കോഴിക്കോട്: ചേവായൂര്‍ പീഡനക്കേസില്‍ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായി ലുക്ക് ഔട്ട് നോട്ടീസ്. പ്രതിയെ കാണുന്നവര്‍ മെഡിക്കല്‍ കോളജ് പൊലിസിനെ വിവരമറിയിക്കണമെന്ന അഭ്യര്‍ഥനയുണ്ട്. എന്നാല്‍ പ്രതി സംസ്ഥാനം കടന്നതായാണ് സൂചന. കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ അതേ സ്കൂട്ടറില്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് വിവരം.
2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ നാലുമാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇന്ത്യേഷ് കുമാറിനെ പിടികൂടുന്നത്. കേസില്‍ ഗോപിഷ്, ഷമീര്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇന്ത്യേഷിന്‍റെ കോഴിക്കോട് പന്തീര്‍പാടത്തെ വീട്ടിലും ഇയാള്‍ പോകാനിടയുളള വിവിധ കേന്ദ്രങ്ങളിലും അന്വേഷണ സംഘമെത്തിയിരുന്നു. . 2003ല്‍ കാരന്തൂരില്‍ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച പ്രതിയാണ്.
അതേസമയം ചേവായൂരില്‍ കൂട്ടബലാലസംഗത്തിനിരയായ യുവതി നേരത്തെയും ലൈംഗീക പീഡനം നേരിട്ടിരുന്നുവെന്ന് പൊലീസ്. മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയപ്പോഴായിരുന്നു മുന്പും പീഡിപ്പിക്കപ്പെട്ടത്.
കോഴിക്കോട് ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ മുണ്ടിക്കല്‍ താഴത്ത് നിര്‍ത്തിയിട്ട ബസില്‍ വെച്ചാണ് മാനസിക വെല്ലുവിളി നേരിടുന്ന 21 കാരി പീഡിപ്പിക്കപ്പെട്ടത്. ഇത്തരത്തില്‍ വീട് വിട്ടിറങ്ങിയപ്പോഴാണ് താന്‍ മുന്പും പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാല്‍ ഇവര്‍ക്ക് സ്ഥിരമായി സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സാമൂഹ്യ ക്ഷേമ വകുപ്പിനെ അറിയിച്ചു.