മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാന്‍ പിണറായി തയ്യാറാകണം; സോളാര്‍ കേസുപോലെ സ്വപ്ന കേസും സിബിഐയ്ക്ക് വിടണമെന്ന് പന്തളം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍.

പിണറായി വിജയന്‍ എന്ന വ്യക്തിയ്ക്ക് നേരെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നേരെയാണ് ആരോപണങ്ങള്‍ വന്നത്. ഇതോടെ മുഖ്യമന്ത്രി സംശയനിഴലിലാണ്. രാഷ്ട്രീയ ആരോപണങ്ങളല്ല, കറന്‍സി കടത്തും ലോഹകടത്തുമാണ് മുഖ്യമന്ത്രിയ്ക്ക് നേരെ ആരോപിക്കപ്പെട്ടത്. സംശയത്തിന്റെ നിഴലില്‍ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി തുടരുന്നത് കേരളത്തിനു അപമാനമാണ്. അതിനാല്‍ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും പന്തളം ആവശ്യപ്പെട്ടു.

സോളാര്‍ കേസിലെ സരിതയുടെ ആരോപണങ്ങള്‍ സിബിഐ വിട്ട അതേ മനോഭാവം സ്വപ്നയുടെ ആരോപണങ്ങളിലും മുഖ്യമന്ത്രി സ്വീകരിക്കണം. ഇല്ലെങ്കില്‍ ആരോപങ്ങള്‍ ഉയരുമ്പോള്‍ മുഖ്യമന്ത്രിയ്ക്ക് ഒരു നീതിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറ്റൊരു നീതിയെന്നുമുള്ള അവസ്ഥ വരും.


നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ട ബിരിയാണി പാത്രങ്ങളില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നുവെന്നും യുഎഇ എംബസി വഴി മുഖ്യമന്ത്രി കറന്‍സി കടത്ത് നടത്തിയെന്നുമാണ് സ്വപ്ന ആരോപിച്ചത്. ഇത് രഹസ്യമൊഴിയായി കോടതിയില്‍ നല്‍കിയിട്ടുമുണ്ട്. ഇതെല്ലാം തന്നെ ഗുരുതര ആരോപണങ്ങളാണ്.

ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെ സോളാര്‍ കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ എത്രയോ മണിക്കൂറുകളാണ് സോളാര്‍ അന്വേഷണ കമ്മിഷന് മുന്നില്‍ ചിലവിട്ടത്. ഈ ധാര്‍മ്മികതയുടെ വഴി മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കണം. ആരോപണങ്ങളുടെ വെളിച്ചത്തില്‍ അന്വേഷണം വന്നു വസ്തുതകള്‍ വെളിവാകുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കണം-പന്തളം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here