‘നേരോടെ, നിർഭയം, നിരന്തരം’ ആപ്തവാക്യം;ഏഷ്യാനെറ്റ്‌ ന്യൂസ് നിഷേധിക്കുന്നത് സ്വന്തം അസ്തിത്വവും; മാധ്യമ നിശബ്ദത തുടരുമ്പോള്‍ സി.അനൂപിന്റെ പുറത്താക്കലിനെതിരെ സാംസ്കാരിക ലോകം

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പൊടുന്നനെ ടെര്‍മിനേറ്റ് ചെയ്ത പ്രശ്നം പുകയുന്നു. എസ്. ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് അനൂപിനെതിരെ ഏഷ്യാനെറ്റ്‌ നടപടി എടുത്തത്. യാതൊരു കാരണവും ഇല്ലാതെയുള്ള ഒരു പുറത്താക്കലാണ് അനൂപിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഏഷ്യാനെറ്റ്‌ ആയതിനാല്‍ മാധ്യമലോകം ഈ പുറത്താക്കലിനെതിരെ നിശബ്ദത പാലിക്കുമ്പോള്‍ സാംസ്കാരിക ലോകത്ത് നിന്നാണ് പ്രതിഷേധം ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്.

നേരോടെ, നിർഭയം, നിരന്തരം എന്ന ആപ്തവാക്യവുമായി മുന്നോട്ടു പോകുന്ന ചാനലിന്റെ ഭാഗത്ത് നിന്നാണ് ഇതെല്ലാം സംഭവിക്കുന്നത്. അനൂപിന്റെ കാര്യത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനുള്ള അവകാശാധികാരങ്ങളെല്ലാം പിച്ചിച്ചീന്തിയാണ് ഏഷ്യാനെറ്റ്‌ ഈ മികച്ച മാധ്യമ പ്രവര്‍ത്തകനെ അധാര്‍മ്മികമായി പുറന്തള്ളിയത്. ഏഷ്യാനെറ്റ്‌ അതിന്റെ യഥാര്‍ത്ഥ പൈതൃകം ഉപേക്ഷിക്കുകയാണോ എന്ന ചോദ്യമാണ് അനൂപിന്റെ പുറത്താക്കലോടെ മുഴങ്ങുന്നത്.

പത്രാധിപന്മാരുമായുള്ള അഭിമുഖം പുസ്തകമാക്കുന്നതിന്റെ ഭാഗമായാണ് എസ്. ജയചന്ദ്രന്‍ നായരുമായി അനൂപ്‌ അഭിമുഖം നടത്തിയത്. ഈ അഭിമുഖങ്ങളില്‍ ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖമാണ് മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ചത്. അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍ തന്നെ, എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍പ്പറത്തി ഏകപക്ഷീയമായ പ്രതികാര നടപടികളാണ് അനൂപിനെതിരെ ഏഷ്യാനെറ്റ്‌ മാനേജ്മെന്റ് കൈക്കൊണ്ടത്. ആരോഗ്യകാരണങ്ങളാല്‍ ലീവില്‍ തുടരുമ്പോഴാണ് അനൂപ്‌ ഈ അഭിമുഖങ്ങള്‍ തയ്യാറാക്കിയത്. ഇതുവരെ മാനേജ്മെന്റ് പരിഗണിച്ചില്ല എന്നാണ് സൂചന. രാജി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നപ്പോള്‍ ടെര്‍മിനെറ്റ് ചെയ്യുകയാണ് ചെയ്തത്.

അനൂപിന്റെ പുറത്താക്കല്‍ എന്തിനു വേണ്ടി?

ഏഷ്യാനെറ്റ്‌ രൂപം കൊണ്ടശേഷം അതിനെ നയിച്ച പ്രഗത്ഭര്‍ എല്ലാവരും മാതൃഭൂമിയില്‍ എഴുതിയവരാണ്. അനൂപിന് മാത്രം എന്തുകൊണ്ട് ഇത് ബാധകമായില്ല എന്ന ചോദ്യത്തിനാണ് ഉത്തരം ഇല്ലാതിരിക്കുന്നത്. അതിനൊരു കാരണം ഉണ്ടെങ്കില്‍ അത് തുറന്നു പറയേണ്ടത് സി.അനൂപ്‌ തന്നെയാണ്. നിരവധി സ്റ്റേറ്റ് അവാര്‍ഡുകള്‍ ഏഷ്യാനെറ്റിനു നേടിക്കൊടുത്ത മാധ്യമ പ്രവര്‍ത്തകനാണ് അനൂപ്‌. ഇതൊന്നും തന്നെ ടെര്‍മിനേഷന്‍ കാര്യത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. വിശദീകരണം തൃപ്തികരമല്ല എന്ന് പറഞ്ഞാണ് പുറത്താക്കല്‍ നടന്നത്. പിരിച്ച് വിടലിന്റെ ഭാഗമായ ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് അനൂപിനെ പുറത്താക്കിയത്. അനൂപിന്റെ പുറത്താക്കലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ സാംസ്കാരിക ലോകത്ത് നിന്നും ഉയരുന്നത്.

