ഏഷ്യാനെറ്റ്‌ നിഷേധിക്കുന്നത് അതിന്റെ ചരിത്രം തന്നെ; അനൂപിന്റെ പുറത്താക്കല്‍ ഷോക്കിംഗ് ന്യൂസ് എന്ന് ജോണി എം.എല്‍.

തിരുവനന്തപുരം: പ്രതിഭാശാലിയായ പത്രാധിപരായ എസ്.ജയചന്ദ്രന്‍ നായരെ സി.അനൂപ്‌ അഭിമുഖം ചെയ്തത് മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ പേരില്‍ അനൂപിനെ ഏഷ്യാനെറ്റ്‌ ന്യൂസ് പുറത്താക്കിയത് ഷോക്കിംഗ് ന്യൂസ് ആയാണ് ഞാന്‍ കാണുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണി എം.എല്‍.അനന്ത ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ്‌ തുടങ്ങിയ പ്രഗത്ഭര്‍ മിക്കവരും മാതൃഭൂമിയില്‍ എഴുതുന്നവരായിരുന്നു. പ്രിന്റ്‌ മീഡിയയില്‍ നിന്നാണ് അവര്‍ ദൃശ്യമാദ്ധ്യമങ്ങളിലേക്ക് എത്തിയത്. ബി.ആര്‍.പി.ഭാസ്ക്കര്‍ അടക്കമുള്ളവര്‍ ഏഷ്യാനെറ്റില്‍ മാധ്യമ വിചാരം നടത്തിയവരായിരുന്നു. പ്രിന്റ്‌ മീഡിയ ഏഷ്യാനെറ്റിന്റെ ശക്തമായ ഭാഗമായിരുന്നു. അതൊഴിവാക്കിക്കൊണ്ട് ഏഷ്യാനെറ്റ്‌ വളര്‍ച്ചയെ നമുക്ക് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. എന്നിട്ടും പ്രിന്റ്‌ മീഡിയയില്‍ എഴുതി എന്നുള്ളത്‌കൊണ്ട് അനൂപ്‌ പോലുള്ള മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കുക. ഇത് ഏഷ്യാനെറ്റിനു ഒട്ടുമേ യോജ്യമല്ല.


ഏഷ്യാനെറ്റ്‌ കണ്ടന്റ് എന്ന് പറഞ്ഞാല്‍ ലിറ്ററെച്ചര്‍ കണ്ടന്റ് ആയിരുന്നു. എഴുത്തിനെയാണ് ഏഷ്യാനെറ്റ്‌ ദൃശ്യഭാഷയാക്കി മാറ്റിയത്. ആ എഴുത്തിനെയാണ് ഏഷ്യാനെറ്റ്‌ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത്. കൈരളിയെ നയിച്ച ജോണ്‍ ബ്രിട്ടാസിനെവരെ ഏറ്റെടുത്ത് പഠിപ്പിച്ച ശേഷം തിരികെ വിട്ട ചരിത്രമാണ് ഏഷ്യാനെറ്റിനു ഉള്ളത്. ആ രീതിയിലുള്ള സഹകരണമാണ് മാധ്യമ രംഗത്ത് നിലനില്‍ക്കുന്നത്. ഏഷ്യാനെറ്റിനെയും, ദൂരദര്‍ശനെയും കേരളത്തിന്റെ ചരിത്രബോധത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. അതിന്റെ തന്നെ ചരിത്രത്തെ തന്നെ നിഷേധിക്കുന്ന സമീപനമാണ് ഏഷ്യാനെറ്റില്‍ നിന്നും വരുന്നത്.

മനോജ്‌ കെ ദാസിന്റെ നടപടി ദുരൂഹം

മനോജ്‌ കെ ദാസ് ആണ് ഇപ്പോള്‍ ഏഷ്യാനെറ്റ്‌ ന്യൂസിനെ നയിക്കുന്നത്. അദ്ദേഹമാണ് അനൂപിനെതിരെ നടപടി എടുത്തത്. മനോജ്‌ മാതൃഭൂമിയുടെ മുന്‍ എഡിറ്റര്‍ ആയിരുന്നു. അപ്പോള്‍ ഇത് മാധ്യമങ്ങളുടെ വര്‍ക്ക് എത്തിക്സിനും അതീതമായി വ്യക്തികളുടെ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി, ഒരു വ്യക്തിയുടെ ഈഗോയുടെ ഭാഗമായി മറ്റൊരു പ്രതിഭാസമ്പന്നനായ മാധ്യമ പ്രവര്‍ത്തകനായ അനൂപിനെ ബലിയാടാക്കുകയാണോ എന്ന സംശയവും ഇതിന് അകത്തുണ്ട്. ന്യൂസ് 18 പല മാധ്യമപ്രവര്‍ത്തകരെയും പിരിച്ചുവിട്ടു. അത് സാമ്പത്തികമായ കാരണങ്ങളാല്‍ ആണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. മീഡിയ വണ്ണില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാറേണ്ടി വന്നിട്ടുണ്ട്. പല കാരണങ്ങളാലാണ് ഇവരും മാറിയത്.

