കൊച്ചി: എട്ടു വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂര പീഡനം. കൊച്ചി മരടിലാണ് ക്രൂര പീഡനം നടന്നത്. കുട്ടി കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ ചേച്ചിയോട് സംഭവം പറഞ്ഞപ്പോള്‍ അവരത് നാട്ടുകാരുടെ വാസ്ടാപ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. ഇതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്. മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള പീഡനമാണ് കുട്ടിയ്ക്ക് നേരിട്ടത് എന്ന് കുട്ടിയുടെ വാക്കുകളില്‍ വ്യക്തമാണ്.
‘‘മോന്തയ്ക്കടിക്കും, ന്യൂ ഇയറിന് പാടത്തു പപ്പാഞ്ഞിയെ കത്തിക്കാൻ പോയപ്പോൾ അവിടെ വന്ന് തിരിച്ചു വീട്ടിൽ കൊണ്ടുപോയി, ബെൽറ്റെടുത്ത് അടിച്ചു. സ്ക്രൂഡ്രൈവറെടുത്ത് കുത്താൻ നോക്കി, പിന്നെടുത്ത് വരച്ചു.’’ തൈക്കൂടത്ത് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം ഏൽക്കേണ്ടി വന്ന എട്ടുവയസുകാരൻ സങ്കടത്തോടെ വിവരിക്കുകയാണ്. പിന്നെടുത്തു വരച്ചതിന്റെ പാടുകൾ കാണിച്ചുകൊണ്ടാണ് വിവരണം. ചമ്പക്കര സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിക്കാണ് പൊള്ളലേറ്റത്.
‘വേറെ ചട്ടുകം ചൂടാക്കി വച്ചു. അമ്മ തടയുമെങ്കിലും അമ്മ ഇല്ലാത്തപ്പോൾ ഉപദ്രവിക്കും. തേപ്പുപെട്ടിക്ക് പൊള്ളിക്കാറുണ്ട്’ കടയിൽ പോയപ്പോൾ തന്നു വിട്ട 200 രൂപ കാണാതെ പോയി. അത് അന്വേഷിച്ച് നിന്നതു കാരണം വീട്ടിൽ ചെല്ലാൻ വൈകി. വൈകിട്ട് ആറരയൊക്കെ ആയിരുന്നു. ഇതിനാണ് മുറിയിൽ കൊണ്ടു പോയി ചട്ടുകം വച്ചത്. സ്നേഹത്തോടെ മുറിയിലേക്കു വിളിച്ചു കൊണ്ടു പോയി, ചട്ടുകം ചൂടാകാൻ വച്ചു. അതു വച്ച് പൊള്ളിച്ചു, ചട്ടുകത്തിന്റെ ചൂടാറിയപ്പോഴാണ് തേപ്പുപെട്ടി വച്ചു പൊള്ളിച്ചത്.
ഉപദ്രവിക്കുന്നതു കണ്ട് അമ്മ വന്ന് തടഞ്ഞിരുന്നു. എന്നാൽ അമ്മ പോയപ്പോൾ വീണ്ടും തേപ്പുപെട്ടി വച്ചു പൊള്ളിച്ചു.’ – കുട്ടി പറയുന്നു. കുട്ടിയുടെ വിവരണം വാര്‍ഡ് കൌണ്‍സിലര്‍ അറിഞ്ഞതോടെ കൌണ്‍സിലര്‍ പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി മൊഴിയെടുത്ത ശേഷം ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രതിയെ സ്റ്റേഷനിലെത്തിച്ച് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.