തിരുവനന്തപുരം: പേവിഷബാധ പോലുള്ള വാക്സിനേഷൻ നടപടികൾ ശക്തമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. വര്‍ഷാവര്‍ഷം ജനുവരി 15 മുതൽ 31 വരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആചരിച്ചു വരുന്ന ജന്തുക്ഷേമ ദ്വൈവാരത്തിന്റെ സമാപന സമ്മേളനം മഹാത്മാ അയ്യങ്കാളി ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജന്തുക്ഷമ ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ചർച്ചകൾ,സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. യു. പി മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ കുട്ടികൾക്കായി ഉപന്യാസ രചന, ക്വിസ്, ചിത്ര രചന, പെൻസിൽ ഡ്രോയിങ് തുടങ്ങിയ മൽസരങ്ങളിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ മന്ത്രി കൈമാറി .
ദ്വൈവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന സംസ്ഥാന സെമിനാറിൽ കർണാടക മിഷൻ റേബീസ് ഓപ്പറേഷൻ മാനേജർ ഡോ. ബാലാജി ചന്ദ്രശേഖർ പങ്കെടുത്തു. പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. നൂറിൽ തൊണ്ണൂറ്റിയഞ്ച് നായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക മാത്രമാണ് പേവിഷബാധ പ്രതിരോധത്തിനുള്ള ഏക പോംവഴിയെന്ന് ഡോ. ബാലാജി ചന്ദ്രശേഖർ പറഞ്ഞു.
പരിപാടിയോടനുബന്ധിച്ചു “ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരിശീലന” കൈപ്പുസ്തക പ്രകാശനവും, ഫാക്കൽറ്റികളെ ആദരിക്കലും മന്ത്രി നിർവ്വഹിച്ചു. ഡോ.എം മഹേഷ്, ഡോ.ഗിരിദാസ് പി.ബി, ഡോ.നന്ദകുമാർ എന്നിവര്‍ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചു.കൌൺസിലർ പാളയം രാജൻ അധ്യക്ഷത വഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ, കേന്ദ്ര മൃഗക്ഷേമ ബോർഡ് അംഗം ഡോ. പി. ബി. ഗിരിദാസ്, സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം മരിയ ജേക്കബ്, അഡീഷണൽ ഡയറക്ടർമാരായ ഡോ. വിനുജി ഡി.കെ, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രാർ ഡോ.നാഗരാജ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.ബീനാ ബീവി ടി. എം, പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. റെനി ജോസഫ് സംസാരിച്ചു.