തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയായി. 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും 7 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കോട്ടയം മെഡിക്കൽ കോളേജിലുമാണ് നടന്നത്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ രോഗികൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇടപെട്ട് പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ആശുപത്രികളിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കിയത്.
കോട്ടയത്ത് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവും തിരുവനന്തപുരത്ത് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജനുമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. രണ്ട് മെഡിക്കൽ കോളേജുകളിലെയും ആരോഗ്യ പ്രവർത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു.
ഏഴാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായത്. ഗുരുതര കരൾ രോഗം ബാധിച്ച മാവേലിക്കര സ്വദേശിയായ 57 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ മകൻ മൂന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ 20 വയസുകാരനാണ് കരൾ പകുത്ത് നൽകിയത്. മെഡിക്കൽ കോളേജുകളിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ കരൾ പകുത്ത് നൽകിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
സർക്കാർ ആശുപത്രികളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കണമെന്ന ഇച്ഛാശക്തിയുടെ ഫലമായാണ് ഈ സർക്കാരിന്റ കാലത്ത് ഇത് സാധ്യമാക്കിയത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നിരന്തരം ചർച്ചകളും ഇടപെടലുകളും നടത്തി മികച്ച സൗകര്യങ്ങളൊരുക്കിയാണ് മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്.
2022 ഫെബ്രുവരി 14ന് കോട്ടയം മെഡിക്കൽ കോളേജിലാണ് ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിപ്പിച്ചത്. തുടർന്നാണ് രണ്ട് മെഡിക്കൽ കോളേജുകളിലുമായി ഇത്രയും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. ദാതാവും സ്വീകർത്താവും സുഖം പ്രാപിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ഇവർ ആശുപത്രി വിട്ടിരുന്നു.
സർക്കാർ മേഖലയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണ്. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവർ ധാരാളമുണ്ട്. സ്വകാര്യ മേഖലയിൽ 40 ലക്ഷത്തോളം രൂപ ഇത്തരം ശസ്ത്രക്രിയയ്ക്ക് വേണ്ടി വരും. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാകുന്നത്.
ഇതിനൊരു പരിഹാരം കാണാനാണ് സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. ഇത് കൂടാതെ അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്ന ലക്ഷ്യവുമായി കോഴിക്കോട് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. അവയവങ്ങൾക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതൽ അവയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാക്കുന്ന തരത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.