ആയുർവേദ നിലനിൽപ്പിന് ആധാരം ഇത്തരം യുഗപുരുഷന്മാര്‍; ഡോ.പി.കെ.വാര്യരെക്കുറിച്ച് ഡോ.ആലത്തിയൂര്‍ നമ്പി

പി കെ വാര്യർ സാറിനെക്കുറിച്ച് ആലോചിക്കുമ്പോൾ കുട്ടിക്കാലത്തെ ഓർമ്മകളാണ് മനസ്സിൽ വരുന്നത്.

കോട്ടയ്ക്കൽ ആര്യവൈദ്യശാല വളരെ കുട്ടിക്കാലത്തുതന്നെ എനിക്ക് പരിചിതമാണ്, കാരണം അന്ന് അച്ഛന് അവിടെയായിരുന്നു ജോലി.
എല്ലാ വർഷവും കോട്ടയ്ക്കൽ ഉത്സവകാലത്ത് ഞങ്ങൾ കുട്ടികളും അമ്മയും കൂടി അവിടെ പോകാറുണ്ടായിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും ആണ് കോട്ടക്കലിലെ എന്റെ ആദ്യ ഓർമ്മ. കൈലസമന്ദിരത്തിന്റെ വശത്തുള്ള ബിൽഡിങ്ങിൽ മുകളിലെ മുറിയായിരുന്നു അച്ഛന്റെ വാസ സ്ഥലം. കുത്തനെയുള്ള ആ കോണിയിൽ കയറിയതും ഉരുണ്ടു വീണ് തല മുഴച്ചതും ഇന്നും ഓർമ്മയുണ്ട്.

എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം അച്ഛൻ കോട്ടയ്ക്കലിൽ നിന്ന് ഇല്ലത്തേക്ക് വരികയും ബുധനാഴ്ച ഞങ്ങളോടൊപ്പം ചെലവഴിച്ച് വ്യാഴം രാവിലെ തിരിച്ചുപോവുകയും ആയിരുന്നു പതിവ്.

ചിലപ്പോൾ ചില ആഴ്ചകളിൽ അച്ഛൻ ഇല്ലത്തേക്ക് വരാറില്ല. അപ്പോ അമ്മ പറയാറുണ്ട്

“ഈയാഴ്ച അച്ഛൻ വരില്ല, പി കെ വാര്യർ സാറിന് ചികിത്സയാണ്” എന്ന്.
വ്യക്തിപരമായ ചില ആരോഗ്യപ്രശ്നങ്ങൾക്ക് ശിരോവസ്തി അടക്കമുള്ള പല പ്രധാന ചികിത്സകളും തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അദ്ദേഹം സ്വീകരിച്ചിരുന്നു.

അതിന് മേൽനോട്ടം വഹിക്കാൻ നമ്പി തന്നെ വേണമെന്ന നിഷ്കർഷ ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്.

അച്ഛനു വളരെ അടുത്ത ബന്ധം ഉള്ള വ്യക്തിയാണ് പികെ വാര്യർ സാർ എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.
മറ്റൊരു സംഭവം, (ഒരു പക്ഷേ എനിക്ക് രണ്ടോ മൂന്നോ വയസ്സുള്ള സമയത്താണെന്നു തോന്നുന്നു) ഇവിടെ ചൂണ്ടൽ തായങ്കാവിനടുത്തൊരു നഴ്സറി പണിയുന്നതിനുള്ള ചർച്ച നാട്ടിൽ നടന്നപ്പോൾ ആണ്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന പ്രദേശമായതുകൊണ്ട് തന്നെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.
ആ സമയത്ത് അമ്മ പി കെ വാര്യർ സാറിന് ഒരെഴുത്ത് എഴുതി.

“ഇവിടെ ഒരു നഴ്സറി സ്കൂൾ പണിയണമെന്നുണ്ട്.

പക്ഷേ വലിയ സാമ്പത്തിക പരാധീനതകളിലൂടെ മുന്നോട്ടുപോവുകയാണ്..

കഴിയുന്ന രീതിയിൽ സഹായിക്കണം”

എന്നുപറഞ്ഞുകൊണ്ട്.

