മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ

കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുടെ മകൾ വീണയും മരുമകൻ പി എ മുഹമ്മദ് റിയാസും ഇവിടെത്തന്നെയാണ് കൊവിഡ് ചികിത്സയിലുള്ളത്. പ്രോട്ടോക്കോൾ അനുസരിച്ച് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരിക്കും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുക. ആവശ്യമെങ്കിൽ തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കോഴിക്കോട്ടേക്ക് അയക്കുകയോ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തേക്ക് മാറ്റുകയോ ചെയ്യും.

ഇന്ന് വൈകുന്നേരത്തോടെയാണ് പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. രോഗം ബാധിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ച മുഖ്യമന്ത്രി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണയ്ക്ക് പിന്നാലെ ഭ‌‌ർത്താവ് പിഎ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗബാധ കണ്ടെത്തിയത്. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്സീൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here