ന്യൂഡൽഹി: യുക്രെയിന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നാല്പതു മിനിറ്റോളം നീണ്ടുനിന്നു.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് സമ്മർദം ശക്തമായിരിക്കെയാണ് കൂടിക്കാഴ്ച. യുക്രെയ്നിലെ സാഹചര്യം സംബന്ധിച്ച് ലാവ്റോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. യുക്രെയ്നു നേരെയുള്ള അക്രമങ്ങള് അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ച മറ്റൊരു രാജ്യത്തിന്റെ മന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. യുകെ, ചൈന, ഓസ്ട്രിയ, ഗ്രീസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാർ കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും പുട്ടിന്റെ വ്യക്തിപരമായ ഒരു സന്ദേശം അറിയിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ലാവ്റോവ് രാവിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു. തുടർന്നാണ് വൈകിട്ട് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. റഷ്യയിൽനിന്നു കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കു മേൽ കടുത്ത സമ്മർദമുണ്ട്. യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യക്കെതിരെയുള്ള ഉപരോധം മറികടക്കാൻ രാജ്യങ്ങൾ ശ്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഇന്ത്യ സന്ദർശിക്കുന്ന യുഎസ് ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് ഭീഷണി മുഴക്കിയിരുന്നു.



