Home Arts അസിസ്റ്റീവ് ടെക്‌നോളജി കൂടുതൽ പ്രാപ്യമാക്കണം: ഡോ. ആർ ബിന്ദു

അസിസ്റ്റീവ് ടെക്‌നോളജി കൂടുതൽ പ്രാപ്യമാക്കണം: ഡോ. ആർ ബിന്ദു

തിരുവനന്തപുരം:ഭിന്നശേഷിക്കാർക്ക്‌ സമൂഹത്തിൽ കൂടുതൽ ഉൾച്ചേരാനും, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും  ആത്മവിശ്വാസം വർധിപ്പിക്കാനും അസിസ്റ്റീവ് ടെക്‌നോളജിയുടെ പ്രാപ്യത അനിവാര്യമാണെന്ന് മന്ത്രി ഡോക്ടർ ആർ ബിന്ദു അഭിപ്രായപ്പെട്ടു.

അസിസ്റ്റീവ് ടെക്‌നോളജി മേഖലയിലെ വാർഷിക കോൺഫറൻസായ എംപവർ 24 തിരുവനന്തപുരം നിഷ്-ൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഇത്തരം ഉപകരണങ്ങൾ ലഭ്യമാക്കാൻ  ഗവേഷണങ്ങളും, പദ്ധതികളും കൊണ്ടുവരാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻനിരയിലേക്കു എത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിഷിന്റെ ഓൺലൈൻ മാഗസിനായ ഐറിസിന്റെ  ആദ്യപതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യനീതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ,  ഐ.ഐ.ടി ഡൽഹി പ്രൊഫ. എം. ബാലകൃഷ്ണൻ, നിഷ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുജ കുന്നത്ത്, വിദ്യാർത്ഥികൾ, വ്യവസായ വിദഗ്ധർ, സംരംഭകർ, എൻ ജി ഒ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രദർശനങ്ങൾ, ശിൽപ്പശാലകൾ, ചർച്ചകൾ എന്നിവ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. കേരളത്തിൽ ആദ്യമായാണ് എംപവർ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി – ബാംഗ്ലൂർ, ഐ.ഐ.ടി ഡൽഹി, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് നിഷ് എംപവർ 2024 സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അസിസ്റ്റീവ് ടെക്‌നോളജിയെക്കുറിച്ച് പഠിക്കാനും ഈ മേഖലയിലെ തൊഴിലവസരങ്ങൾ കണ്ടെത്താനും എംപവർ മികച്ച അവസരമാണ്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന എംപവർ 24 ശനിയാഴ്ച സമാപിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here