. ഈ തീരുമാനം റദ്ദാക്കിയില്ലെങ്കിൽ ഇപ്പോൾ സർക്കാർ നടത്തുന്ന നീക്കങ്ങൾ ഒന്നും ഗുണം ചെയ്യില്ല.

ബഫർസോൺ വിഷയത്തിൽ സ്വന്തം സർക്കാരിന്റെ തീരുമാനം തന്നെ ഇത്തരത്തിൽ പ്രതികൂലമായിരിക്കേയാണ് അതിൽ പ്രതിഷേധിക്കാതെ രാഹുൽ ഗാന്ധിയുടെ എം. പി. ഓഫീസ് തല്ലിതകർക്കാൻ എസ്. എഫ്. ഐ. ഒരുങ്ങി പുറപ്പെട്ടതെന്ന വസ്തുത ഇരട്ടത്താപ്പിന്റെ മകുടോദാഹരണമാണ്. ഭരണകക്ഷിയിൽപ്പെട്ടവർ തന്നെ കലാപവും അക്രമവും നടത്തി ക്രമസമാധാനം അപകടത്തിലാക്കി സ്വൈര്യ ജീവിതം അസാധ്യമാക്കിയിരിക്കുകയാണ്. ഈ അന്തരീക്ഷം മുതലാക്കി ജനങ്ങൾക്ക് ഇരുട്ടടി സമ്മാനിക്കുന്ന വൈദ്യുതി നിരക്ക് വർദ്ധന നിഗൂഢമായി ഒളിച്ചു കടത്താനാണ് സർക്കാർ ശ്രമിച്ചതെന്നും ഇത് പുന:പരിശോധിക്കണമെന്നും പുതുശേരി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here