കൊച്ചി: ഗർഭിണിയായ യുവതിയെയും പിതാവിനെയും മർദിച്ച സംഭവത്തിൽ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസ്. യുവതിയുടെ ഭർത്താവ് ജൗഹർ, ഭർതൃമാതാവ് സുബൈദ, രണ്ട് സഹോദരിമാർ, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ജൗഹർ ഒളിവിലാണ്. കഴിഞ്ഞദിവസമാണ് ഗർഭിണിയായ യുവതിക്കും പിതാവിനും മർദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
അഞ്ച് മാസം ഗർഭിണിയായ യുവതിയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ജൗഹർ മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനും മർദനത്തിൽ പരിക്കേറ്റു. ഇരുവരും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുപിന്നാലെയാണ് ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരേ ഗാർഹിക പീഡനത്തിനും യുവതിയെ മർദിച്ചതിനും പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയും ജൗഹറും വിവാഹിതരായത്. ഇതിനുശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ജൗഹർ നിരന്തരം മർദിച്ചിരുന്നതായാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഗർഭിണിയായിട്ടും മർദനം തുടർന്നു. കഴിഞ്ഞദിവസം യുവതിയെ മതിലിൽ ചാരിനിർത്തി ചവിട്ടിയെന്നും ഇത് തടയാൻ ശ്രമിച്ചതിനാണ് തന്നെ മർദിച്ചതെന്നും യുവതിയുടെ പിതാവ് പറയുന്നു. സംഭവത്തിൽ വനിത കമ്മീഷൻ പോലീസിൽനിന്ന് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. വനിത കമ്മീഷനും പോലീസിൽനിന്ന് റിപ്പോർട്ട് തേടി.