ഏഷ്യാനെറ്റിനെ സംബന്ധിച്ചിടത്തോളം പല സ്റ്റേറ്റുകളിലും അവര്‍ക്ക് മാധ്യമ സാന്നിധ്യമുണ്ട്. ഏഷ്യാനെറ്റിനെ നയിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ ആണെങ്കില്‍ കേന്ദ്ര മന്ത്രിസഭയില്‍ ഒരംഗവുമാണ്. അങ്ങിനെയുള്ള ഏഷ്യാനെറ്റ്‌ അതിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ നിര്‍ദ്ദോഷമായ പ്രവര്‍ത്തി ചെയ്താല്‍ അത് ആ മാധ്യമ സ്ഥാപനത്തെ ഏതെങ്കിലും രീതിയില്‍ ബാധിച്ചോ എന്ന് കരുതുവാന്‍ കഴിയില്ല. എല്ലാ കടമ്പകളും വൈതരണികളും തരണം ചെയ്താണ് പേരെടുത്ത ദൃശ്യമാധ്യമ പ്രവര്‍ത്തകനായി അനൂപ്‌ മാറുന്നത്.

അനൂപിന് ആണെങ്കില്‍ മറ്റൊരു മാധ്യമ സ്ഥാപനത്തില്‍ ഏതെങ്കിലും രീതിയില്‍ തൊഴില്‍ ഈ പ്രായത്തില്‍ കണ്ടെത്താന്‍ പ്രയാസവുമായ ഒരു കാര്യമാണ്. തൊഴില്‍ എന്നത് ജീവനോപാധികൂടിയാണ്. അനൂപിന് ഒരു കുടുംബവുമുണ്ട്. ജീവിതോപാധി സ്ഥാപനം തന്നെ തടസ്സപ്പെടുത്തുക എന്നത് മാനുഷികമായ ഒരു പെരുമാറ്റമല്ല. അത് മനുഷ്യത്വ രഹിതമായ ഒരു നീക്കമാണ്. അനൂപിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തിനു വാണിംഗ് കൊടുക്കാം. ഇന്‍ക്രിമെന്റ് കട്ട് ചെയ്യാം. അങ്ങനെ എന്തൊക്കെ ശിക്ഷാ നടപടികള്‍ ഉണ്ട്. ഇതെല്ലാം മാറ്റിവെച്ച് അനൂപിനെ പിരിച്ചുവിടുക എന്ന് പറയുമ്പോള്‍ ആ വ്യക്തിക്ക് എതിരെയുള്ള എന്തോ ഒരു വികാരം അവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു.

ഏഷ്യാനെറ്റ് സ്വത്വം മറക്കുന്നു

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവരുടെ എത്തിക്സ് അടിയറ വയ്ക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. വേണു ബാലകൃഷ്ണനോ ഉണ്ണി ബാലകൃഷ്ണനോ ന്യൂസ് 18-ലെ മാധ്യമ പ്രവര്‍ത്തകരോ ആണെങ്കിലും അവര്‍ക്ക് മാനേജ്മെന്റിന്റെ മുഖങ്ങള്‍ ആയി മാറേണ്ടി വരുന്നു. ഇന്ത്യയില്‍ ആണെങ്കിലും കേരളത്തില്‍ ആണെങ്കിലും നിലവിലുള്ളത് ഈ അവസ്ഥയാണ്. എസ്.ജയചന്ദ്രന്‍ സാറിന്റെ ഒക്കെ കാലഘട്ടത്തില്‍ അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അനൂപും ഞാനും ഒക്കെ വരുന്നത് ആ സ്കൂളില്‍ നിന്നാണ്.

