ഡെന്നിസ് ജോസഫ് അന്തരിച്ചു; വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരണം

കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു വൈകുന്നേരത്തോടെയാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങള്‍ക്ക് ഡെന്നീസ് തിരക്കഥ തീര്‍ത്തു. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ഡെന്നീസ് ജോസഫായിരുന്നു. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചു തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. സൂപ്പർ താരങ്ങളുടെ ഉദയംതന്നെ അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവർ സൂപ്പർ താരപദവിയിലേക്ക് ഉയർന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകന്‍ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത്. ഇതെല്ലാംതന്നെ ഹിറ്റുകളുമായിരുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here