കേരളം: കടവും കെണിയും; വൈറല്‍ ആയി തുമ്മാരുകുടിയുടെ പോസ്റ്റ്‌

മുരളി തുമ്മാരുകുടി എഴുതുന്നു”

കേരളം: കടവും കെണിയും…

 

ശ്യാമളക്കറിയോ, “Economics is a science which studies human behaviour as a relationship between ends and scarce means which have alternative uses.”
ഇതൊക്കെ എനിക്ക് പണ്ടേ അറിയാവുന്ന കാര്യമാണ്.
1981 ൽ കോതമംഗലത്ത് സിവിൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ ചെന്ന വർഷം അവിടുത്തെ എക്കണോമിക്സിന്റെ പ്രൊഫസർ (ഞങ്ങൾ എകണോമിക്കൻ എന്ന് വിളിച്ചിരുന്നു, സാറിന്റെ പേരറിയില്ല, ക്ഷമിക്കുക) അന്നേ ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു.
എന്തിനാണ് എഞ്ചിനീയറിങ്ങ് പഠിക്കാൻ വന്ന ഞങ്ങളെ ഈ എക്കണോമിക്സ് പഠിപ്പിക്കുന്നതെന്നാണ് അന്ന് ഞാൻ ചിന്തിച്ചത്. അതുകൊണ്ട് സാറ് പറഞ്ഞത് കാര്യമായി എടുത്തില്ല.
പക്ഷെ എക്കണോമിക്സിന് എന്നെ വിടാൻ ഭാവം ഉണ്ടായില്ല. ബയോ ടെക്നോളജിയിൽ പി എച്ച് ഡി ഗവേഷണവും നടത്തി ഞാൻ ചെന്ന് കയറിയത് എകണോമിസ്റ്റുകളുടെ മടയിൽ ആണ്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിങ്ക് ടാങ്ക് ആയ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് റിസേർച്ചിൽ. പിൽക്കാലത്ത് പ്ലാനിങ്ങ് കമ്മീഷൻ അംഗമായ കിരിത് പരീഖ് ആണ് ഡയറക്ടർ. രാജീവ് ഗാന്ധി, വി പി സിംഗ്, ചന്ദ്രശേഖർ, വാജ്‌പേയ് എന്നിവർ പ്രധാനമന്ത്രിമാർ ആയിരുന്നപ്പോൾ അവരുടെ എകണോമിക്ക് ഉപദേഷ്ടാവായിരുന്നു അദ്ദേഹം. ഇപ്പോൾ കേരളത്തിലെ പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ ആയ ഡോക്ടർ വി കെ രാമചന്ദ്രൻ അന്ന് സഹപ്രവർത്തകനാണ്. പിൽക്കാലത്ത് റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർ ആയ സുബൈർ ഗോകർന് മറ്റൊരു സഹ പ്രവർത്തകനായിരുന്നു. ഇപ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ മോണിറ്ററി അഡ്വൈസറി കമ്മിറ്റി അംഗവും ഏറെ നാൾ പ്രധാനമന്ത്രി മോദിയുടെ എക്കണോമിക് അഡ്വൈസറി കൗൺസിലിൽ അംഗവുമായിരുന്ന ഡോക്ടർ അഷിമ ഗോയൽ മറ്റൊരു സഹപ്രവർത്തകയായിരുന്നു.
ഇവരൊക്ക വാണിരുന്ന മുംബെയിലെ ഐ ജി ഐ ഡി ആറിൽ (അന്ന് ബോംബെ) ഈ എക്കണോമിക്സ് സിംഹങ്ങളുടെ മടയിൽ പോയി ഞാൻ എക്കണോമിക്സ് പഠിപ്പിച്ചിട്ടുണ്ട് !!
