*64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനവും തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യത്തില്‍ നിന്നും മാറി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച് ജനകീയമായി പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം നടപ്പിലാക്കി. ഒരു സര്‍ക്കാര്‍ പരിപാടിക്കപ്പുറം നാടാകെ അണിനിരന്നപ്പോളത് ചരിത്രമായി’. ഇന്ന് രാജ്യത്താകെ അഭിമാനിക്കാന്‍ കഴിയും വിധം നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല തലയുയര്‍ത്തി നില്‍ക്കുന്നു. കെട്ടിട നിര്‍മ്മാണം പശ്ചാത്തല സൗകര്യ വികസനം മാത്രമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേവലമായ പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല നടക്കേണ്ടത്. അക്കാദമിക മികവ് വര്‍ധിക്കുകയും അതിന്റെ ഗുണം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ആകെ ഉണ്ടാവുകയും വേണം. അതുകൊണ്ടാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്. നേടിയ നേട്ടങ്ങള്‍ കൂടുതല്‍ ഉയരത്തില്‍ കൊണ്ടുപോവുക എന്നതാണ് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം സാധ്യമായത് വിദ്യാര്‍ഥികളുടെ അക്കാദമിക മികവിലൂടെയാണെന്നതിനാല്‍ അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ല. ആധുനിക കാലത്തിന് ചേര്‍ന്ന രീതിയിലുള്ള വിദ്യാഭ്യാസ പ്രക്രിയകള്‍ നടപ്പിലാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നു. സ്മാര്‍ട്ട് ക്ലാസുകള്‍ അടക്കം സജ്ജീകരിച്ച് ഡിജിറ്റല്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് കേരളം ഇവിടെ ചെയ്യുന്നത്. പത്തു ലക്ഷത്തോളം കുട്ടികളാണ് കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് കേരളത്തിലെ പൊതു വിദ്യാലയങ്ങളിലേക്ക് പുതുതായി എത്തിച്ചേര്‍ന്നത്. ആയിരത്തോളം സ്‌കൂളുകള്‍ ഹൈടെക് ആയി മാറി. ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് കഴിഞ്ഞവര്‍ഷം യൂനിസെഫ് നടത്തിയ പഠനത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആകെ ഉണ്ടായ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായാണ് ഈ നേട്ടം നമ്മെ തേടിയെത്തിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്താകെ ആയിരത്തോളം സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. പ്രൈമറിതലത്തില്‍ അടിസ്ഥാന ശേഷി വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കിവരുന്നു. ഹയര്‍സെക്കന്‍ഡറി തലം വരെ ഇത് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിച്ച പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പൊതു സമൂഹത്തിന്റെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഏഴര കൊല്ലം കൊണ്ട് അയ്യായിരം കോടി രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. ഒരു പക്ഷേ രാജ്യത്തു തന്നെ ഇത് റെക്കോഡായിരിക്കുമെന്നും മന്ത്രി പറഞ്ഞു. എ എ റഹീം എം പി, എം എല്‍ മാരായ വി ജോയ്, വി ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ, സമഗ്രശിക്ഷ എസ്.പി.ഡി. ഡോ. സുപ്രിയ എ.ആര്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍, ബി. അബുരാജ്, സീമാറ്റ് ഡയറക്ടര്‍ ഡോ. സുനില്‍ വി.റ്റി എന്നിവര്‍ സംബന്ധിച്ചു.
2017 മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായും അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ നവകേരളം കര്‍മ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായും കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തി സ്‌കൂളുകളുടെ ഭൗതികസൗകര്യ വികസനം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച 68 സ്‌കൂള്‍ കെട്ടിടങ്ങളില്‍ കിഫ്ബിയുടെ 5 കോടി ധനസഹായത്തോടെയുള്ള 2 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി കിഫ്ബി ധനസഹായത്തോടെ 3 സ്‌കൂള്‍ കെട്ടിടങ്ങളും 1 കോടി കിഫ്ബി ധനസഹായത്തോടെ 26 സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 37 സ്‌കൂള്‍ കെട്ടിടങ്ങളും ഉള്‍പ്പെടും. വിവിധ നിയോജക മണ്ഡലങ്ങളില്‍ നടന്ന പരിപാടികളില്‍ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.