കേരള വികസനം ഓടുന്നത് ട്രാക്ക് തെറ്റി; എംഎന്നും, ടിവിയും സൃഷ്ടിച്ച മാതൃക മുന്നിലുണ്ട്; സിപിഐ ഇടത് മുന്നണി വിടണമെന്ന് എ.വി.താമരാക്ഷന്‍

0
351

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുകയും ആത്മാഭിമാനത്തിനു മുറിവേല്‍ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി വിടാന്‍ സിപിഐ തയ്യാറാകണമെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ ആവശ്യപ്പെട്ടു.

വരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഇത് സംബന്ധമായ ഗൗരവതരമായ ചര്‍ച്ചകള്‍ സിപിഐയില്‍ നിന്നും ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കുകയാണ്. കേരളത്തിന്റെ വികസനം ട്രാക്ക് തെറ്റിയോടുമ്പോള്‍ അത് നിയന്ത്രിക്കാനുള്ള നേതൃത്വപരമായ പങ്ക് സിപിഐ വഹിക്കേണ്ടതുണ്ട്. ഇടതുമുന്നണിയില്‍ തുടരുമ്പോള്‍ സിപിഐയ്ക്ക് അതിനു കഴിയാത്ത അവസ്ഥയാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുകയാണ്.

സില്‍വര്‍ ലൈന്‍ പോലുള്ള വിവാദ വിഷയങ്ങളില്‍ സിപിഐയുടെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞാണ് സിപിഎം മുന്നോട്ടു പോകുന്നത്. വലിയേട്ടനായ സിപിഎമ്മിന് കീഴില്‍ പഞ്ചപുച്ഛം അടക്കി തുടരേണ്ട ഗതികേടിലാണ് നിലവില്‍ സിപിഐ എന്നും താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. സിപിഐയെ വരുതിയ്ക്ക് നിര്‍ത്താന്‍ ബ്ലാക്ക്മെയില്‍ രാഷ്ട്രീയമാണോ പിണറായി വിജയന്‍ പയറ്റുന്നതെന്ന സംശയം കൂടിയാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.

ഇടതുമുന്നണിയെക്കാള്‍ സിപിഐയ്ക്ക് അഭികാമ്യം യുഡിഎഫില്‍ തുടരുകയാണ്. കേരളത്തെ രക്ഷിക്കാനുള്ള വഴികൂടിയാണിത്. അതിനുള്ള വഴിയും മാതൃകയും എഴുപതുകളില്‍ ടി.വി.തോമസും എം.എന്‍.ഗോവിന്ദന്‍ നായരും അച്യുതമേനോനും സ്വീകരിച്ച പാത സിപിഐയ്ക്ക് മുന്നിലുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ ആയിരുന്നു അച്യുതമേനോന്‍ സര്‍ക്കാര്‍ എന്നത് വിസ്മരിക്കാന്‍ സാധിക്കുകയുമില്ല. അതിനാല്‍ വരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഇത് സംബന്ധമായ ചര്‍ച്ചകള്‍ക്ക് സിപിഐ തുടക്കം കുറിക്കേണ്ട അവസ്ഥയിലാണ് സിപിഐ എന്നും താമരാക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here