ഇന്ത്യയിൽ ആദ്യമായി വായു മലിനീകരണം മൂലമുണ്ടാകുന്ന സാന്പത്തിക നഷ്ടം എന്താണെന്ന് കണക്ക് കൂട്ടിയത് ഞാനാണ്. എന്താണ് പരിസര മലിനീകരണവും ബോംബയിലെ ഫ്‌ളാറ്റുകളുടെ വിലയും തമ്മിലുള്ള ബന്ധം എന്ന പഠനത്തിനും നേതൃത്വം നൽകിയത് മറ്റൊരാളല്ല. അതാണുറുമീസ്…
“ഇതൊന്നും ബാലേട്ടൻ എന്താണ് എന്നോട് മുൻപ് പറയാതിരുന്നത്?”
വ്യത്യസ്തനായ ബാലനെ ആരും മനസ്സിലാക്കിയില്ല എന്ന് കൂട്ടിയാൽ മതി. പിന്നെ എൻറെ വണ്ടി തള്ളാൻ വേറൊരു തെണ്ടിയുടേയും ആവശ്യമില്ല എന്ന് എന്നെ പഠിപ്പിച്ച കാപ്റ്റൻ രാജുവിനെ മനസ്സിൽ ധ്യാനിച്ച് ഇപ്പോൾ അങ്ങ് പറഞ്ഞുവെന്നേ ഉള്ളൂ.
ഇതൊക്കെ ഇപ്പോൾ പറയാൻ ഒരു കാരണമുണ്ട്.
ഇന്നലത്തെ ബഡ്ജറ്റിനെ പറ്റി പറഞ്ഞപ്പോൾ ദുരന്തക്കാരന് ഈ വീട്ടിൽ എന്താ കാര്യം എന്ന് ചിലർ പറഞ്ഞു. പ്രത്യേകിച്ചും “എന്തൊക്കെ പറഞ്ഞിട്ടെന്താ കാര്യം, കടം കൂടിയില്ലേ” എന്ന ചോദ്യത്തിന് കടം മേടിക്കുന്നവരല്ല കൊടുക്കുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന കമന്റ് കണ്ടിട്ട്.
സംഗതി സത്യമാണ്. സംസ്ഥാനത്തിന്റെ കടം കൂടി.
“സംസ്ഥാനത്ത് ഓരോ വ്യക്തിയുടെയും കടബാധ്യതയിൽ 26,352 രൂപയുടെ വർധന. 2016 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ആളോഹരി കടം 46,078 രൂപയായിരുന്നു. ഇപ്പോഴത് 72,430 രൂപയായെന്നു മന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. പൊതുകടം 1,09,730 കോടിയിൽ നിന്ന് 1,69,155 കോടിയായി ഉയർന്നു” 2020 ഒക്ടോബർ 29 ലെ പ്രസ്താവനയാണ്. ഇപ്പോൾ കടം അതിലും കൂടിയിട്ടുണ്ടാകും.
ഈ കടം കൂടുന്നത് ആദ്യമായിട്ടുള്ള കാര്യമൊന്നുമല്ല. അറിയാൻ വേണ്ടി ഞാൻ”ആളോഹരി കടം – മാണി” എന്ന് ഗൂഗിൾ സേർച്ച് നടത്തി,
‘കേരളത്തിലെ ഓരോ പൗരനും 26,067 രൂപയുടെ കടബാധ്യത. സംസ്ഥാനത്തിന്റെ മൊത്തം കടം 87,063.83 കോടി രൂപയായി ഉയര്‍ന്നുവെന്ന് ധനമന്ത്രി കെ.എം. മാണി നിയസഭയെ രേഖാമൂലം അറിയിച്ചു. 2012 ജൂലൈ 24 ലെ വാർത്തയാണ്.
ഇനിയും വേണമെങ്കിൽ ‘ആളോഹരി കടം ഐസക്ക് 2007’, ‘ആളോഹരി കടം മാണി 1983’ എന്നിങ്ങനെ പിന്നോട്ട് പിന്നോട്ട് നോക്കിയാൽ മതി. എപ്പോഴും കാണും കടവും കടക്കെണിയും.
