വിപ്ലവ നക്ഷത്രം ഇനി ഓർമചിത്രം; വലിയ ചുടുകാട്ടിൽ ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ.ആർ.ഗൗരിയമ്മ ഇനി ഓർമചിത്രം. ആലപ്പുഴയിലെ വിപ്ലവ സ്മരണകളിരമ്പുന്ന വലിയ ചുടുകാട്ടിൽ ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. തിരുവനന്തപുരത്ത് അന്തരിച്ച ഗൗരിയമ്മയുടെ മൃതദേഹം രാവിലെ അയ്യങ്കാളി ഹാളിലും പിന്നീട് ആലപ്പുഴ എത്തിച്ച് സ്വവസതിയായ ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിലും എസ്ഡിവി സ്കൂൾ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിരവധി പേർ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്കു രണ്ടരയോടെയാണു തിരുവനന്തപുരത്തുനിന്ന് ആംബുലൻസിൽ മൃതദേഹം ആലപ്പുഴയിലെത്തിച്ചത്. മൂന്നു മണിയോടെ എസ്ഡിവി സ്കൂൾ ഓഡിറ്റോറിയത്തിലേക്കു മാറ്റി.

പൊലീസിന്റെ പാസ് ഉള്ളവർക്കു മാത്രമാണ് എസ്ഡിവി ഓഡിറ്റോറിയത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പ്രവേശനം അനുവദിച്ചത്. വൈകിട്ട് 5 മണിയോടെ ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മൃതദേഹം സംസ്കരിച്ചു. ഭർത്താവും സിപിഐ നേതാവുമായിരുന്ന ടി.വി.തോമസ് ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സംസ്കരിച്ച മണ്ണിലാണു ഗൗരിയമ്മയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്.

പത്തുതവണ എം.എല്‍എയായി. 1977 ലും 2006ലും 2011 ലും പരാജയപ്പെട്ടു. രണ്ടുതവണ ഇ.എം.എസ് സര്‍ക്കാരിലും രണ്ടുതവണ നായനാര്‍ സര്‍ക്കാരിലും മന്ത്രിയായി. 2001ലെ യുഡിഎഫ് മന്ത്രിസഭയില്‍ കൃഷിമന്ത്രിയായാണ് നിയമസഭാ ജീവിതം അവസാനിക്കുന്നത്. 1957ല്‍ റവന്യുമന്ത്രിയായിരിക്കെ അതേ മന്ത്രിസഭയിലെ തൊഴില്‍മന്ത്രിയായിരുന്ന ടി.വി തോമസിനെ വിവാഹം ചെയ്തു. അറുപത്തിനാലില്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം പോയി. 1994ല്‍ അതേ സിപിഎം, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. തൊട്ടുപിന്നാലെ ജനാധിപത്യ സംരംക്ഷണ സമിതിയിലൂടെ ഗൗരിയമ്മ മറ്റൊരു ചെങ്കൊടി ഉയര്‍ത്തി. 96 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികോട്ടയായ അരൂരില്‍ സിപിഎമ്മിനെ ഞെട്ടിച്ച് നിയമസഭയിലെത്തി.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍നിന്ന് കേരളരാഷ്ട്രീയത്തെ കൈപിടിച്ചുനടത്തിയവരില്‍ പ്രമുഖയായിരുന്നു കെ.ആര്‍.ഗൗരിയമ്മ. ജനാധിപത്യകേരളം അഭിമാനത്തോടെയും സ്നേഹാദരങ്ങളോടെയും നെഞ്ചേറ്റിയ രക്തനക്ഷത്രം. രാഷ്ട്രീയ–ഭരണ രംഗത്തെ മികവും സാമൂഹിക ഇടപെടലിലെ മനുഷ്യപ്പറ്റുമാണ് ഗൗരിയമ്മയെ മരണംവരെ കമ്മ്യൂണിസ്റ്റാക്കിയത്. വഴിയും വെളിച്ചവുമില്ലാത്തൊരു കാലത്ത് ചേര്‍ത്തല പട്ടണക്കാട് ഗ്രാമത്തില്‍നിന്ന് പുറപ്പെട്ടൊരു പന്തംകൊളുത്തി പ്രകടനമായിരുന്നു കെ.ആര്‍ ഗൗരിയമ്മ. നാടും നഗരവും ചുറ്റി, നൂറാണ്ടിന്റെ ചരിത്രവും കുറിച്ചാണ് ആലപ്പുഴ ചാത്തനാട്ടെ വീട്ടില്‍ ആ രാഷ്്ട്രീയജാഥ അവസാനിക്കുന്നത്. മര്‍ദിത–ജാതി–പിന്നാക്ക വിഭാഗങ്ങളുടെ അവകാശപ്പരാട്ടങ്ങള്‍ ഏറ്റെടുത്ത യൗവ്വനം… സംഘര്‍ഷഭരിതമായ ഒരു കര്‍മകാണ്ഡം അവകാശപ്പെടാവുന്ന ത്യാഗോജ്വലമായ രാഷ്ട്രീയജിവിതം… അതാണ്‌ ഇപ്പോള്‍ ആലപ്പുഴ വിപ്ലവ സ്മരണകളിരമ്പുന്ന വലിയ ചുടുകാട്ടിൽ അവസാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here