പത്രപ്രവര്‍ത്തന ചരിത്രവുമായി ബന്ധപ്പെട്ട. കേരളത്തിന്റെ നവോത്ഥാന കാലഘട്ടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഒരു പത്രാധിപരെ അഭിമുഖം ചെയ്യുകയാണ് സി.അനൂപ്‌ ചെയ്തത്. യാതൊരു തരത്തിലുള്ള പൊളിറ്റിക്കല്‍ താത്പര്യങ്ങളോ  സാമ്പത്തിക താത്പര്യങ്ങളോ ഇല്ലാത്ത ഒരു സ്റ്റോറിയാണിത്‌. പക്ഷെ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇന്നു എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ എന്ന് പറയുന്നത് ഒരു മാധ്യമ പ്രവര്‍ത്തകന് എതിരെ പുറത്താക്കല്‍ നടപടികള്‍ മാനേജ്മെന്റ് സ്വീകരിക്കണമെങ്കില്‍ കാരണം ഇന്നത് വേണമെന്നില്ല, പക്ഷെ ഫലപ്രദമായ ഒരു കാരണം കണ്ടെത്താനായിട്ട് അവര്‍ കാത്തിരിക്കുന്നു. അതുകൊണ്ടാണ് ഒരു മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി മറ്റൊരു മാധ്യമത്തില്‍ എഴുതരുത് എന്ന നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്.

ഇത്തരം ഒരു നിര്‍ബന്ധം മാനേജ്മെന്റുകള്‍ക്ക് ഉണ്ടാവുമെങ്കിലും അത്ര തീവ്രമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രണ്ടു മാനേജുമെന്റുകള്‍ ഉണ്ടെങ്കില്‍ അവര്‍ സ്റ്റോറി ഷെയര്‍ ചെയ്യുകയോ ആ മാധ്യമത്തില്‍ എഴുതുകയോ ചെയ്യുന്നതിന് എതിര്‍ക്കുന്ന ഒരു രീതിയുണ്ട്. എന്നാല്‍ മിക്കവാറും എല്ലാ മാനേജ്മെന്റുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു പരിധിവരെ ക്രിയേറ്റീവ് ആയിട്ടുള്ള ജോലികള്‍ ചെയ്യാനുള്ള അനുവാദം നല്‍കാറുണ്ട്. മനോരമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് കലാകൌമുദിയില്‍ കഥ എഴുതാന്‍ പ്രശ്നം ഉണ്ടായെന്നു വരില്ല. മിക്കവാറും മാനേജ്മെന്റുകള്‍ സ്വന്തം ജീവനക്കാരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണ് ചെയ്യാറ്.

ഏഷ്യാനെറ്റ് മാനേജ്മെന്റിന്റേത് വൈരനിര്യാതനബുദ്ധി

അനൂപ്‌ ചെയ്തിരിക്കുന്നത് എസ്.ജയചന്ദ്രന്‍ നായര്‍ എന്ന പ്രതിഭാശാലിയായ പത്രാധിപരെ അഭിമുഖം ചെയ്യുകയും അതിനു അനുയോജ്യമായ പ്ലാറ്റ്ഫോം എന്ന നിലയില്‍ മാതൃഭൂമിയില്‍ അത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. രണ്ടു മാധ്യമ സ്വഭാവങ്ങളാണ് ഏഷ്യാനെറ്റിനും മാതൃഭൂമിയ്ക്കും ഉള്ളത്. ഒരു പുസ്തകം രചിക്കുന്നതിന് വേണ്ടി ചരിത്രരേഖകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ ഒരു ദീര്‍ഘമായ അഭിമുഖം മാതൃഭൂമി പോലുള്ള ഒരു വാരികയില്‍ പ്രസിദ്ധീകരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ് എന്ന് ഏഷ്യാനെറ്റ് മാനേജ്മെന്റ് കണ്ടെത്തുകയാണെങ്കില്‍ അത് ഒരുതരം വൈരനിര്യാതനബുദ്ധിയായാണ്‌ എനിക്ക് തോന്നുന്നത്.

ജയചന്ദ്രന്‍ നായര്‍ സാറുമായുള്ള അഭിമുഖം നടത്തിയതിനു ശ്ലാഖിക്കേണ്ടതിന് പകരം ഏഷ്യാനെറ്റ്‌ പുറത്താക്കുകയാണ് ചെയ്തത്. മലയാളികളെ ടെലിവിഷന്‍ കാണാന്‍ പഠിപ്പിച്ച സ്ഥാപനമാണ്‌ ഏഷ്യാനെറ്റ്‌. അതിനാല്‍ ഏഷ്യാനെറ്റിനോട് മലയാളികള്‍ക്ക് ബഹുമാനമുണ്ട്. പക്ഷെ ഈ നടപടിയെ അപലിക്കാതെ വയ്യ. എന്റെ പിന്തുണ അനൂപിനുണ്ട്. അനൂപിന് അനുകൂലമായി ശബ്ദം ഉയരുന്നുണ്ട്-ജോണി എംഎല്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here