റിയാദ് : രാജ്യാന്തര വിമാന സർവീസ് മാർച്ച് 31നു പുനരാരംഭിക്കുമെന്നു സൗദി അറേബ്യ. കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഹജ്, ഉംറ തീർഥാടകർക്കും ഇതോടെ സൗദിയിൽ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും തുറക്കും.
നിലവിൽ ഇന്ത്യയിൽനിന്നു നേരിട്ടു സാധാരണ വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് അത്യാവശ്യക്കാർ സൗദിയിൽ എത്തുന്നത്. സൗദിയിൽനിന്ന് ഇന്ത്യയിലേക്കു വന്ദേഭാരത് മിഷൻ, ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും തിരികെ ആളെ അയയ്ക്കാൻ അനുമതിയില്ല.
എയർ ബബിൾ കരാർ വന്നാൽ മാത്രമേ മാർച്ചിനു മുൻപ് ഇന്ത്യക്കാരെ നേരിട്ടു സൗദിയിലെത്തിക്കാനാകൂ. കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞ മാർച്ച് 16ന് ആണു സൗദി രാജ്യാന്തര അതിർത്തി അടച്ചത്.