തിരുവനന്തപുരം: ചരിത്രം തിരുത്തിക്കുറിച്ച് രണ്ടാമതും ഭരണത്തില്‍ എത്തിയ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. തുടര്‍ച്ചയായി രണ്ടാംവട്ടം അധികാരമേല്‍ക്കുന്ന ആദ്യ സിപിഎം മുഖ്യമന്ത്രിയെന്ന ചരിത്രവും പിണറായിയ്ക്ക് സ്വന്തമായി. മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഗവര്‍ണര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
17 പുതുമുഖങ്ങളും മൂന്ന് വനിതകളും ആദ്യമായി നിയമസഭയിലെത്തിയ എട്ടുപേരും മന്ത്രിമാരായി. കോവിഡ് പ്രതിസന്ധി കാരണം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലും ടിവിയിലും ആവേശപൂര്‍വം ചടങ്ങിനു സാക്ഷികളായി.
കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്ന ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, എ. വിജയരാഘവൻ, ഇ.പി. ജയരാജന്‍ അടക്കമുള്ള വന്‍ നിര പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി.