ലോകായുക്ത ഉത്തരവ് സര്‍ക്കാരിനു കൈമാറി; ജലീലിന്റെ ഹര്‍ജി ഹൈക്കോടതിയില്‍

0
119

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാരിനു കൈമാറി. ബന്ധുനിയമന വിവാദത്തിലെ കണ്ടെത്തലുകളും തെളിവുകളുടെ പകര്‍പ്പും കൈമാറി. ബന്ധുനിയമനത്തില്‍ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കെ.ടി.ജലീല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്നായിരുന്നു ലോകായുക്ത വിധി.

മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചു. . ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് എന്നും ജലീലിന്റെ ഹർജിയിൽ പറയുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ ആയി നിയമിച്ചത് ചട്ടവിരുദ്ധവും അധികാരദുർവിനിയോഗവും ആണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ഈ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്താണ് കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ലോകായുക്തയിൽ ലഭിക്കുന്ന പരാതിയിൽ ഉചിതമായ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന വ്യവസ്ഥ ഈ കേസിൽ ലംഘിക്കപ്പെട്ടു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തനിക്കെതിരായ ഉത്തരവെന്നു ജലീലിന്റെ ഹർജിയിൽ പറയുന്നു.

ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ നിയമനങ്ങൾ ലോകായുക്തയുടെ അധികാരപരിധിയ്ക്ക് പുറത്താണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് തനിക്കെതിരായ ലോകായുക്ത ഉത്തരവ്. നിയമനത്തിന് പ്രത്യേക ചട്ടങ്ങൾ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ ചട്ടലംഘനം ഉണ്ടായതായി പറയാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here