വലിയ താമസമില്ലാതെ തന്നെ അമ്മയ്ക്ക് ഒരു എഴുത്തും കൂടെ ഒരു തുകയും വന്നു.

മറുപടി ഇങ്ങനെയായിരുന്നു-

“എന്റെ വ്യക്തിപരമായ കഴിവ് വച്ചുകൊണ്ട് ഒരു തുക ഇതോടൊപ്പം അയക്കുന്നു.

കൂടുതൽ വേണമെന്നുണ്ടെങ്കിൽ ട്രസ്റ്റിലേക്ക് ഒരു കത്ത് തരികയും, അതിനുശേഷം ട്രസ്റ്റിൽ ചർച്ചചെയ്ത് കഴിയാവുന്നത് തരുന്നതാണ്.
എന്ന് സ്നേഹപൂർവ്വം..
പി കെ വാര്യർ

എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു മറുപടി.
താൻ ജീവിക്കുന്ന സ്ഥലമായ കോട്ടയ്ക്കലിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള സ്ഥലത്തെ ഒരു നഴ്സറി സ്കൂളിന് ഒരു തുക കൊടുക്കണം എന്ന് തോന്നുന്നു എങ്കിൽ അതിന്റെ പിന്നിലുള്ള ചേതോവികാരം വളരെ അത്ഭുതകരമാണ്. അത് നമ്പി എന്ന വ്യക്തിയോടുള്ള ബന്ധമോ നമ്പിയുടെ പത്നിയാണ് ആവശ്യപ്പെട്ടത് എന്നതുകൊണ്ടോ മാത്രമല്ല ഒരു പൊതു സമൂഹത്തോടുള്ള തന്റെ കടപ്പാട് എങ്ങനെ നിർവ്വഹിക്കണം എന്നതിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട് എന്നതുകൊണ്ട് കൂടിയാണ് എന്നാണ് അമ്മ പറഞ്ഞത്.

പി കെ വാര്യർ സാറും അച്ഛനും കൂടി ഉള്ള ഒരുപാട് രസകരമായ ഓർമ്മകൾ അച്ഛൻ പറഞ്ഞു തരാറുണ്ട്. അതിലൊന്ന് അച്ഛൻ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ജോലി തുടങ്ങിയ കാലത്തെ അനുഭവമാണ്.
നഴ്സിംഗ് ഹോമിൽ വൈദ്യൻമാർ മുതിർന്നവർ വരുന്നതിനു മുമ്പ് തന്നെ രോഗികളെ കാണുകയും അവരുടെ വിശദാംശങ്ങൾ എഴുതിവയ്ക്കുകയും ചെയ്യുന്ന പതിവുണ്ടല്ലോ. ഒരു ദിവസം പി കെ വാര്യർ സാറിന്റെ ഒരു രോഗിക്ക് ബ്ലഡ് പ്രഷർ നോക്കി എഴുതി വെച്ചിട്ടുണ്ടായിരുന്നില്ല. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് എന്റെ അച്ഛൻ ആയിരുന്നു. സ്വാഭാവികമായും അച്ഛനത് നോക്കേണ്ടതും ആയിരുന്നു. പിന്നീട് പി കെ വാര്യർ സർ വന്നു നോക്കുമ്പോൾ ബി പി നോക്കിയിട്ടുണ്ടായിരുന്നില്ല.
അദ്ദേഹം ഉടനെ അച്ഛനെ വിളിച്ചിട്ട് പറഞ്ഞു-
“നമ്പി ഇങ്ങനെ കൃത്യവിലോപം ഒന്നും കാണിക്കാറില്ലല്ലോ.

എന്താണ് ബി പി നോക്കാതെ ഇരുന്നത്?

എന്ന് പറഞ്ഞ് ശാസിച്ചു.

അച്ഛൻ മറുപടിയൊന്നും പറയാതെ നിസ്സംഗനായി

എല്ലാം കേട്ടു നിന്നു.

അവസാനം നമ്പി എന്താണ് മറുപടി പറയാത്തത്?

എന്ന് അദ്ദേഹം ചോദിച്ചു.

“ഞാൻ ഇവിടെ ആയുർവേദ കോളേജിൽ ആണ് പഠിച്ചത്.

