യെച്ചൂരി-വൃന്ദാ കാരാട്ട് വിയോജിപ്പുകള്‍ സൂചന; ശൈലജ പ്രശ്നം സിപിഎമ്മില്‍ പുകയുന്നു

തിരുവനന്തപുരം: കെ.കെ.ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കിയ പ്രശ്നം സിപിഎമ്മില്‍ പുകയുന്നു. ശൈലജയ്ക്ക് ഇളവ് നല്കാമായിരുന്നു എന്ന അഭിപ്രായ പ്രകടനം നടത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും വൃന്ദാ കാരാട്ടിന്റെയും അഭിപ്രായം ഈ രീതിയില്‍ സൂചന നല്‍കുന്നു. പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന തീരുമാനത്തോട് കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളെല്ലാം അനുകൂല നിലപാട് എടുത്തപ്പോൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവർ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് സൂചന. കെകെ ശൈലജയെ മാറ്റി നിര്‍ത്തുന്നത് ദേശീയ തലത്തിൽ തന്നെ വലിയ ചര്‍ച്ചയായിരിക്കെയാണ് സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറ നീക്കി പുറത്ത് വരുന്നത്.

സംസ്ഥാന നേതൃത്വം എടുത്ത തീരുമാനത്തിൽ പങ്കില്ലെന്ന വ്യക്തമായ സൂചനയാണ് യെച്ചൂരിയുടെ പ്രതികരണത്തിലുള്ളത്. വൃന്ദാകാരാട്ടും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയെന്നാണ് വിവരം. മുഖ്യമന്ത്രി ഒഴികെ പുതിയ ടീം വരണം എന്ന് തീരുമാനിച്ചു. ആരെയും ഒഴിവാക്കിയതല്ലെന്ന് എസ് രാമചന്ദ്രൻ പിള്ളയും പറഞ്ഞു. തീരുമാനത്തെ കേരളത്തിൽ നിന്നുള്ള പിബി അംഗമായ എംഎ ബേബിയും ന്യായീകരിച്ചിട്ടുണ്ട്.

പുതുമുഖങ്ങള്‍ എന്ന തീരുമാനം നടപ്പിലാക്കിയാലും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാൻ തടസ്സമുണ്ടായിരുന്നില്ല എന്നാണ് സിപിഎമ്മില്‍ നിന്നും പുറത്ത് വരുന്ന സൂചനകള്‍. കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയിൽ പാർട്ടിക്കുള്ളിലെ ചിലർക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നതെന്നും ഈ നേതാക്കൾ കരുതുന്നു. പിബിയും സിസിയും ചേരുമ്പോൾ ഈ വിഷയം ചര്‍ച്ചയായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here