ചെന്നൈ: പൊങ്കൽ പ്രമാണിച്ച് തിയേറ്ററുകളിൽ എത്തിയിരുന്ന മെഗാ റിലീസ് ആണ് ചിലമ്പരസൻ നായകനായുള്ള ഈശ്വരൻ. നിധി അഗർവാളിന്റെ തമിഴ് എന്‍ട്രി കൂടിയാണ് ഈ ചിത്രം. ഭാരതിരാജ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സിനിമയുടെ സംവിധാനം സുശീന്ദ്രൻ ആണ്. കോവിഡ് സമയത്ത് ഷൂട്ട് ചെയ്ത് പെട്ടെന്ന് തയ്യാറാക്കിയ ഈശ്വരനെ ഒരു തട്ടിക്കൂട്ട് സിനിമയായി മാത്രമേ അനുഭവിക്കാനാവുന്നുള്ളൂ. നായകൻ ഈശ്വരനാണെങ്കിലും അത് ചിലമ്പരസൻ ആണെങ്കിലും സിനിമ തുടങ്ങുന്നത് പെരിയസ്വാമിയിലൂടെ ആണ്. അഗ്രിക്കൾച്ചറൽ സിനിമകളുടെ മറ്റൊരു ക്ളീഷേ ആയി മാറിക്കഴിഞ്ഞ ഭാരതിരാജ ആണ് പെരിയ സ്വാമി.
കൃഷിക്കാരനായ പെരിയസ്വാമിയുടെ സന്തുഷ്ട കുടുംബത്തിലേക്ക് ഒരു ജ്യോത്സ്യൻ വന്ന് ചില പ്രവചനങ്ങൾ നടത്തുന്നതും ഭാര്യ മരിക്കുന്നതും കാലം കൊണ്ട് കുടുംബം ശിഥിലമാവുന്നതും ഒക്കെയാണ് ആദ്യത്തെ പത്തുമിനിറ്റ്. തുടർന്ന് 25 കൊല്ലം കഴിഞ്ഞു ഒറ്റയ്ക്ക് കഴിയുന്ന പെരിയസ്വാമിയുടെ ജീവിത്തിലേക്ക് ഈശ്വരൻ എന്ന യുവാവ് വരുന്നതാണ് പിന്നീട്. ക്രിക്കറ്റും സിക്സർ അടിയും പോലീസ് സ്റ്റേഷനും ഒക്കെയായി സ്ഥിരം ഇൻട്രോ തന്നെ ഈശ്വരന്റേത്. കുടുംബത്തിലേക്ക് പഴയ ജ്യോത്സ്യൻ കൂടി കടന്നുവരുന്നതോടെ നായകന്റെ ബാധ്യത കൂടുകയാണ്.
കഥാഗതിയിൽ പ്രത്യേകിച്ചൊരു സ്വാധീനവും ഇല്ലാത്ത ടിപ്പിക്കൽ ലൂസുപ്പെണ്ണ് നായികയായ പൂങ്കൊടിയായി നിധി അഗർവാളിനെയും അങ്ങിങ്ങായി കാണാം. തിരുനാവക്കരസ് സിനിമാറ്റൊഗ്രാഫി, ആന്റണി എഡിറ്റിംഗ്, എസ് തമ്മൻ സംഗീതസംവിധാനം എന്നീ പ്രതിഭകള്‍ സിനിമയില്‍ സഹകരിച്ചിട്ടുണ്ട്. നാൻ മഹാൻ ഇല്ലൈ എന്ന കിടുക്കാച്ചി കാർത്തി സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയങ്കരനായ സംവിധായകനാണ് സുശീന്ദ്രൻ . വെണ്ണിലാ കബഡിക്കുഴു, അഴഗർ സാമിയിൻ കുതിരൈ തുടങ്ങിയവ ശ്രദ്ധേയമായ വർക്കുകൾ ആയിരുന്നു. അവയോടൊന്നും ഒരു പൊരുത്തവുമില്ലാത്ത ഒരു പടപ്പ് ആണ് ഈശ്വരൻ.