പിടികൂടിയത് സാമ്പത്തിക തട്ടിപ്പ് കേസില്‍; കസ്റ്റഡിയില്‍ നേരിട്ടത് ക്രൂര മര്‍ദ്ദനവും ഒടുവില്‍ മരണവും; നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്‍പത് പൊലീസുകാരെ പ്രതികളാക്കി സിബിഐയുടെ കുറ്റപത്രം; ഒരു ഒരു വനിതാ ഹെഡ് കോണ്‍സ്റ്റബിളും കോണ്‍സ്റ്റബിളും പുതുതായി പ്രതിപ്പട്ടികയില്‍

0
171

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്‍പത് പൊലീസുകാരെ പ്രതികളാക്കി സിബിഐയുടെ കുറ്റപത്രം. എറണാകുളം സിജെഎം കോടതിയിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. എസ്‌ഐ കെ.എ.സാബു ആണു ഒന്നാം പ്രതി. സാമ്പത്തികത്തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ (53) അനധികൃതമായി കസ്റ്റഡില്‍വച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.

പൊലീസ് അന്വേഷിച്ച കേസില്‍ ഏഴ് പൊലീസുകാരായിരുന്നു പ്രതിപ്പട്ടികയിൽ. ഒരു വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെയും കോണ്‍സ്റ്റബിളിനെയും കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇടുക്കി എസ്പിയായിരുന്ന കെ.ബി.വേണുഗോപാല്‍, ഡിവൈഎസ്പിമാരായ പി.കെ.ഷംസ്, അബ്ദുൽ സലാം എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം രാജ്കുമാറിനെയും അദ്ദേഹത്തിന്റെ ജീവനക്കാരിയായ ശാലിനിയെയും അനധികൃതമായി കസ്റ്റഡിയിലെടുത്തു ക്രൂരമായി പീഡിപ്പിച്ചെന്നാണു സിബിഐ കണ്ടെത്തൽ. സമാനതകളില്ലാത്ത പൊലീസ് പീഡനമെന്നാണു സിബിഐ വിശേഷണം. 2019 ജൂണ്‍ 12ന് കസ്റ്റഡിയിലെടുത്തെങ്കിലും ജൂണ്‍ 15നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലിരിക്കേ 21ന് മരിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here