ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്നാടിനോട് ആവശ്യപ്പെട്ടു.
ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളില്‍ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നല്കി. നിയന്ത്രണങ്ങള്‍ ആഭ്യന്തര മന്ത്രാലയം ജനുവരി 31വരെ നീട്ടിയിട്ടുണ്ടെന്നും കത്തില്‍ ഭല്ല വ്യക്തമാക്കിയിട്ടുണ്ട്.
അമ്പതു ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് നവംബര്‍ മാസം മുതലാണ് തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിയത്. രണ്ടുദിവസം മുന്‍പാണ് നൂറുശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് പുറത്തെത്തിയത്. നിരവധി പ്രമുഖ താരങ്ങള്‍ ഈ ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ ഇറക്കിയത്.