തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ വിജയകരമായി മുന്നോട്ടു കുതിക്കുകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച ശേഷം വിഴിഞ്ഞത്ത് ഇരുപത്തിനാലാമത്തെ കപ്പൽ എത്തിച്ചേർന്നുവെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
MSC LISBON ഇന്നലെ രാവിലെയോടെ ബർത്ത് ചെയ്തുവെന്നും മുന്ദ്ര പോർട്ടിൽ നിന്നാണ് ഈ വലിയ കപ്പൽ എത്തിച്ചേർന്നതെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. തുറമുഖത്തെ ക്രെയിനുകൾ ഉപയോഗിച്ച് കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ കൈമാറ്റം പൂർത്തിയാക്കി കപ്പൽ അടുത്ത തുറമുഖത്തേക്ക് മടങ്ങും.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;
വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ വിജയകരമായി മുന്നോട്ടു കുതിക്കുകയാണ്. ട്രയൽ റൺ ആരംഭിച്ച ശേഷം വിഴിഞ്ഞത്ത് എത്തിച്ചേർന്ന ഇരുപത്തിനാലാമത്തെ കപ്പലായ MSC LISBON ഇന്ന് രാവിലെയോടെ ബർത്ത് ചെയ്തു. മുന്ദ്ര പോർട്ടിൽ നിന്നാണ് ഈ വലിയ കപ്പൽ എത്തിച്ചേർന്നത്.
337 മീറ്റർ നീളമുള്ള ഈ കപ്പലിന്റെ വീതി 46 മീറ്ററാണ്. ജലോപരിതത്തിൽ നിന്ന് ഈ കപ്പലിന്റെ ആഴം 13.2 മീറ്ററാണ്. 9200 TEUs കണ്ടെയ്നർ വാഹക ശേഷി ഈ കപ്പലിനുണ്ട്.
തുറമുഖത്തെ ക്രെയിനുകൾ ഉപയോഗിച്ച് കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ കൈമാറ്റം പൂർത്തിയാക്കി കപ്പൽ അടുത്ത തുറമുഖത്തേക്ക് മടങ്ങും. ട്രയൽ റൺ സമയത്ത് തന്നെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചരക്ക് കൈമാറ്റം ചെയ്യാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചിട്ടുണ്ട് എന്നതിൽ കേരളത്തിന് അഭിമാനിക്കാവുന്നതാണ്.



