ലതികയ്ക്ക് മത്സരിക്കാന്‍ അര്‍ഹതയുണ്ട്; സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടി. ലതികയ്ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുയുണ്ട്. എന്നാല്‍ ലതികക്ക് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ചയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ലതികയെ കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏറ്റുമാനൂര്‍ തന്നെ വേണമെന്ന നിലപാടിലായിരുന്നു ലതിക. മറ്റ് സീറ്റ് നല്‍കാമെന്ന ഉപാധി ലതിക സ്വീകരിച്ചില്ല.

അതേസമയം, അര്‍ഹതയുള്ളവരില്‍ ഒരാളെ മാത്രമേ മല്‍സരിപ്പിക്കാന്‍ കഴിയൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥിത്വം കിട്ടാത്തവര്‍ക്ക് പാര്‍ട്ടിയില്‍ അവസരങ്ങളുണ്ടാകും. മുതിര്‍ന്നുപോയെന്നതു കൊണ്ട് ചിലരെ മാറ്റിനിര്‍ത്താനും കഴിയില്ല. പ്രതിഷേധങ്ങള്‍ താല്‍കാലികമെന്നും നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെയാണ് തനിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചുവെന്ന് ആരോപിച്ച് ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. തുടര്‍ന്ന് പ്രതിഷേധ സൂചകമായി ഇന്ദിരാഗാന്ധി ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്യുകയും ചെയ്തു. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കെ.പി.സി.സി ഓഫീസ് പരിസരം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഒരു സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here