തിരുവനന്തപുരം: തൃക്കാക്കരയില്‍ ഉമ തോമസിന്റെത് യുഡിഎഫ് ചരിത്ര വിജയമെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികള്‍ക്കുമുള്ള തിരിച്ചടിയാണ് തൃക്കാക്കര വിധിയെഴുത്ത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കര പ്രചാരണം നടത്തിയത്. വീട് വീടാനന്തരം പ്രചാരണം നടത്തിയിട്ടും കടുത്ത തിരിച്ചടിയാണ് തൃക്കാക്കരയില്‍ വന്നത്. ഇത് സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് എതിരായ ജനവിധിയാണ്.
ബിജെപി-ബിഡിജെഎസ് വോട്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിച്ചത്. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപി നയത്തിന്റെ ഭാഗമായാണ് വോട്ടുകള്‍ ഇടത് പക്ഷത്തേക്ക് ചാഞ്ഞത്.
കേരളത്തെ കുത്തുപാളയെടുപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് എതിരെയുള്ള വികാരമാണ് തൃക്കാക്കരയില്‍ കണ്ടത്. ഉദ്യോഗസ്ഥ വൃന്ദവും ഇടത് സര്‍ക്കാരിനെ കയ്യൊഴിഞ്ഞിരിക്കുകയാണെന്ന് പോസ്റ്റല്‍ ബാലറ്റുകളും വ്യക്തമാക്കുന്നു. ഇടത് പോസ്റ്റല്‍ ബാലറ്റുകള്‍ തൃക്കാക്കരയില്‍ ഇടതുമുന്നണിയ്ക്ക് ലഭിച്ചില്ല. ഇത് പരിശോധിച്ചുകൊണ്ട് സില്‍വര്‍ ലൈന്‍ പോലുള്ള ജനവിരുദ്ധ നയങ്ങളില്‍ ഇടത് സര്‍ക്കാര്‍ പുന:പരിശോധന നടത്തണമെന്ന് താമരാക്ഷന്‍ ആവശ്യപ്പെട്ടു.