വ്യക്തിപരമായി ചിന്തിക്കുന്പോൾ ‘കടം’ വളരെ മോശമായ കാര്യമായിട്ടാണ് നമ്മൾ പൊതുവെ കരുതുന്നത്. അതുകൊണ്ട് സർക്കാരിന്റെ കടം കൂടുന്നു എന്ന് കേൾക്കുന്പോഴും അത് കുഴപ്പമുള്ള ഒന്നായി നമുക്ക് തോന്നും. കടം കൂട്ടിക്കൊണ്ടിരിക്കുന്ന മന്ത്രിമാർ മോശക്കാരാണെന്നും.
എന്നാൽ ഇക്കണോമിക്‌സിൽ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല.
നൂറു രൂപ വരുമാനമുള്ളപ്പോൾ നൂറ്റിപ്പത്ത് രൂപ ചിലവാക്കാൻ ധൈര്യം കാണിക്കുന്ന മന്ത്രി നൂറു രൂപ വരുമാനമുള്ളപ്പോൾ തൊണ്ണൂറു രൂപ ചിലവാക്കുന്ന മന്ത്രിയെക്കാൾ മിടുക്കനാണ്.
നൂറു രൂപ വരുമാനം ഉണ്ടാകുന്പോൾ തൊണ്ണൂറു രൂപ ചിലവാക്കി ബാക്കി മറ്റുള്ളവർക്ക് ചിലവാക്കാൻ പലിശക്ക് നൽകുന്നത് വ്യക്തിപരമായി നല്ല ആശയമാകാം, പ്രസ്ഥാനങ്ങൾക്കോ സർക്കാരിനോ ചേർന്ന പരിപാടിയല്ല.
അതുകൊണ്ടാണ് സർക്കാർ സംവിധാനങ്ങളിൽ പണത്തിന് ബുദ്ധിമുട്ടും പരിമിതികളുമുള്ള സാഹചര്യത്തിൽ, കിഫ്‌ബി എന്ന സംവിധാനം ഉണ്ടാക്കി അതിനെ ഇത്രമാത്രം ക്രിയാത്മകമായി ഉപയോഗിക്കാൻ ധൈര്യം കാണിച്ച മന്ത്രി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്.
കാരണം ഇന്ന് നമ്മൾ ചിലവാക്കുന്ന പണമാണ് നാളെ നമ്മുടെ വികസനത്തിന് അടിത്തറയിടുന്നത്. നാളത്തെ സന്പദ്‌വ്യവസ്ഥയാണ് ഇന്നത്തെ കടവും പലിശയും തിരിച്ചു കൊടുക്കാൻ പോകുന്നത്.
അപ്പോൾ നമ്മൾ കടം എടുക്കുന്നുണ്ടോ എന്നുള്ളതല്ല പ്രധാനം, കടമെടുത്താൽ നാളെ അത് തിരിച്ചു കൊടുക്കാൻ പാകത്തിന് നമ്മുടെ സന്പദ് വ്യവസ്ഥയെ വളർത്തുന്നുണ്ടോ എന്നതാണ്.
പതിവ് പോലെ നമ്മൾ സർക്കാരിനെ ഒരു വ്യക്തിയോ സ്വകാര്യ കന്പനിയോ ആയി ചിന്തിച്ചാൽ “നിക്ഷേപിക്കുന്ന” ഓരോ പത്തു രൂപക്കും പന്ത്രണ്ട് രൂപയെങ്കിലും തിരിച്ചു വന്നാലേ ഒരുരൂപ പലിശയുൾപ്പെടെ മുതലും പലിശയും കൊടുത്തു തീർക്കാൻ പറ്റൂ.
അപ്പോൾ സർക്കാർ നേരിട്ട് കടമെടുത്ത് സ്‌കൂൾ ഉണ്ടാക്കിയാൽ, കിഫ്‌ബി വഴി ആശുപത്രി നിർമ്മിച്ചാൽ, അവിടെ വലിയ ഫീസ് മേടിക്കാതെ കുട്ടികളെ പഠിപ്പിക്കുകയോ രോഗിയെ ചികിൽസിക്കുകയോ ചെയ്താൽ പിന്നെ എങ്ങനെയാണ് ഈ കടമൊക്ക കൊടുത്തു തീർക്കുന്നത് എന്ന് തോന്നാം.