മാതൃഭൂമി പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ആയിരുന്നു മനോജ്‌ കെ.ദാസ്. പൊടുന്നനെയാണ് മനോജ്‌ കെ. ദാസ് മാതൃഭൂമിയില്‍ നിന്നും ഒഴിവായത്. ഇതേ മനോജ്‌ കെ. ദാസ് ആണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ മേധാവി. അതുകൊണ്ട് തന്നെ മാതൃഭൂമിയില്‍ ഒരു മാറ്റര്‍ നല്‍കിയതിന്റെ പേരില്‍ ചാനലിലെ ഡെപ്യൂട്ടി ന്യൂസ് പ്രൊഡ്യൂസറായ അനൂപിനെ മനോജ്‌ കെ ദാസ് ഇടപെട്ട് ഏഷ്യാനെറ്റില്‍ നിന്നും പുറത്താക്കിയ സംഭവം നെറ്റി ചുളിപ്പിക്കുന്ന സംഭവമായാണ് വീക്ഷിക്കുന്നത്. അനൂപ്‌ അഭിമുഖം ചെയ്തത് പത്രാധിപര്‍ എന്ന് ഏതര്‍ത്ഥത്തിലും വിശേഷിപ്പിക്കാന്‍ കഴിയുന്ന എസ്.ജയചന്ദ്രന്‍ നായരെയാണ്.

ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്നെ പറഞ്ഞത് കേരളത്തില്‍ മാധ്യമങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും ഞാന്‍ പത്രാധിപരായി കാണുന്നത് എസ്.ജയചന്ദ്രന്‍ നായരെ മാത്രമാണ് എന്നാണ്. കേരളം ബഹുമാനിക്കുന്ന പത്രാധിപരാണ് ജയചന്ദ്രന്‍ നായര്‍ എന്ന് ചുള്ളിക്കാടിന്റെ ഈ പരാമര്‍ശം തന്നെ തെളിവാകുന്നു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ  ജീവിതത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ പത്രാധിപര്‍ കൂടിയാണ് ജയചന്ദ്രന്‍ നായര്‍ എന്നതും സ്മരണീയം. അതുകൊണ്ട് തന്നെ അനൂപിന്റെ പുറത്താക്കല്‍ ഒട്ടനവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

മലയാളത്തിന്റെ പ്രസ്റ്റീജ് വാരികയാണ് മാതൃഭൂമി. ഇതേ വാരികയില്‍ അഭിമുഖം നല്‍കിയതിന്റെ പേരില്‍ തങ്ങളുടെ പഴയ എഡിറ്റര്‍ നേരിട്ടിടപെട്ട് അനൂപിനെ പുറത്താക്കിയത് മാതൃഭൂമിയ്ക്കും ക്ഷീണമായി. ഈ പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പ്രതിഷേധവുമായി സാംസ്കാരിക ലോകം രംഗത്ത് വരുന്നത്.

ഏഷ്യാനെറ്റിനു മുന്നില്‍ പ്രതിഷേധിക്കേണ്ടി വരുമെന്ന് പുകസ

അനൂപിന്റെ പുറത്താക്കലുമായി ബന്ധപ്പെട്ട് പുകസ ഈ വിഷയത്തില്‍ ഒരു സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിട്ടുണ്ട്-പുകസയുടെ പ്രൊഫ.വി.എന്‍.മുരളി അനന്ത ന്യൂസിനോട് പറഞ്ഞു. തീര്‍ത്തും അപലപനീയമായ നടപടിയാണിത്. പൊതുസമൂഹം പ്രതിഷേധിക്കേണ്ട സംഭവമാണിത്. തീര്‍ത്തും ജനാധിപത്യവിരുദ്ധമാണിത്. മാധ്യമ ധര്‍മ്മങ്ങള്‍ക്ക് ചേരുന്നതുമല്ല. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു പ്രതിഷേധം ഏഷ്യാനെറ്റ്‌ ന്യൂസിന് മുന്‍പില്‍ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് പുകസ-വി.എന്‍.മുരളി പറയുന്നു.

