തിരുവനന്തപുരം: ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയുടെ കേരളത്തിലുള്ളത് മനീഷ് രാജസ്ഥാനിലെ ബിജെപി നേതാവിന്‍റെ മകനാണ്. രാഷ്ട്രീയ പ്രചാരണത്തിന് ഇഡിയെ ബിജെപി ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന ശുദ്ധ ചട്ടലംഘനമാണിത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതേണ്ട. പേടിച്ച് പിന്‍മാറാന്‍ വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസുകാരല്ല ഇവിടെ ഭരിക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഫെമ നിയമത്തിനു കീഴില്‍ വായ്പ എടുക്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ ആര്‍ക്കൊക്കെയാണ് വായ്പയെടുക്കാന്‍ അവകാശമുള്ളത് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെങ്കില്‍ ഇന്ത്യയിലെ ഏത് ബോഡി കോര്‍പറേറ്റിനും വായ്പയെടുക്കാം. മാര്‍ഗനിര്‍ദേശ പ്രകാരം കിഫ്ബി ബാങ്കുകള്‍ വഴി ആര്‍ബിഐയുടെ അനുമതിക്ക് അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് വായ്പയെടുത്തത്. അത് എന്തിനുവേണ്ടി വിനിയോഗിച്ചു എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
കേരള സര്‍ക്കാരല്ല വായ്പയെടുത്തിരിക്കുന്നത്. കിഫ്ബിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളെടുക്കുന്ന വായ്പാ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 293നു കീഴില്‍ കിഫ്ബി വരില്ല. അതുകൊണ്ടുതന്നെ ഭരണഘടനാ ലംഘനവുമില്ല-തോമസ് ഐസക്ക് പറഞ്ഞു.