പിന്നീട് പി ടി നാരായണൻ മൂസ്സിന്റേയും കുട്ടഞ്ചേരി മൂസ്സിന്റേയും കീഴിലും.

അന്നൊന്നും ബി പി നോക്കുന്ന ഈ വിദ്യ ഞാൻ പഠിച്ചിട്ടില്ല.

അതുകൊണ്ട് സത്യം പറഞ്ഞാൽ എനിക്ക് ബി പി നോക്കാൻ അറിയില്ല..!!!

അതുകൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം പറ്റിയത് ക്ഷമിക്കണം” എന്ന് പറഞ്ഞു.

പി കെ വാര്യർ സാറിന് ആകെ വിഷമമായി.

“എന്നാൽ നമ്പിക്ക് ഇത് ആദ്യമേ തന്നെ പറഞ്ഞുകൂടെ !!!

ഈ ശകാരം മുഴുവൻ കേൾക്കണോ?

എന്ന് ചോദിച്ചു.

“അങ്ങനെയല്ല ഞാൻ പഠിക്കേണ്ടത് തന്നെ ആയിരുന്നു”

എന്ന് അച്ഛൻ മറുപടി പറഞ്ഞു.

അപ്പോൾ തന്നെ പി കെ വാര്യർ സർ അത് അച്ഛന് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.
അച്ഛന്റെ നിഷ്കളങ്കതയും പി കെ വാര്യർ സാറിന്റെ കൃത്യതയും സമ്മിശ്രമായിട്ട് ഉണ്ടായ ഒരു അനുഭവം ആണിത്.

ഒരു പതിറ്റാണ്ട് കാലത്തെ കോട്ടക്കൽ സേവനത്തിനുശേഷം അച്ഛൻ എസ് എൻ എ യിൽ പ്രധാനവൈദ്യനായി വന്നതിനു ശേഷവും എല്ലാ വർഷവും ജനുവരി 30ന് നടക്കുന്ന ആര്യവൈദ്യശാലയുടെ സ്ഥാപക ദിനാഘോഷത്തിന് അച്ഛൻ വളരെ ഉത്സാഹത്തോടെ പോവാറുണ്ട്. കുടുംബത്തേയും അച്ഛൻ കൂടെ കൂട്ടാറുണ്ട്. പരിപാടി തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ കോട്ടക്കൽ എത്തി അച്ഛന്റെ സഹപ്രവർത്തകരെയും അവിടെയുള്ള ഓരോരുത്തരെയും കണ്ട് സംസാരിക്കും. എന്നിട്ട് കൈലാസ മന്ദിരത്തിൽ പോയി പി കെ വാര്യർ സാറിനെ കണ്ടു കുറച്ചു നേരത്തെ കുശലപ്രശ്നങ്ങൾക്കു ശേഷം ആണ് സെമിനാറിൽ പങ്കെടുക്കാറ്.

തൃശ്ശൂരിലുള്ള കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ഉദ്ഘാടനദിവസവും അച്ഛൻ അവിടെ പോയിരുന്നു. അന്നും പതിവുപോലെ പികെ വാര്യർ സാറുമായി ധാരാളം സംസാരിച്ചു. തൃശ്ശൂരിൽ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇല്ലല്ലോ എന്നാരോ ചോദിച്ചതിനു മറുപടിയായി ഇവിടെ നമ്പിയുടെ നഴ്സിംഗ് ഹോം ഉണ്ടല്ലോ അദ്ദേഹം വേണ്ടത് ചെയ്തു തരും എന്നു പറഞ്ഞൂത്രേ. ഇതെല്ലാം അവരുടെ ബന്ധത്തിന്റെ ദൃഷ്ടാന്തങ്ങളാണ്.

