എം.മനോജ് കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യകാര്യങ്ങളും കൊവിഡ് നിയന്ത്രണം അടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഉത്തരവാദപ്പെട്ട ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍ ഇന്ന് മരുന്നിനു പോലും ജീവനക്കാരില്ല. എന്‍ജിഒ യൂണിയന്റെ സെക്രട്ടറിയെറ്റ് ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ ഏകദേശം മുഴുവന്‍ ജീവനക്കാരും വണ്ടി വിളിച്ച് പോയിരിക്കുകയാണ്. ഹാജറില്‍ ഒപ്പ് വെച്ചാണ് ഈ പോക്ക് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും സിവില്‍ സര്‍വീസ് ശക്തിപ്പെടുത്തുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ധര്‍ണ്ണയ്ക്കാണ് ഡ്യൂട്ടി സമയത്ത് തന്നെ ജീവനക്കാര്‍ ഒന്നടങ്കം മുങ്ങിയത്. ആരോഗ്യവകുപ്പ് ഡയരക്ടറുടെ ചാര്‍ജ് വഹിക്കുന്നത് ഡോക്ടര്‍ രാജുവാണ്. അദ്ദേഹവും രണ്ടാഴ്ചയായി ഓഫീസില്‍ ഇല്ല. ഈ മാസം മുപ്പത്തിഒന്നിന് അദ്ദേഹം വിരമിക്കുകയാണ്. അതിനാല്‍ യാത്രയയപ്പ് സ്വീകരണം ഏറ്റുവാങ്ങിയുള്ള പരിപാടികളിലാണ് അദ്ദേഹവും. കൊവിഡ് തരംഗവും മങ്കി പോക്സ് ഭീഷണികളും നിലനില്‍ക്കുമ്പോള്‍ ആരോഗ്യവകുപ്പില്‍ നാഥനില്ലാത്ത അവസ്ഥയാണ്. ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്തെ നോക്കുകുത്തിയാക്കി ജീവനക്കാര്‍ ഒന്നടങ്കം സെക്രട്ടറിയെറ്റ് ധര്‍ണ്ണയ്ക്കായി രാവിലെ തന്നെ പോയിരിക്കുന്നത്.
ആരോഗ്യവകുപ്പില്‍ ആവശ്യങ്ങളുമായ പോയവരാണ് ഇന്നു ആരോഗ്യവകുപ്പ് ഡയരക്ടറുടെ ഓഫീസിലെ ശൂന്യമായ കസേരകള്‍ കണ്ട് അന്തംവിട്ടു പോയത്. അന്വേഷിച്ചപ്പോള്‍ എല്ലാവരും വണ്ടി വിളിച്ച് എന്‍ജിഒ യൂണിയന്റെ സെക്രട്ടറിയെറ്റ് ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ പോയിഎന്നുള്ള വിവരമാണ് ലഭിച്ചത്. കാലിയായ കസേരകളും ഡിഎച്ച്എസിന്റെ തലപ്പത്തുള്ള ചില ഡോക്ടര്‍മാരും മാത്രമാണ് ഓഫീസില്‍ ഉള്ളത് എന്നാണ് അന്വേഷിച്ചവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ധര്‍ണ്ണയ്ക്ക് പോയവര്‍ എപ്പോള്‍ തിരികെ വരും എന്ന ചോദ്യത്തിനും മറുപടി പറയാന്‍ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാരില്ല.
സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് തന്നെ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് ഏറ്റവും മോശമായി പ്രവർത്തിക്കുന്ന വകുപ്പ് ആരോഗ്യ വകുപ്പാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. . ചീഫ് സെക്രട്ടറി തന്നെ ഈ രീതിയില്‍ അഭിപ്രായം പറഞ്ഞതായുള്ള ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയുടെ കത്ത് പുറത്ത് വന്നത് വിവാദമായിരുന്നു. ആരോഗ്യ വകുപ്പിന്റെ ഭരണപരമായ വീഴ്ചകള്‍ കത്തില്‍ അക്കമിട്ട് നിരത്തിയിരുന്നു. പോരായ്മകൾ എണ്ണിപ്പറഞ്ഞും അവ അടിന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ഡി.എം.ഒമാർക്കും സ്ഥാപന മേധാവികൾക്കും അയച്ച കത്തിലാണ് ചീഫ് സെക്രട്ടറിയുടെ പരാമർശം വന്നത്.
വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. വകുപ്പിലെ അവധിക്രമം ഇനിയും നേരെയായിട്ടില്ല. 30,40 വര്‍ഷം മുമ്പുള്ള കേസുകള്‍ വരെ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ പലതിലും സര്‍ക്കാര്‍ തോല്‍ക്കുന്നുമുണ്ട്. നഷ്ടപരിഹാരമായി വലിയ തുക നല്‍കേണ്ടി വരുന്നു. കേസുകള്‍ ഫോളോ അപ്പ് ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന കോടതിലക്ഷ്യ കേസുകളും മറ്റ് പ്രശ്‌നങ്ങളും, ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി നിര്‍വഹിക്കാത്തതിനാലാണെന്നും കത്തില്‍ വിമര്‍ശിച്ചിരുന്നു. ഫയലുകള്‍ എല്ലാം കെട്ടിക്കിടക്കുന്നു. ആരോഗ്യവകുപ്പില്‍ എല്ലാം കുത്തഴിഞ്ഞ അവസ്ഥയും. ഇതാണ് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്.
ഈ പരാമര്‍ശത്തിന്റെ മഷി ഉണങ്ങും മുന്‍പാണ് സംസ്ഥാനത്തെ ആരോഗ്യകാര്യങ്ങള്‍ അപ്പടി മോണിട്ടര്‍ ചെയ്യുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിലെ ജീവനക്കാര്‍ തന്നെ ഓഫീസ് കാലിയാക്കി എന്‍ജിഒ യൂണിയന്റെ സെക്രട്ടറിയെറ്റ് ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ വാഹനങ്ങള്‍ വിളിച്ച് കൂട്ടമായി പോയത്.