തിരുവനന്തപുരം: പുതുമുഖ നടി നല്കിയ ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്ബാബു ഒളിവിലാണ്. നിലവില്‍ ദുബായിലുള്ള വിജയ് ബാബുവിനെതിരെ പോലീസ് വീണ്ടും കേസ് എടുത്തു. യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് വിജയ് ബാബുവിനെതിരെ വീണ്ടും കേസ് എടുത്തത്. ഇതിനു ശേഷം വീണ്ടും ഒരു യുവതി മീ ടൂ ആരോപണവുമായി വിജയ് ബാബുവിനെതിരെ രംഗത്ത് വന്നിരുന്നു.
വിജയ് ബാബുവിനായി ഇപ്പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പോലീസ് ഇറക്കിയിരിക്കുകയാണ്. അന്വേഷണവുമായി സഹകരിക്കണമെന്ന് വിജയ് ബാബുവിനോട് ഇ -മെയിൽ വഴിയും വിദേശത്തും നാട്ടിലുമുള്ള സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യക്ക് നേരിട്ട് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വെക്കേഷന് ശേഷം പരിഗണിക്കാന്‍ മാറ്റുകയും ചെയ്തിരുന്നു. വിജയ് ബാബു അറസ്റ്റില്‍ ആയാലും കേസില്‍ ഊരിപ്പോരാന്‍ വിജയ് ബാബുവിന് കഴിയുമോ? കേസില്‍ നിന്ന് ഊരിപ്പോരാനുള്ള സാധ്യത തന്നെയാണ് വിദേശത്ത് ആയിട്ടും വിജയ് ബാബു ചികയുന്നത്. കേസ് എങ്ങനെ പോകും? എവിടെ വച്ച് അവസാനിക്കും? ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് എന്ന വാദമാകും വിജയ് ബാബു ഉന്നയിക്കാന്‍ സാധ്യത.
ഇതുമായി ബന്ധപ്പെട്ട് നിയമവൃത്തങ്ങള്‍ വിവിധ സാധ്യതകളാണ് വിരല്‍ചൂണ്ടുന്നത്. നടിയും വിജയ് ബാബുവും തമ്മില്‍ സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ എന്തെങ്കിലും കരാര്‍ ഉണ്ടെങ്കില്‍ അത് വിജയ് ബാബുവിന് ദോഷമായി ഭവിക്കും. വിജയ് ബാബുവിന് കീഴില്‍ ആണ് നടി എന്നും ഉടമ്പടി പ്രകാരം നടിയിലുള്ള ഒരധികാര മനോഭാവം വിജയ് ബാബു ചൂഷണം ചെയ്തു എന്നും വാദങ്ങള്‍ കോടതിയില്‍ ഉയരും. ഈ ഘട്ടത്തില്‍ ശാരീരിക ബന്ധം നടന്നാല്‍ അത് ഉഭയസമ്മതപ്രകാരം ആണെന്ന് പറയുമ്പോള്‍ അത് ഇരയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. ആ രീതിയില്‍ ബലാത്സംഗം നിലനില്ക്കും. ഇനി നടിയുമായി ഒരു ഉടമ്പടി ഇല്ലെങ്കില്‍ ബലാത്സംഗം നിലനില്ക്കാന് പ്രയാസമാണ്. സ്വതന്ത്രമായ രണ്ടു വ്യക്തികള്‍ അടുത്തു എന്ന് വാദിക്കാന്‍ കഴിയും. ഇത് വിജയ് ബാബുവിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും-നിയമവൃത്തങ്ങള്‍ വിരല്‍ ചൂണ്ടുന്നു.
പീഡനക്കേസില്‍ പ്രതിയായതോടെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് താന്‍ മാറിനില്‍ക്കും എന്ന വിജയ് ബാബുവിന്റെ കത്തിന്റെ പേരില്‍ അമ്മയില്‍ പൊട്ടിത്തെറിയാണ്. നിരപരാധിത്വം തെളിയിക്കുന്നതുവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയാണ് വിജയ് ബാബു കത്ത് നല്‍കിയത്. ‘ ഇതിനെ തുടര്‍ന്ന് അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് മാലാ പാർവതി രാജിവച്ചിരുന്നു. ലൈംഗിക പീഡന പരാതിയില്‍ നടന് വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണു രാജി നല്‍കിയത്.