പക്ഷെ സർക്കാരിന് അതിൻറെ ആവശ്യമില്ല. മൊത്തം സന്പദ്‌വ്യവസ്ഥ വികസിച്ചാൽ മതി.
ഒരു കന്പനിയാണ് കടം വാങ്ങിയ പണം മുടക്കി റോഡ് നിർമ്മിച്ചതെങ്കിൽ ടോൾ പിരിച്ച് ആ പണവും പലിശയും പിരിച്ചെടുക്കേണ്ടി വരും. അല്ലെങ്കിൽ കന്പനി പൂട്ടും.
സർക്കാരിന് അതിൻറെ ആവശ്യമില്ല. നല്ല റോഡുകൾ ഉണ്ടാകുന്നത് വഴി കേരളത്തിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിച്ചും, കൂടുതൽ ചരക്ക് ഗതാഗതം വഴിയും, റോഡിൽ കൂടുതൽ വാഹനങ്ങളായും, ആളുകൾ കൂടുതൽ പെട്രോൾ അടിച്ചും, നാട്ടിൽ വരുന്ന ടൂറിസ്റ്റുകൾ കൂടുതൽ പണം ഇവിടെ ചിലവാക്കിയും സന്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നു. അത് കൂടിയ ടാക്സ് വരുമാനമായി സർക്കാരിലെത്തും. അങ്ങനെ പത്തു നിക്ഷേപിച്ചാൽ പന്ത്രണ്ടല്ല ഇരുപതായിട്ടാണ് സർക്കാർ സംവിധാനങ്ങളിൽ വികസനത്തിന്റെ ഫലം ഉണ്ടാകുന്നത്.
“റോഡിന്റെ കാര്യം ശരി, ഈ സർക്കാർ സ്‌കൂളിലും ആശുപത്രികളിലും നിക്ഷേപിച്ചിട്ട് വല്ല കാര്യവുമുണ്ടോ? അതെങ്ങനെയാണ് സന്പദ് വ്യവസ്ഥക്ക് ഗുണമുണ്ടാക്കുന്നത് ?”
ന്യായമായ ചോദ്യമാണ്.
സുസ്ഥിരമായ വികസനത്തിന്റെ അടിസ്ഥാനം ആരോഗ്യമുള്ള ഒരു ജനതയാണ്. പൊതുജനാരോഗ്യത്തിലെ നിക്ഷേപം ലോകത്തെവിടെയും ഒന്നിന് പത്തായിട്ടാണ് സമൂഹത്തിന് മടക്കിക്കിട്ടിയിട്ടുള്ളത്. കൊറോണക്കാലത്തെ ലോകം സൂക്ഷിച്ചു നോക്കിയിട്ടുള്ളവർക്ക് ആ കാര്യം മനസ്സിലാകും.
ഒരു സമൂഹത്തിലെ പുതിയ തലമുറക്ക് വിദ്യാഭ്യാസം നൽകുന്പോഴാണ് അവർ ഹ്യൂമൻ റിസോർസ് ആകുന്നത്. കൂടുതൽ വിദ്യാഭ്യസമുള്ള യുവാക്കൾ കൂടുതൽ സന്പന്നമായ സന്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കും എന്നതും ലോകത്തെവിടെയും കാണുന്ന കാഴ്ചയാണ്. ലോകത്തെവിടെയും മലയാളികൾക്ക് ജോലിചെയ്യാൻ സാധിക്കുന്നത് അവർ മലയാളികൾ ആയതുകൊണ്ടല്ല, അവർക്ക് വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായതുകൊണ്ടാണ്. കൂടുതൽ വിദ്യാഭ്യാസ യോഗ്യത ഉളളവർക്ക് നാട്ടിലും മറുനാട്ടിലും കൂടുതൽ വേതനമുള്ള ജോലികൾ ലഭിക്കും. കൂടുതൽ വരുമാനമുള്ള മലയാളികൾ വിദേശത്താണെങ്കിൽ പോലും, നാട്ടിൽ പണം ചിലവാക്കും. ആ പണത്തിന്റെ ഒരു പങ്ക് നികുതിയായി സർക്കാരിന് ലഭിക്കും.
