കോട്ടയം: ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയതോടെ വൈക്കവും ടൂറിസം രംഗത്ത് ശ്രദ്ധാപൂര്‍വമായ കാല്‍വെപ്പാണ് നടത്തുന്നത്. മഹാത്മാഗാന്ധിയുള്‍പ്പെടെയുള്ള മഹാരഥന്മാരുടെ പാദസ്പര്‍ശമേറ്റ സ്ഥലമാണ് വൈക്കം. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം) നടപ്പാക്കിയത് വഴിയാണ് വൈക്കം ശ്രദ്ധയാകര്‍ഷിച്ചത്. വൈക്കം നിയോജകമണ്ഡലത്തിലെ ചെമ്പ്, വെള്ളൂര്‍, മറവന്‍തുരുത്ത്, ടി.വി.പുരം, തലയാഴം, കല്ലറ, വെച്ചൂര്‍, ഉദയനാപുരം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലുമാണ് പെപ്പര്‍ പദ്ധതി നടപ്പിലാക്കിയത്.
പെപ്പര്‍ ടൂറിസം പദ്ധതി
തദ്ദേശീയരായ ജനങ്ങള്‍ക്ക് ടൂറിസം വികസന പ്രക്രിയയില്‍ പ്രദേശികപങ്കാളിത്തം ഉറപ്പാക്കാനായി ഉത്തരവാദിത്വ ടൂറിസം മിഷന്‍ ആരംഭിച്ച പദ്ധതിയാണ് പെപ്പര്‍ ടൂറിസം(പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം) 2017-നവംബര്‍ മൂന്നിന് വൈക്കത്താണ് ഇത് ഉദ്ഘാടനം ചെയ്തത്. പദ്ധതി ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണ്. ഉത്തരവാദിത്വ ടൂറിസം അന്താരാഷ്ട്ര സ്ഥാപകന്‍ ഡോ. ഹരോള്‍ഡ് ഗുഡ്വിന്‍ പെപ്പര്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ വൈക്കം സന്ദര്‍ശിക്കുകയും ജനപങ്കാളിത്ത ടൂറിസം വികസനത്തിലെ ലോക മാതൃകയാണിതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പദ്ധതിയുടെ നേട്ടങ്ങള്‍
976 പേര്‍ക്ക് പരിശീലനം പൂര്‍ത്തിയായി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ടൂറിസം റിസോഴ്സ് മാപ്പിങ് പൂര്‍ത്തിയായി. വൈക്കത്തേക്കുറിച്ചുള്ള ഇംഗ്ലീഷ് റിസോഴ്സ് ഡയറക്ടറി കേരള ടൂറിസം വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
വൈക്കത്തിന്റെ സമഗ്രവിവരങ്ങള്‍ അടങ്ങിയ ഇ-ബുക്കില്‍ ഒരേ സമയം ചിത്രങ്ങളും വീഡിയോയും കാണാം.സ്വദേശത്തും വിദേശത്തുംനിന്നുമായി 168 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വൈക്കം സന്ദര്‍ശിക്കുകയും അവരുടെ ടൂര്‍ പാക്കേജുകളില്‍ വൈക്കത്തെ ഉള്‍പ്പെടുത്തുകയും ചെയ്തു. പെപ്പര്‍ പദ്ധതിയിലൂടെ വലിയ ജനകീയ മുന്നേറ്റമാണ് വൈക്കത്ത് നടന്നത്. ഇത് വിലയിരുത്തിയാണ് വൈക്കത്തെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു.
പാക്കേജ് ഇങ്ങനെ:
വിനോദസഞ്ചാരികള്‍ക്ക് പാക്കേജ് രൂപത്തിലാണ് വിവിധ സ്ഥലങ്ങള്‍ കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്. ഓരോ മേഖലയിലും ഒരു ദിവസം നീളുന്നതാണ് പാക്കേജ്. സഞ്ചാരികള്‍ ആവശ്യപ്പെട്ടാല്‍ വാഹനവും വള്ളവും ക്രമീകരിക്കും. ഇതിനായി കുമരകം കവാണാറ്റിന്‍കരയിലെ ഉത്തരവാദിത്വ ടൂറിസം മിഷന്‍ ഓഫീസിനെ സമീപിച്ചാല്‍ മതി. വൈക്കം നഗരസഭ, വൈക്കം മഹാദേവക്ഷേത്രം, വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ സ്മാരകകേന്ദ്രം, വൈക്കം ബോട്ടുജെട്ടി, ഖാദി കൈത്തറി സൊസൈറ്റി, കള്ളുചെത്തല്‍ എന്നിവ കാണാം. ചെറിയ കനാലിലൂടെയുള്ള ബോട്ടുയാത്ര, ഉച്ചയ്ക്ക് നാടന്‍ ഭക്ഷണം.
തലയോലപ്പറമ്പ്
മൂവാറ്റുപുഴയാറിലെ വടയാര്‍ മേഖലയിലൂടെ ബോട്ടിങ്. കയര്‍ നിര്‍മാണം, ഓലമെടയല്‍, പുണ്ഡരീകാപുരം ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍, നാലുകെട്ട്, ഫാം എന്നിവ കാണാം. നാടന്‍ ഊണും ഉണ്ടാകും.
മറവന്‍തുരുത്ത്
വടയാര്‍ ആറ്റുവേലക്കടവിലൂടെ ബോട്ടിങ്. കയര്‍ നിര്‍മാണം, ഓലമെടയല്‍, പപ്പട നിര്‍മാണം, ജാതിത്തോട്ടം എന്നിവ കാണാം. നാടന്‍ ഭക്ഷണം ആസ്വദിക്കാം.
കല്ലറ
ഏഴുമാന്തുരുത്തിലെ പാടശേഖരങ്ങളിലൂടെയുള്ള ബോട്ടിങ്. തഴപ്പായ നിര്‍മാണം, കള്ളുചെത്തല്‍, താറാവ് ഫാം, മാംഗോ മെഡോസ് പാര്‍ക്ക് തുടങ്ങിയവ കാണാം.
വെച്ചൂര്‍
ഡയറി ഫാം, വെച്ചൂര്‍ പശുഫാം, കയര്‍ നിര്‍മാണം, പരമ്പരാഗത മീന്‍പിടിത്ത രീതികള്‍ കാണാം. ശിക്കാരവള്ളത്തിലുള്ള യാത്ര, നാടന്‍ ഭക്ഷണം.
തലയാഴം
സാംസ്‌കാരിക പാക്കേജ്. കളമെഴുത്തും പാട്ടും തിരുവാതിര കളിയും സര്‍പ്പക്കാവും കാണാം.
ഓട്ടോ പാക്കേജ്
വൈക്കം ബോട്ടുജെട്ടിയില്‍ നിന്ന് ഓട്ടോയില്‍ യാത്ര ആരംഭിച്ച് മുറിഞ്ഞപുഴയില്‍ എത്തിയശേഷം കനോപ്പി യാത്ര. കയര്‍ നിര്‍മാണം.