Monday, January 30, 2023
- Advertisement -spot_img

രാജ്യം ആഹ്ളാദത്തില്‍; സ്വർണ നേട്ടം മിൽഖാ സിംഗിന് സമർപ്പിച്ച് നീരജ് ചോപ്ര

ടോക്കിയോ: അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേട്ടം സ്പ്രിന്റ് ഇതിഹാസം മിൽഖാ സിംഗിന് സമർപ്പിച്ച് നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ നീരജ് തന്റെ സ്വർണ മെഡൽ നേട്ടം സിൽഖ സിംഗിന് സമർപ്പിക്കുകയായിരുന്നു.’അദ്ദേഹം ഇത് എവിടെ ഇരുന്നായാലും ഈ നേട്ടം കാണുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എവിടെയായാലും ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്’-മെഡല്‍ സ്വീകരിച്ചശേഷം നീരജ് പറഞ്ഞു.’ശരിക്കും ഇത് അവിശ്വസനീയമാണ്. അത്‌ലറ്റിക്‌സില്‍ ഇന്ത്യ ഒരു സ്വര്‍ണം നേടുന്നത് ആദ്യമായാണ് . അതുകൊണ്ട് തന്നെ അതിയായ സന്തോഷമുണ്ട്.

എനിക്കും രാജ്യത്തിനും ഇത് അഭിമാനമുഹൂര്‍ത്തമാണ്. യോഗ്യതാ റൗണ്ടില്‍ നന്നായി എറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഫൈനലില്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍, സ്വര്‍ണം ലഭിക്കുമെന്ന് കരുതിയില്ലെന്നും നീരജ് പറഞ്ഞു.ഇന്ത്യയിലെ എക്കാലത്തെയും മികച്ച പുരുഷ അത്‌ലറ്റായാണ് മില്‍ഖ സിംഗിനെ കണക്കാക്കിയിരുന്നത്. റോം ഒളിമ്പിക്സിൽ പുരുഷന്മാരുടെ 400 മീറ്ററിലെ നാലാം സ്ഥാനമായിരുന്നു മില്‍ഖയുടെ ഏറ്റവും വലിയ നേട്ടം. ആദ്യ ഇരുന്നൂറ് മിനിറ്റ് ലീഡ് ചെയ്തശേഷമാണ് മില്‍ഖ അവസാനം നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പട്ടുപോയത്.

നീരജ് ചോപ്രയിലൂടെ ടോക്കിയോ ഒളിപിംക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം ലഭിച്ചത്. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. ഈ ഇനത്തില്‍ ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെ‌സ്‌ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട ദൂരത്തേക്കാൾ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിൽ നീരജ് പോരാട്ടം ആരംഭിച്ചത്. ആദ്യ ശ്രമത്തിൽ പിന്നിട്ടത് 87.03 മീറ്റർ. ആദ്യ റൗണ്ടിൽ മറ്റുള്ളവർക്കാർക്കും 86 മീറ്റർ കടക്കാനായിരുന്നില്ല. 85.30 മീറ്റർ കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബ്ബറായിരുന്നു രണ്ടാമത്. അടുത്ത ശ്രമത്തിൽ നീരജ് ആദ്യ ത്രോയ്ക്കും മുന്നിൽ കടന്നു. ഇത്തവണ കുറിച്ചത് 87.58 മീറ്റർ ദൂരം. രണ്ടാം ശ്രമത്തിലും മറ്റാർക്കും 86 മീറ്റർ ദൂരം പിന്നിടാനായില്ല. മൂന്നാം ശ്രമത്തിൽ നീരജ് 76.79 മീറ്ററുമായി നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ത്രോയിലെ 87.58 മീറ്റർ ദൂരത്തോടെ നീരജ് സ്വര്‍ണം ഇന്ത്യയുടേത് ആക്കി മാറ്റി.

2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്സിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും നിറംമങ്ങി. ആദ്യ ശ്രമത്തിൽ 82.52 മീറ്റർ ദൂരം പിന്നിട്ട വെറ്റർ, അടുത്ത രണ്ടു ശ്രമങ്ങളിലും അയോഗ്യനായതോടെ ഫൈനൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. യോഗ്യതാ റൗണ്ടിലും അവസാന ശ്രമത്തിലാണു വെറ്റർ യോഗ്യതാ മാർക്ക് കടന്നത്. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ 5 പേരിൽ നീരജും വെറ്ററും മാത്രമായിരുന്നു ഫൈനലിനു യോഗ്യത നേടിയത്.

നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡൽ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തിൽ ഒറ്റ പതിപ്പിൽ നേടുന്ന ഏറ്റവുമുയർന്ന മെഡലെണ്ണമാണിത്. 2012ൽ ലണ്ടനിൽ കൈവരിച്ച ആറു മെഡലുകൾ എന്ന നേട്ടമാണ് ഏഴിലേക്ക് ഉയർത്തിയത്. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ ബജ്‌രംഗ് പൂനിയ വെങ്കലം നേടിയതോടെ ഇന്ത്യ ലണ്ടനിലെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.

ടോക്കിയോയിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവർ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. ബജ്‌രംഗ് പൂനിയയ്ക്കു പുറമെ ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article