കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ് ടിപി വധക്കേസ് പ്രതികളിലേക്കും. ഈ ബന്ധത്തിന്റെ ഭാഗമായി ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യംചെയ്യും. പരോളിലുള്ള ഷാഫിയുടെ വീട്ടില്‍ വച്ചാണ് കസ്റ്റംസ് നോട്ടിസ് നല്‍കിയത്. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ ടി പി വധക്കേസ് പ്രതികളുടെ സഹായം തേടിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തലശേരി ചൊക്ലിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തിയത്.
ഷാഫിയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ് പിടിച്ചെടുത്തു. ഷാഫിയുടെ മുറിയില്‍ നിന്ന് പൊലീസ് യൂണിഫോമിലെ സ്റ്റാറും. പെന്‍ ഡ്രൈവും പിടിച്ചെടുത്തു. ടിപി കേസ് മറ്റൊരു പ്രതി കൊടി സുനിയുടെ വീട് പൂട്ടിക്കിടന്നതിനാല്‍ കസ്റ്റംസ് സംഘം മടങ്ങി.
സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുത്തു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച പുഴയോരത്തും അര്‍ജുനിന്‍റ വീട്ടിലും തെളിവെടുപ്പ് നടത്തി. ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി. ചൊവ്വാഴ്ച കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ജുനിന്‍റെ ഭാര്യ അമലക്ക് കസ്റ്റംസ് നോട്ടിസ് നല്‍കി.
രാവിലെ എട്ടു മണിയോടെ കണ്ണൂരില്‍ എത്തിച്ച അര്‍ജുന്‍ ആയങ്കിയെ കാര്‍ ഉപേക്ഷിച്ച സ്ഥലത്തും സമീപത്തെ പുഴയുടെ തീരത്തെത്തും കൊണ്ടുപോയി. അവിടെ വച്ചാണ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതെന്നായിരുന്നു അര്‍ജുനിന്‍റെ മൊഴി. കൊച്ചി കസ്റ്റംസ് സൂപ്രണ്ട് വി വിവേകിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
തുടര്‍ന്ന് കപ്പക്കടവിലെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. എടിഎം കാര്‍ഡുകളും ചില വ്യാജ ബില്ലുകളും കണ്ടെടുത്തയാണ് സൂചന. അര്‍ജുന്‍ ആയങ്കിയെ വീടിന് സമീപത്തെത്തിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ മാത്രമാണ് വീട്ടില്‍ പരിശോധിച്ചത്. കല്യാണത്തിനുപയോഗിച്ച സ്വര്‍ണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്ക് കസ്റ്റംസ് നോട്ടിസ് നല്‍കി. ഭാര്യയെ ഇനി ചോദ്യം ചെയ്യും