ഗൗരിയമ്മ സംസാരിക്കുമ്പോള്‍ സ്പീക്കറായ വക്കം ഒഴിഞ്ഞു മാറുമായിരുന്നു; ആ കഥ ഷിബു ബേബി ജോണ്‍ കുറിക്കുന്നു

തിരുവനന്തപുരം: വിപ്ലവ നക്ഷത്രം കെ.ആര്‍.ഗൌരിയമ്മ വിട പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഗൌരിയമ്മയെകുറിച്ചുള്ള ഒരു ഓര്‍മ്മ ചിത്രം പങ്കു വയ്ക്കുകയാണ് മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍. യുഡിഎഫ് ഭരണകാലത്ത് സ്പീക്കറായിരുന്ന കണിശക്കാരനായ വക്കം പുരുഷോത്തമന്‍ ഗൌരിയമ്മ നിയമസഭയില്‍ മറുപടി പറയുമ്പോള്‍ തന്ത്രത്തില്‍ ഡയസില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. അതിനു വക്കം നല്‍കിയ മറുപടിയാണ് ഷിബു ഫെയ്സ് ബുക്ക് പോസ്റ്റായി ഗൌരിയമ്മ വിടപറഞ്ഞ ഇന്നു കുറിച്ചിരിക്കുന്നത്. എന്താണ് വക്കം ഷിബുവിന്റെ ചോദ്യത്തിനു നല്‍കിയ മറുപടി?

ഷിബുവിന്റ്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ:

ഗൗരിയമ്മ കൃഷി മന്ത്രിയും സാക്ഷാൽ വക്കം പുരുഷോത്തമൻ നിയമസഭാ സ്പീക്കറുമായിരുന്ന 2001 കാലഘട്ടത്തിലാണ് ഞാൻ ആദ്യമായി എംഎൽഎ ആയി എത്തുന്നത്. ആ നിയമസഭയിലെ ഏറ്റവും സീനിയർ അംഗവും അന്ന് ഗൗരിയമ്മയായിരുന്നു.

ഏറ്റവും കർക്കശക്കാരനായ സ്പീക്കറായിരുന്നു ശ്രീ. വക്കം പുരുഷോത്തമൻ. സമയകൃത്യത അദ്ദേഹത്തിന് നിർബന്ധമായിരുന്നു. കൃത്യസമയത്ത് തന്നെ സഭ ആരംഭിക്കുകയും കൃത്യ സമയത്ത് സഭ പിരിയുകയും ചെയ്യും. ഒന്നരയ്ക്ക് സഭ പിരിയണമെന്നാണ് സമയപരിധിയെങ്കിൽ കൃത്യം 1.20 ആകുമ്പോൾ നടപടി ക്രമങ്ങളൊക്കെ അവസാനിച്ച് സഭ പിരിയും.

പ്രഭാഷണം ആരംഭിച്ചാൽ നിർത്താൻ പ്രയാസമുള്ള വാഗ്മികളെയെല്ലാം വടിയെടുക്കുന്ന ഹെഡ്മാസ്റ്ററെ പോലെ കൃത്യമായി നിയന്ത്രിച്ച് സമയക്രമം പാലിക്കാൻ വക്കത്തിന് കഴിഞ്ഞിരുന്നു. എല്ലാ എംഎൽഎമാരും ഒരു മിനിട്ട് പോലും അധികരിയ്ക്കാതെ ഉള്ള സമയത്തിൽ പ്രസംഗിച്ചു തീർക്കണം. മന്ത്രിമാർക്ക് മറുപടി നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന സമയം കഴിഞ്ഞു പോകരുത്, സമയമാകുമ്പോൾ സ്പീക്കർ ഇടപെടും. (നിയമസഭാ പ്രവർത്തനങ്ങളിലെ അന്നത്തെ ആ ചിട്ട ഞാൻ ഇന്നും ബഹുമാനത്തോടെയാണ് കാണുന്നത്.)

പക്ഷെ ഗൗരിയമ്മയുടെ മറുപടി പ്രസംഗമുള്ള ദിവസങ്ങളിലൊന്നും സ്പീക്കറെ ഡയസിൽ കാണാറില്ല. ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശ്രീ. സുന്ദരൻ നാടാരെ ചുമതലയേൽപ്പിച്ചിട്ട് അദ്ദേഹം ഡയസിൽ നിന്നും മാറും. ഇത് പലവട്ടം ശ്രദ്ധിച്ചപ്പോൾ ഞാനാരിക്കൽ സ്വകാര്യ സംഭാഷണത്തിനിടെ ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചു. അതിനദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു.

” ഗൗരിയമ്മയെ പോലൊരു സീനിയർ നേതാവിനെ നിയന്ത്രിക്കാൻ എനിക്ക് പറ്റില്ല. എന്നാൽ ഡയസിലിരിക്കുമ്പോൾ ഞാൻ അവരെ നിയന്ത്രിക്കാതിരുന്നാൽ അത് തെറ്റായൊരു മാതൃകയുമാകും. അതു കൊണ്ടാണ് അവർ മറുപടി പറയുമ്പോൾ ഞാൻ ചേംബറിലേക്ക് മടങ്ങുന്നത്.”

രാഷ്ട്രീയ ഭേദമന്യേ ഏവരും ബഹുമാനിച്ചിരുന്ന നേതാവായിരുന്നു ഗൗരിയമ്മ. സഭാധ്യക്ഷന് പോലും നിയന്ത്രിച്ചാൽ തെറ്റായിപ്പോകുമോ എന്ന് ശങ്ക തോന്നുന്ന വ്യക്തിത്വത്തിനുടമ. കേരള ചരിത്രത്തിൽ അങ്ങനെയൊരു ഗൗരിയമ്മ ഒന്നേയുള്ളു.

പ്രണാമം.

#gowriamma

#ShibuBabyJohn

ഗൗരിയമ്മ കൃഷി മന്ത്രിയും സാക്ഷാൽ വക്കം പുരുഷോത്തമൻ നിയമസഭാ സ്പീക്കറുമായിരുന്ന 2001 കാലഘട്ടത്തിലാണ് ഞാൻ ആദ്യമായി എംഎൽഎ…

Posted by Shibu Baby John on Tuesday, May 11, 2021

LEAVE A REPLY

Please enter your comment!
Please enter your name here