അതുപോലെ തന്നെ എസ് എൻ എ യുടെ സ്ഥാപക ദിനമായ ഉണ്ണി മൂസ്സ് ദിനത്തിന് ആര്യവൈദ്യശാലയിൽ നിന്ന് ഡോക്ടർ മാധവൻകുട്ടി സാറും ഡോക്ടർ മുരളി സാറും പതിവായി വരാറുണ്ട്. ആ ദിവസം ഉണ്ണിമൂസ്സ് ദിന പ്രബന്ധങ്ങൾ അവരുടെ കയ്യിൽ പി കെ വാര്യർ സാറിന് കൊടുത്ത് അയക്കാറുണ്ട്. അദ്ദേഹമത് വായിക്കാറുണ്ട് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പ്രായത്തിലും കാലഘട്ടത്തിന് യോജിച്ച് നിൽക്കാനും നിരന്തരമായ തുടർപഠനം നടത്താനുള്ള അദ്ദേഹത്തിന് ശ്രദ്ധയും ഊർജ്ജസ്വലമായ മനസ്സോടുകൂടി ഇരിക്കുകയും ചെയ്യുക എന്നത് മഹാത്മാക്കൾക്ക് മാത്രം കഴിയുന്ന കാര്യമാണ്.

ഒരിക്കൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഒരു പരിപാടി 10 മണിക്ക് തുടങ്ങാനായിരുന്നു വിചാരിച്ചിരുന്നത്. സമയം 09:50 ആയപ്പോഴേക്കും പി കെ വാരിയർ സാർ, സദസ്സിന്റെ മുൻ നിരയിൽ വന്നിരുന്നു. കൃത്യം 10 മണി ആയപ്പോൾ പരിപാടിയുടെ അധ്യക്ഷനായ അദ്ദേഹം സ്റ്റേജിലേക്ക് കയറിയിരുന്നു. സ്റ്റേജിൽ അപ്പോൾ മറ്റാരും ഉണ്ടായിരുന്നില്ല. ഇതിന് ശേഷം വാച്ചിലേക്കൊന്ന് നോക്കി . സംഘാടകരെല്ലാം വല്ലാതെ പരിഭ്രമിച്ചു, കൃത്യസമയത്ത് പരിപാടി തുടങ്ങാനായില്ലെങ്കിൽ ശാസന കേൾക്കേണ്ടിവരും ചിലപ്പോൾ അതിനപ്പുറത്തേക്ക് പലതും. എന്തായാലും കൃത്യ സമയത്ത് തന്നെ പരിപാടി തുടങ്ങി. അന്ന് വേദിയിലെ പലരും വൈകിയാണ് എത്തിയത് എന്ന് ഞാൻ ഓർക്കുന്നു. ഒരു വൈദ്യന് ഏറ്റവും അത്യാവശ്യമായ ഗുണം കൃത്യസമയം പാലിക്കുക എന്ന് തന്നെയാണ്, അത് തികച്ചും അനുകരണീയവും.

എസ് എൻ എ ഔഷധശാലയിൽ ഇറ്റലിയിലെ ആയുർവേദിക് പോയിന്റിൽ നിന്നും ഡോക്ടർ അന്റൊണിയോ മൊറാന്റിയുടേയും കാർമൻ ടൊസ്റ്റൊയുടേയും നേതൃത്വത്തിൽ ഒരു സംഘം വിദ്യാർഥികൾ പതിവായി പഠിക്കാൻ വരാറുണ്ട്. ഇവരെല്ലാവരെയും കൊണ്ട് ഒരിക്കൽ കോട്ടക്കൽ ആര്യവൈദ്യശാല കാണാൻ പോയി. കോട്ടക്കൽ ആര്യവൈദ്യശാല ഔഷധോദ്യാനം, മ്യൂസിയം, ഫാക്ടറി എന്നിവയെല്ലാം കണ്ടതിനുശേഷം മാനേജിങ് ട്രസ്റ്റി ആയ പി കെ വാര്യർ സാറിനെ കാണാൻ പോയി.

അദ്ദേഹം ചോദിച്ചു ….

ഇറ്റലിയിൽ നിന്നാണ് വരുന്നതല്ലേ?

ഇറ്റലിയിൽ എവിടെയാണ്?

ഇവിടുത്തെ എൻ വി കെ വാരിയർ എന്ന ഞങ്ങൾക്കൊക്കെ സഹോദര തുല്യനായ ഒരു വ്യക്തി ഇറ്റലിയിൽ കുറെ കാലം ഉണ്ടായിരുന്നു.

