അഹമ്മദാബാദ് : ഗുജറാത്തിലെ ആറു മുനിസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം. 576 സീറ്റുകളിലേക്കു ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ബിജെപി 341 സീറ്റിലും കോൺഗ്രസ് 38 സീറ്റിലുമാണു ലീഡ് ചെയ്യുന്നത്. സംസ്ഥാനവും അഹമ്മദാബാദ്, വഡോദര കോർപറേഷനുകളും ഭരിക്കുന്ന ബിജെപിക്കു നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. 2015ലെ തിരഞ്ഞെടുപ്പിൽ ബിജെപി 391 സീറ്റിലും കോൺഗ്രസ് 174 സീറ്റിലുമാണു ജയിച്ചത്. അഹമ്മദാബാദും (192 സീറ്റ്) വഡോദരയും (76) കൂടാതെ ഭാവ്‍നഗർ (52), ജാംനഗർ (64), രാജ്കോട്ട് (72), സൂറത്ത് (120) കോർപറേഷനുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
അഹമ്മദാബാദിൽ 101 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്; കോൺഗ്രസ് 15ലും. ഭാവ്‍നഗറിൽ ബിജെപി 31 ഇടത്തും കോൺഗ്രസ് അഞ്ചിടത്തും മുന്നിട്ടുനിൽക്കുന്നു. ജാം നഗറിൽ ബിജെപിക്ക് 43 സീറ്റ്, കോൺഗ്രസിന് 6. രാജ്കോട്ടിൽ 56 സീറ്റോടെ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസിന് സീറ്റൊന്നുമില്ല. സൂറത്തിൽ 62 സീറ്റുകളാണു ബിജെപി നേടിയത്, കോൺഗ്രസിന് 5. വഡോദരയിലും ബിജെപിയാണു മുന്നിൽ– 48 സീറ്റ്. ഇവിടെ കോൺഗ്രസിനു കിട്ടിയത് 7 സീറ്റ്. എഎപിക്ക് എവിടെയും ജയിക്കാനായില്ല. മറ്റുള്ളവർക്ക് 25 സീറ്റുകൾ ലഭിച്ചു.