ഇഎംസിസി ഡയറക്ടരുടെ വാഹനത്തിനു നേരെ പെട്രോള്‍ ബോംബ്‌ ആക്രമണം; ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് ദിവസം കൊല്ലം കുണ്ടറയില്‍ വെച്ച് ഇഎംസിസി ഡയറക്ടറുടെ വാഹനത്തിനു നേരെ പെട്രോള്‍ ബോംബ്‌ ആക്രമണമുണ്ടായ സംഭവത്തില്‍ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും. അന്വേഷണത്തില്‍ ഷിജു വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരമാണ് വാഹനം കത്തിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് തന്നെയായിരുന്നു സിപിഎം ആരോപണവും. ഗൂഢാലോചനയില്‍ വിവാദ ഇടനിലക്കാരന് പങ്കുണ്ടോയെന്ന് വ്യക്തവരുത്താന്‍ വേണ്ടിയാണ് വിളിച്ചു വരുത്തുന്നത്. അതേ സമയം ഷിജു വര്‍ഗീസിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി തള്ളി.

ഏപ്രിൽ ആറിന് പുലർച്ചെ കുണ്ടറ കുരീപ്പളളിയിൽ വെച്ചാണ് ഇഎംസിസി ഡയറക്ടര്‍ ഷിജു വർഗീസിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയവര്‍ വാഹനത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞെന്നായിരുന്നു ഷിജുവിന്റെ പരാതി. അന്വേഷണത്തെ തുടര്‍ന്ന് തുടര്‍ന്ന് ഇയാളെയും കൂട്ടാളി ശ്രീകാന്തിനെയും ക്വട്ടേഷന്‍ സംഘാംഗമായ വിനുകുമാറിനെയും ‌പിടികൂടി. റിമാന്‍ഡിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം െചയ്തു.

ഇതിന് പിന്നാലെയാണ് ദല്ലാള്‍ നന്ദകുമാറിനോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്. കേരളത്തിന് പുറത്താണുള്ളതെന്നും തിരിച്ചെത്തിയാല്‍ ഉടന്‍ ഹാജരാകാമെന്നും മറുപടി നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു. ഷിജുവിനു കുണ്ടറയിൽ സ്ഥാനാർഥിത്വം നൽകിയ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ നേതാക്കളില്‍ നിന്നും മൊഴിയെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here