അദ്ദേഹം അവിടെ ഇന്നയിന്ന കാര്യങ്ങളാണ് ചെയ്തത് എന്നൊക്കെ ഇംഗ്ലീഷിൽ വളരെ വിശദമായി അദ്ദേഹം അവരോട് പറഞ്ഞു. ഇറ്റലിയിലെ പലകാര്യങ്ങളെക്കുറിച്ചും അന്ന് എൻ വി കെ വാരിയർ സാർ ചെയ്തു വെച്ച ആയുർവേദ പ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞു. അത് മൊറാന്റിക്കും കൂട്ടർക്കും വളരെ അത്ഭുതകരമായി തോന്നി. ഈ പ്രായത്തിലും ഇത്രയും കൃത്യമായി കാര്യങ്ങളെ ഓർമ്മ വയ്ക്കുകയും അത് വ്യക്തമായി അവർക്കുമുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു എന്നുള്ളത് ആശ്ചര്യം തന്നെ.

“നിങ്ങൾ നമ്പിയുടെ അടുത്താണ് ആയുർവേദം പഠിക്കുന്നതല്ലേ..

..നന്നായി..!!!

അദ്ദേഹം കേമനാണ്……

എന്നും പി കെ വാര്യർ സർ പറഞ്ഞു.

മറ്റൊരു സന്ദർഭത്തിൽ പി കെ വാര്യർ സർ അച്ഛന് ഒരു എഴുത്ത് എഴുതി.

“കുറേ കാലമായി നേരിൽ കണ്ടിട്ട്…..

അവിടുത്തെ വിശേഷങ്ങളെല്ലാം ഞാൻ അറിയുന്നുണ്ട്.

എങ്കിലും നേരിൽ കാണണമെന്ന് മോഹമുണ്ട്……

എഴുത്ത് കിട്ടിയ ഉടനെ തന്നെ അച്ഛനും അമ്മയും കൂടി കോട്ടക്കൽ ആര്യവൈദ്യശാലയിൽ പോയി പി കെ വാരിയർ സാറിനെ നേരിട്ട് കണ്ട് കുറേ നേരം സംസാരിച്ചു. ഒപ്പംതന്നെ അച്ഛന്റെ ഗുരുനാഥനായ ശ്രീ എസ് വാരിയരുടെ പത്നി തങ്കം വരസ്യാരെയും അവരുടെ കുടുംബാംഗങ്ങളെയും സന്ദർശിക്കുകയും ചെയ്തു.

ഒരു സ്ഥാപനത്തിന്റെ മേധാവിയായി ഇരിക്കെ തന്നെ വ്യക്തി ബന്ധങ്ങൾക്ക് വളരെ വലിയ മൂല്യം കൽപ്പിക്കുകയും പ്രത്യേകിച്ച് പഴയകാല പ്രവർത്തകരുമായി വളരെ അടുത്ത ബന്ധം നിലനിർത്തുകയും ചെയ്യുക എന്നുള്ളത് ഒരു വലിയ കാര്യമായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സമയകൃത്യത, ജീവിതനിഷ്ഠ പോലെയുള്ള പല കാര്യങ്ങളും അനുകരണീയങ്ങളാണ്. മാത്രമല്ല തനിക്ക് ബോധ്യമുള്ള കാര്യങ്ങൾ വളരെ സ്പഷ്ടമായും വ്യക്തമായും പറയുകയും ആരെയും കൂസാതെ ഉദ്ദേശിച്ച കാര്യം നടപ്പിലാക്കുകയും ചെയ്യുന്നതിനുള്ള അദ്ദേഹത്തിന്റെ ആർജ്ജവം വളരെ ശ്രദ്ധേയമാണ്.

ഇദ്ദേഹത്തിനെ പോലെയുള്ള യുഗപുരുഷന്മാരാണ് ആയുർവേദത്തിന്റെ ശാശ്വതമായ നിലനിൽപ്പിന് ആധാരം എന്നു ഞാൻ വിശ്വസിക്കുന്നു.

ഇന്ന് ഇടവത്തിൽ കാർത്തിക ….

അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ….

ഈ ദിവസം അവിടെ പോയി നേരിൽ കണ്ട് നമസ്കരിച്ച് അനുഗ്രഹം വാങ്ങണം എന്നുണ്ട്.

ഈയൊരു കാലം അത് അനുവദിക്കാത്തതുകൊണ്ട് മനസാ സാഷ്ടാംഗം നമസ്കരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here