തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ബന്ധപ്പെട്ട മഞ്ചേശ്വരംകോഴക്കേസിൽ സുന്ദരയുടെയും അമ്മയുടെയും അടക്കം അഞ്ചുപേരുടെ രഹസ്യമൊഴിയെടുക്കും. ഈ മാസം 29, 30 തീയതികളിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെയാകും ഇവർ മൊഴിനൽകുക. സുന്ദര ഒരു ലക്ഷം രൂപ ഏൽപ്പിക്കാൻ നൽകിയ വ്യക്തിയും ഇവരിൽ ഉൾപ്പെടുന്നുണ്ട്.
അതേസമയം അന്വേഷണസംഘത്തിന് പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. സുന്ദരയുടെ വീടിന്റെ മേൽക്കൂര നിർമാണത്തിന് ഉൾപ്പെടെ ചെലവായ തുകയുടെ ബിൽ അടക്കമുള്ള രേഖകൾ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചതായാണ് വിവരം. അറുപത്തയ്യായിരത്തോളം രൂപ വീടിന്റെ അറ്റകുറ്റപ്പണിക്കായി ചെലവായി എന്നാണ് സൂചന. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുന്ദര മത്സരിച്ചപ്പോൾ 462 വോട്ടുകൾ പിടിച്ചിരുന്നു. അന്ന് . ബി എസ് പി സ്ഥാനാർത്ഥിയായാണ് കെ സുന്ദര മത്സരിച്ചത് . ഈ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രൻ തോറ്റത് 89 വോട്ടുകൾ മാത്രവും. ഇതോടെയാണ് സുന്ദരയുടെ ഭീഷണി ചെറുക്കാന്‍ പണം നല്‍കി ഒതുക്കിയത്.
ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തിയിരുന്നു. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര പറഞ്ഞിരുന്നു.