ഞാൻ ഉൾപ്പടെയുള്ള ലക്ഷങ്ങൾക്ക് അത്തരം വിദ്യാഭ്യാസം ലഭിച്ചത് അത് സൗജന്യമായി കേരളത്തിൽ ലഭ്യമായത് കൊണ്ടാണ്. 1969 ൽ ഒരു മാസം ഒരു രൂപ ഫീസ് എങ്കിലും ചോദിച്ചിരുന്നുവെങ്കിൽ ഞാൻ സ്‌കൂളിൽ പോകുമായിരുന്നില്ല. ഇന്ന് വെങ്ങോലയിൽ റബർ ടാപ്പ് ചെയ്ത് ഞാൻ ജീവിതം കഴിച്ചേനെ. ഇത് എന്റെ മാത്രം കഥയല്ല. എൻറെ പ്രായത്തിൽ ലോകത്ത് അനവധി പ്രദേശങ്ങളിൽ ജനിച്ചവർ വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ അവരുടെ കഴിവുകളുടെ പരമാവധിയിൽ എത്താനും അതനുസരിച്ച് ജോലി ചെയ്ത് കുടുംബത്തിനും സമൂഹത്തിനും വേണ്ട തരത്തിൽ സംഭാവന ചെയ്യാനും സാധിക്കാതെ ജീവിക്കുന്നുണ്ട്. (പലയിടത്തും വേണ്ടത്ര പൊതുജനാരോഗ്യ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആയുർ ദൈർഘ്യം അൻപത് പോലും എത്തുന്നില്ല, അപ്പോൾ എൻറെ പ്രായമുളളവർ ജീവിക്കുന്നുകൂടി ഉണ്ടാകില്ല).
അന്നത്തെ സർക്കാർ, സർക്കാരിന്റെ കയ്യിൽ മുഴുവൻ പണം ഉണ്ടായിട്ട് സ്‌കൂളുകൾ തുടങ്ങാം എന്ന് ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് നാം കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല. ‘നമ്മുടെ കുട്ടികളെ പഠിപ്പിച്ചു വിട്ടാൽ അവർ നാടിനെ വളർത്തിക്കൊള്ളും, നാട് വളരുന്പോൾ മുതലും പലിശയും കൂട്ടി നമുക്ക് കൊടുക്കാം’ എന്ന് വിശ്വസിച്ച, നമ്മുടെ പുതിയ തലമുറയിൽ വിശ്വാസം അർപ്പിച്ച നേതാക്കൾ ഉണ്ടായത് കൊണ്ടാണ് പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും കേരളത്തിൽ ഇങ്ങനെ വളർന്നത്. അങ്ങനെ വളർന്നതുകൊണ്ടാണ് കേരളം ഇങ്ങനെയായത്.
ഇത്തരത്തിലുള്ള ധൈര്യമാണ് നാം ഇപ്പോൾ കാണുന്നത്. സർക്കാർ പണം കടമെടുത്ത് റോഡുകളും പാലങ്ങളും നിർമ്മിച്ച് അതിൽ നിന്നും ടോൾ പിരിച്ച് പണം തിരിച്ചടക്കാം എന്ന തരത്തിൽ ഒരു പദ്ധതി മാത്രമായി സർക്കാരോ കിഫ്ബിയോ വന്നിരുന്നെങ്കിൽ ഞാൻ തീർച്ചയായും അതിനെ വലിയ സംഭവമായി കാണുമായിരുന്നില്ല. കാരണം അതൊക്കെ ഏതൊരു സ്വകാര്യ സ്ഥാപനത്തിനും ചെയ്യാവുന്നതേ ഉള്ളൂ, സർക്കാരിനേക്കാൾ കൂടുതൽ കാര്യക്ഷമമായി അവർ അത് ചെയ്യുകയും ചെയ്യും.
