കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ സുസജ്ജം; എതിരാളികളെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിരിട്ടത് ശക്തമായി; ചൈനീസ് സേനയുടെ പ്രകോപനത്തിന്  നല്‍കിയത് ഉറച്ച പ്രതികരണം; ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡൽഹി: എൽ‌ ഒസിയില്‍ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ച പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ എന്തിനും തയാറായി നിൽക്കുകയാണ്. നിയന്ത്രണ രേഖയിലും (എൽസി) യഥാർഥ നിയന്ത്രണ രേഖയിലും (എൽഎസി) ഇന്ത്യൻ സൈന്യം എതിരാളികളെ ശക്തമായി നേരിട്ടിട്ടുണ്ട്-റിപ്പോര്‍ട്ട് പറയുന്നു.

ചൈനീസ് സേനയുടെ തെറ്റായ സാഹസികതകളെ നേരിടാൻ ഇന്ത്യൻ സൈനികർ സജ്ജരാണ്. ഏതു സാഹചര്യത്തിനും ഒരുക്കമാണ്. അതിർത്തിയിലെ സംഘർഷം രമ്യമായി പരിഹരിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ഗൗരവമായ സൈനിക സംഘട്ടനമാണ് കഴിഞ്ഞ ജൂൺ 15ന് ഗൽവാൻ താഴ്‍വരയിലുണ്ടായത്. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ചൈനീസ് ഭാഗത്തും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു.

കിഴക്കൻ ലഡാക്കിലെ നമ്മുടെ അവകാശത്തിന്റെ പവിത്രത സൂക്ഷിച്ചുകൊണ്ടാണു ചൈനീസ് പ്രകോപനങ്ങൾക്കു സൈന്യം മറുപടി നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രോട്ടോക്കോളുകളും കരാറുകളും ഇന്ത്യൻ സൈന്യം കാത്തുസൂക്ഷിക്കുന്നു. അതേസമയം, പാരമ്പര്യേതര ആയുധങ്ങൾ വിന്യസിച്ചും വൻതോതിൽ സൈനികരെ നിയോഗിച്ചും പീപ്പിൾസ് ലിബറേഷൻ ആർമി സ്ഥിതിഗതികൾ വഷളാക്കുകയാണ്. കിഴക്കൻ ലഡാക്കിൽ എട്ടു മാസത്തോളമായി സംഘർഷം നിലനിൽക്കുകയാണ്. പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും നയതന്ത്ര-സൈനിക ചർച്ചകൾ നടത്തുന്നുണ്ട്. വ്യോമസേനയുടെ സഹായത്തോടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യ ശക്തമായ സൈനിക വിന്യാസം നടത്തി-റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here