Tuesday, February 7, 2023
- Advertisement -spot_img

സിപിഎമ്മിനെക്കാളും വലിയ പാര്‍ട്ടി; ബാക്കി വയ്ക്കുന്നത് നിരാശ മാത്രവും; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന അഭിമാനത്തെ അണികള്‍ കയ്യൊഴിയുമോ?

തിരുവനന്തപുരം: രണ്ടാം തവണയും അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട കോണ്‍ഗ്രസ് കേരളത്തില്‍ നേരിടുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി. കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വ വിതരണം കൂപ്പ് കുത്തിയിരിക്കുകയാണ്. അംഗത്വ വിതരണം പ്രതിസന്ധിയിലായത് കാരണം സംഘടന തിരഞ്ഞെടുപ്പ് നടപടികള്‍ക്കും തടസം നേരിട്ടിരിക്കുകയാണ്. മാര്‍ച്ച് 25 മുതല്‍ 31 വരെയാണ് കെ പി സി സി മെമ്പര്‍ഷിപ്പ് വാരമായി പ്രഖ്യാപിച്ചത്. സമയം കഴിഞ്ഞിട്ടും അംഗത്വ വിതരണ ക്യാമ്പയിൻ 15 ദിവസം കൂടി യാണ് എഐസിസി നീട്ടി ല്‍കിയത്.കെപിസിസി അവകാശപ്പെടുംപോലെ സാങ്കേതികതയുടെ പ്രശ്നമല്ല സംഘടനാപരമായ പ്രശ്നങ്ങളാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നേരിടുന്നത്.

പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോൺഗ്രസിന്റെ ഡിജിറ്റൽ അംഗത്വ വിതരണത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത് വെറും രണ്ട് ലക്ഷത്തിൽ താഴെ പേരെ മാത്രമാണ്. സിപിഎമ്മിനെക്കാളും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് വിതരണം ഇക്കുറി പരാജയമാറി മാറിയ കാഴ്ചയാണ് കണ്ടത്. പ്രവര്‍ത്തകര്‍ തണുപ്പന്‍ മട്ടിലാണ് അംഗത്വ വിതരണം കണ്ടത്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയെയും സൈഡ് ലൈന്‍ ചെയ്തതാണ് അംഗത്വ വിതരണം പരാജയപ്പെടാന്‍ കാരണം എന്നാണ് ലഭിക്കുന്ന സൂചന.

സുധാകരനും വി.ഡി.സതീശനും ചേര്‍ന്നാണ് നയിക്കുന്നത് എങ്കിലും അണികള്‍ ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും ഒപ്പമാണ്. ഇവര്‍ നേതൃതലത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടതില്‍ അണികളില്‍ കടുത്ത നിരാശയാണ് ഉളവാക്കിയത്. തമ്മില്‍ തല്ലും ആരോപണ പ്രത്യാരോപണങ്ങളും മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഇത് മെമ്പര്‍ഷിപ്പ് വിതരണത്തെയും ബാധിച്ചു. ഇത് മനസിലാക്കിയാണ് എഐസിസി മെമ്പര്‍ഷിപ്പ് വിതരണം നീട്ടി നല്‍കിയത്. വാര്‍ത്താ കോലാഹലം സൃഷ്ടിക്കാറുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഇക്കുറി ഒരു ചലനവും സൃഷ്ടിച്ചില്ല. മറ്റൊരു ഘടകം ദേശീയ തലത്തിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ്. കേരളത്തില്‍ ഭരണത്തില്‍ ഇല്ലെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തമായ അവസ്ഥയായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തും ദേശീയ തലത്തിലും കോണ്‍ഗ്രസ് ദുര്‍ബലമാണ്.

സോണിയ-രാഹുല്‍ ടീമിന്റെ അടുപ്പക്കാരനായിരുന്ന പി.ജെ.കുര്യന്‍ പോലും ജി 23യുടെ ഭാഗമാണ്. ജി 23 കുര്യന്‍ വന്നപ്പോള്‍ ജി 24 ആയി മാറി. എ.കെ.ആന്റണിയുടെ മനസാക്ഷി സൂക്ഷിപ്പ് ആയിരുന്ന കുര്യന്‍ ആണ് ജി-24 ഭാഗമായി മാറിയത്.

ഈ കുര്യന്‍ പോലും ദേശീയ നേതൃത്വത്തിനു എതിരെ ആഞ്ഞടിക്കുന്ന കാഴ്ചയാണ് കോണ്‍ഗ്രസുകാര്‍ കണ്ടത്. മറ്റൊരു നേതാവായ കെ.വി.തോമസ്‌ കോണ്‍ഗ്രസിലാണോ അതോ പുറത്തോ എന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയിലാണ്. കേരള നേതൃത്വം ഒറ്റക്കെട്ടായി എതിര്‍ത്തിട്ട് പോലും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും എന്ന സൂചനയാണ് തോമസിന്റെ ഭാഗത്ത് നിന്നും വന്നത്.

ഉമ്മന്‍ ചാണ്ടി ഒഴിച്ചുള്ള പഴയ എ ഗ്രൂപ്പ് നേതാക്കള്‍ പോലും ദേശീയ നേതൃത്വത്തെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റ് ഇല്ല. തിരഞ്ഞെടുപ്പ് വിലയിരുത്തലോ അവലോകനമോ നടക്കുന്നില്ല. മുതിര്‍ന്ന നേതാക്കളെ ലോകസഭയിലോ, രാജ്യസഭയിലോ കക്ഷി നേതാക്കള്‍ ആക്കുന്നില്ല എന്നൊക്കെയുള്ള കാതലായ വിമര്‍ശനങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

ഭരണം നിലനിന്നിരുന്ന പഞ്ചാബിൽ അടക്കം കനത്ത തോൽവിയാണ് ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് നേരിട്ടത്. ഇത്തരം പ്രശ്നങ്ങള്‍ വന്നപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നത് അഭിമാനമായി കൊണ്ട് നടന്ന കേരളത്തിലെ കോണ്‍ഗ്രസ് അണികള്‍ക്ക് കൂടി മനസ് മടുത്തു. പലരും കെട്ടുമുറുക്കി സിപിഎം പാളയത്തില്‍ എത്തുകയാണ്.

കേരളത്തിലെ സംഘടന ഏക സംഘടന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി.അനില്‍കുമാര്‍ ഇപ്പോള്‍ സിപിഎമ്മിന്റെ കേരള നേതാവാണ്‌. കോണ്‍ഗ്രസിന്റെ അണികളാണ് ഇതോടെ പ്രതിസന്ധിയിലായത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിനോട് വരെ അവര്‍ പുറം തിരിഞ്ഞു നിന്നു. പാരമ്പര്യമായി പാര്‍ട്ടിയില്‍ ഉറച്ച് നിന്നിരുന്ന അണികള്‍ ഇപ്പോള്‍ മനസ് മടുത്ത അവസ്ഥയിലാണ്. ഈ അണികള്‍ മതനിരപേക്ഷമായ സിപിഎമ്മിലേക്ക് പോകുമോ അതോ ബിജെപിയിലേക്ക് പോകുമോ എന്ന് കാത്തിരുന്നു കാണേണ്ട അവസ്ഥയിലാണ്.

 

 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article