എം.മനോജ് കുമാര്‍
തിരുവനന്തപുരം: മാതൃഭൂമി വാരികയില്‍ എസ്.ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസ് പുറത്താക്കിയത് വളരെ തെറ്റായ കാര്യമെന്ന് പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദന്‍.
ഒരു മാധ്യമത്തില്‍ ജോലി ചെയ്യുമ്പോള്‍ മറ്റൊരു മാധ്യമത്തില്‍ എഴുതരുത് എന്ന വ്യവസ്ഥ നിയമന ലെറ്ററില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ വ്യവസ്ഥ പോലും എടുത്തുമാറ്റേണ്ടതാണെന്ന് സച്ചിദാനന്ദന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. ഈ പ്രവണത പൊതുപ്രവണതകള്‍ എന്ന രീതിയില്‍ തന്നെ സാംസ്കാരിക പ്രവര്‍ത്തകരുടെ എതിര്‍പ്പിനു കാരണമാകേണ്ടതാണ്.
സി.അനൂപിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും മാധ്യമങ്ങളില്‍ അടിമകള്‍ പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നു എന്നത് കേരളത്തിലെ മാധ്യമ രംഗത്തിനു തന്നെ അപമാനകരമാണ്. എഴുത്തുകാരുടെ സര്‍ഗ്ഗാത്മകതയെ പോഷിപ്പിക്കാനുള്ള മാധ്യമങ്ങള്‍ എഴുത്തുകാരുടെ സര്‍ഗ്ഗാത്മകതയുടെ ശ്മശാനഭൂമിയായി മാറുന്നത് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയാണ്-സച്ചിദാനന്ദന്‍ പറയുന്നു.
സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പൊടുന്നനെ ടെര്‍മിനേറ്റ് ചെയ്ത പ്രശ്നം പുകയുകയാണ്. എസ്. ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് അനൂപിനെതിരെ ഏഷ്യാനെറ്റ് നടപടി എടുത്തത്. യാതൊരു കാരണവും ഇല്ലാതെയുള്ള ഒരു പുറത്താക്കലാണ് അനൂപിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഏഷ്യാനെറ്റ് ആയതിനാല്‍ മാധ്യമലോകം ഈ പുറത്താക്കലിനെതിരെ നിശബ്ദത പാലിക്കുമ്പോള്‍ സാംസ്കാരിക ലോകത്ത് നിന്നാണ് പ്രതിഷേധം ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്.
തീര്‍ത്തും ജനാധിപത്യവിരുദ്ധമാണിത്. മാധ്യമ ധര്‍മ്മങ്ങള്‍ക്ക് ചേരുന്നതുമല്ല. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു പ്രതിഷേധം ഏഷ്യാനെറ്റ് ന്യൂസിന് മുന്‍പില്‍ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് പുകസ എന്നാണ് വി.എന്‍.മുരളി അനന്തന്യൂസിനോട് പറഞ്ഞത്. ജോണി എം.എല്‍, ഡോ.ജെ.പ്രഭാഷ്, വിനു എബ്രഹാം, സി.ഗണേഷ് എന്നിവര്‍ ഇന്നലെ ഈ വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് കെ.സച്ചിദാനന്ദനും അനൂപിന്റെ പുറത്താക്കലിനെ അപലപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ തെറ്റായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക രംഗത്തുനിന്നും ഉയരുന്നത്.