പക്ഷെ നമ്മുടെ അടുത്ത തലമുറയെ വിശ്വസിച്ച് അവരുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മുതൽ മുടക്കി അത് കൂടുതൽ ശോഭനമായ ഭാവിയും ശക്തമായ സന്പദ്‌വ്യവസ്ഥയും ഉണ്ടാക്കുമെന്നും അന്ന് ഇന്നത്തെ കടങ്ങൾ അവർ മുതലും പലിശയും ഉൾപ്പെടെ തിരിച്ചടച്ചു കൊള്ളുമെന്നും പറയുന്പോൾ അതൊരു ‘വിഷൻ’ ആണ്. അത്തരം ദീർഘവീക്ഷണമാണ് നാം നല്ല നേതൃത്വത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. അതിൽ ഒരു റിസ്ക് ഉണ്ട്. സമൂഹത്തിന് വേണ്ടി അത്തരം റിസ്ക് എടുക്കാനാണ് നമ്മൾ നേതാക്കളെ തിരഞ്ഞെടുക്കുന്നത്. വരവനുസരിച്ച് ചിലവ് നടത്തിക്കൊണ്ടുപോകാനാണെങ്കിൽ ഉദ്യോഗസ്ഥരും മാനേജർമാരും ചാട്ടേർഡ് അക്കൗണ്ടന്റൻസും മതി.
അതായത് ഉത്തമാ, ഈ കടം എടുക്കുന്നതൊന്നുമല്ല നമ്മുടെ പ്രധാന കെണി. നമ്മുടെ പുതിയ തലമുറക്ക് വേണ്ടത്ര വിദ്യാഭ്യാസവും സമൂഹത്തിന് പൊതുജനാരോഗ്യവും ലഭ്യമാക്കാത്തതാണ്. കടമെടുത്ത തുക എങ്ങനെ ചിലവാക്കുന്നു എന്നതാണ് കൂടുതൽ പ്രധാനം. സർക്കാരിൽ പണച്ചിലവ് കുറക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട്. കടമെടുക്കുന്നതും കരം കിട്ടുന്നതുമായ പണം തന്നെ കൂടുതൽ കാര്യക്ഷമമായി ചിലവാക്കാനും മാർഗ്ഗങ്ങളുണ്ട്. ആ കാര്യത്തിലാണ് സർക്കാരും സർക്കാരിനെ നോക്കിയിരിക്കുന്നവരും കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ഇനി വിദഗ്ദ്ധരോടാണ്. ഈ ജി ഡി പി, മോണിറ്ററി പോളിസി, കെനീഷ്യൻ എക്കണോമിക്സ്, മോഡേൺ മോണിറ്ററി തിയറി, റിസർവ്വ് ബാങ്ക്, ഫെഡറൽ റിസർവ്വ്, ക്വാണ്ടിറ്റേറ്റിവ് ഈസിങ്, സോവറിൻ ഡിഫോൾട്ട് എന്നിങ്ങനെ അതിസങ്കീർണ്ണമായ പാതകളിലൂടെ സ്ഥിരം സഞ്ചരിക്കുന്ന ആളാണ് ഈ രണ്ടാമൻ. അതുകൊണ്ട് അതൊന്നുമെടുത്ത് ഇനി ആരും കണിമംഗലത്തേക്ക് വരണമെന്നില്ല. സർക്കാർ കടങ്ങളെപ്പറ്റിയുള്ള ഏറ്റവും പുതിയ ചിന്തകൾ അറിയണമെന്നുള്ളവർ രണ്ടായിരത്തി ഇരുപത് സെപ്റ്റംബർ പത്താം തിയ്യതിയിലെ ഇക്കൊണോമിസ്റ്റ് (Governments can borrow more than was once believed) ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. രണ്ടാമന്റെ സ്റ്റഡി ക്ലാസിൽ സ്ഥിരമായി വരുന്നതും ഫലം ചെയ്യും.
മുരളി തുമ്മാരുകുടി

https://www.facebook.com/thummarukudy/posts/10223150952737514

LEAVE A REPLY

Please enter your comment!
Please enter your name here