കൊച്ചി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടജോഡിയായി മാറിയ താരങ്ങളാണ് മേനകയും ശങ്കറും. അതുപോലെ ശങ്കറുമായി എത്രത്തോളം സൗഹൃദം ഉണ്ടായിരുന്നു എന്ന് കൂടി ഇരുവരും പറയാറുണ്ട്. ഇപ്പോഴിതാ ശങ്കറിനെ വിവാഹം കഴിക്കാത്തതിന് കാരണത്തെ കുറിച്ചാണ് മേനക പറയുന്നത്.
നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മേനക. ആദ്യ ചോദ്യം തന്നെ ശങ്കറിനൊപ്പമുള്ള സിനിമകളായിരുന്നു. താന്‍ അഭിനയം നിര്‍ത്തിയതിന് ശേഷമാണ് തങ്ങളുടെ ജോഡി ഇത്രത്തോളം ഹിറ്റ് ആണെന്ന് അറിഞ്ഞതെന്ന് കൂടി മേനക വ്യക്തമാക്കുകയാണ്. മാത്രമല്ല ആരാധകരുടെ ആവശ്യം താന്‍ ശങ്കറിനെ വിവാഹം കഴിക്കുന്നതാണെന്നും നടി പറയുന്നു.
‘പാവം സുരേഷേട്ടനെ എല്ലാവരും പ്രാകുന്ന ഒരു കാലം ഉണ്ടായിരുന്നു. അഭിനയം നിര്‍ത്തിയതിന് ശേഷമാണ് ഞങ്ങളിത്രയും നല്ല ജോഡി ആണെന്ന് അറിയുന്നത്. അന്ന് അഭിനയിക്കുന്ന കാലത്ത്, ആ ക്യാരക്ടര്‍ ചെയ്യാം, ഈ ക്യാരക്ടര്‍ ചെയ്യാം. ഈ സിനിമ റീമേക്ക് ചെയ്താല്‍ നമുക്ക് അഭിനയിക്കാം എന്നിങ്ങനെ ഒന്നും ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ല. എല്ലാം തന്നെ ഞങ്ങളിലേക്ക് വന്ന പടങ്ങളാണ്. അക്കാലത്ത് ആരാധകരില്‍ നിന്നും എനിക്ക് ഒരുപാട് കത്തുകള്‍ വരും.
അതൊക്കെ സുരേഷേട്ടനും ശങ്കറും കൂടി എന്റെ വീട്ടില്‍ ഒന്നിച്ചിരുന്നാണ് വായിക്കുന്നത്. അതിനകത്ത് മുഴുവനും സുരേഷേട്ടാ നിങ്ങള്‍ പിന്മാറണം. മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറേട്ടനാണ് കെട്ടേണ്ടത്. ഇവര്‍ തന്നെ അത് വായിക്കും. അന്നെനിക്ക് അത്രത്തോളം ഫാന്‍സ് ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം അമ്മയ്ക്കായി എന്ന് പറഞ്ഞൊരു സീരിയലില്‍ ഞാന്‍ അഭിനയിച്ചു. അപ്പോള്‍ ഒരാള്‍ ശങ്കരേട്ടന് വന്നില്ലേ എന്ന് ഓടി വന്ന് ചോദിച്ചു. അങ്ങനൊരു ജോഡി കിട്ടുക എന്നത് ഭാഗ്യമാണ്-മേനക പറയുന്നു.