Tuesday, June 6, 2023
- Advertisement -spot_img

റിസോര്‍ട്ടിനു മുന്‍പില്‍ അച്ഛന്‍ വീണു മരിച്ചു; മൃതദേഹത്തിനരികെ കുട്ടികൾ കഴിഞ്ഞത് മൂന്നു മണിക്കൂറോളം

പറവൂർ: അര്‍ദ്ധരാത്രി റിസോര്‍ട്ടിനു മുന്നില്‍ വീണു മരിച്ച അച്ഛന്റെ അച്ഛന്റെ മൃതദേഹത്തിനരികെ മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികൾ കഴിഞ്ഞത് മൂന്നു മണിക്കൂറോളം. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിനു മുന്നിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെ ഏക മകൻ ജിതിൻ (29) ആണ് മരിച്ചത്. ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പർലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്നത് പത്ര ഏജന്റായ അണ്ടിപ്പിള്ളിക്കാവ് ചുള്ളിക്കാട്ട് സി.ടി. രാധാകൃഷ്ണനാണ് ആദ്യം കണ്ടത്.

കൈ രണ്ടും നെഞ്ചിൽ ചേർത്തുപിടിച്ച നിലയിലായിരുന്നു ജിതിന്റെ ശരീരം. റിസോർട്ടിൽ ഇവർ താമസിച്ച വീടിന്റെ വാതിൽ തുറന്നുകിടന്നിരുന്നു. കോളിങ് ബെൽ അടിച്ചെങ്കിലും ആരും വരാത്തതിനെ തുടർന്ന് പരിസരത്തെ വീടുകളിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ചിട്ട് മൂന്നു മണിക്കൂറിലേറെ പിന്നിട്ടിരുന്നു. പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കളോടൊപ്പം മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക്‌ ഇറങ്ങിവരുന്നത് സി.സി. ടി.വി. ദൃശ്യങ്ങളിലുണ്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിൻ വീണുമരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ഇവർ ജോലി സംബന്ധമായി ബെംഗളരൂവിലാണ്. ആറു ദിവസം മുൻപാണ് വി.പി. തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ ജിതിനും മക്കളും താമസിക്കാൻ എത്തിയത്. ജിതിന്റെ പിതാവ് ജോർജ് വിദേശത്താണ്. മാതാവ് ലിസിമോൾ ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫീസറാണ്. ഗോവയിൽ ബിസിനസ് ചെയ്തിരുന്ന ജിതിൻ കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് നാട്ടിലെത്തിയത്. കലൂരിൽ സ്വന്തമായി വീടുണ്ട്. എന്നാൽ, കാക്കനാട് വാടകവീട്ടിലാണ് താമസം. അവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് മക്കളോടൊത്ത് റിസോർട്ടിൽ എത്തിയത്. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article