ഷോക്കിംഗ് ന്യൂസ് എന്ന് ജോണി എം.എല്‍.

പ്രതിഭാശാലിയായ പത്രാധിപരായ എസ്.ജയചന്ദ്രന്‍ നായരെ സി.അനൂപ്‌ അഭിമുഖം ചെയ്തത് മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ പേരില്‍ അനൂപിനെ ഏഷ്യാനെറ്റ്‌ ന്യൂസ് പുറത്താക്കിയത് ഷോക്കിംഗ് ന്യൂസ് ആയാണ് ഞാന്‍ കാണുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണി എം.എല്‍.അനന്ത ന്യൂസിനോട് പറഞ്ഞു. ഏഷ്യാനെറ്റ്‌ തുടങ്ങിയ പ്രഗത്ഭര്‍ മിക്കവരും മാതൃഭൂമിയില്‍ എഴുതുന്നവരായിരുന്നു. പ്രിന്റ്‌ മീഡിയയില്‍ നിന്നാണ് അവര്‍ ദൃശ്യമാദ്ധ്യമങ്ങളിലേക്ക് എത്തിയത്. ബി.ആര്‍.പി.ഭാസ്ക്കര്‍ അടക്കമുള്ളവര്‍ ഏഷ്യാനെറ്റില്‍ മാധ്യമ വിചാരം നടത്തിയവരായിരുന്നു. പ്രിന്റ്‌ മീഡിയ ഏഷ്യാനെറ്റിന്റെ ശക്തമായ ഭാഗമായിരുന്നു. അതൊഴിവാക്കിക്കൊണ്ട് ഏഷ്യാനെറ്റ്‌ വളര്‍ച്ചയെ നമുക്ക് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. എന്നിട്ടും പ്രിന്റ്‌ മീഡിയയില്‍ എഴുതി എന്നുള്ളത്‌കൊണ്ട് അനൂപ്‌ പോലുള്ള മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കുക. ഇത് ഏഷ്യാനെറ്റിനു ഒട്ടുമേ യോജ്യമല്ല.

ഏഷ്യാനെറ്റ്‌ കണ്ടന്റ് എന്ന് പറഞ്ഞാല്‍ ലിറ്ററെച്ചര്‍ കണ്ടന്റ് ആയിരുന്നു. എഴുത്തിനെയാണ് ഏഷ്യാനെറ്റ്‌ ദൃശ്യഭാഷയാക്കി മാറ്റിയത്. ആ എഴുത്തിനെയാണ് ഏഷ്യാനെറ്റ്‌ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത്. കൈരളിയെ നയിച്ച ജോണ്‍ ബ്രിട്ടാസിനെവരെ ഏറ്റെടുത്ത് പഠിപ്പിച്ച ശേഷം തിരികെ വിട്ട ചരിത്രമാണ് ഏഷ്യാനെറ്റിനു ഉള്ളത്. ആ രീതിയിലുള്ള സഹകരണമാണ് മാധ്യമ രംഗത്ത് നിലനില്‍ക്കുന്നത്. ഏഷ്യാനെറ്റിനെയും, ദൂരദര്‍ശനെയും കേരളത്തിന്റെ ചരിത്രബോധത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. അതിന്റെ തന്നെ ചരിത്രത്തെ തന്നെ നിഷേധിക്കുന്ന സമീപനമാണ് ഏഷ്യാനെറ്റില്‍ നിന്നും വരുന്നത്.

മനോജ്‌ കെ ദാസിന്റെ നടപടി ദുരൂഹം

മനോജ്‌ കെ ദാസ് ആണ് ഇപ്പോള്‍ ഏഷ്യാനെറ്റ്‌ ന്യൂസിനെ നയിക്കുന്നത്. അദ്ദേഹമാണ് അനൂപിനെതിരെ നടപടി എടുത്തത്. മനോജ്‌ മാതൃഭൂമിയുടെ മുന്‍ എഡിറ്റര്‍ ആയിരുന്നു. അപ്പോള്‍ ഇത് മാധ്യമങ്ങളുടെ വര്‍ക്ക് എത്തിക്സിനും അതീതമായി വ്യക്തികളുടെ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി, ഒരു വ്യക്തിയുടെ ഈഗോയുടെ ഭാഗമായി മറ്റൊരു പ്രതിഭാസമ്പന്നനായ മാധ്യമ പ്രവര്‍ത്തകനായ അനൂപിനെ ബലിയാടാക്കുകയാണോ എന്ന സംശയവും ഇതിന് അകത്തുണ്ട്. ന്യൂസ് 18 പല മാധ്യമപ്രവര്‍ത്തകരെയും പിരിച്ചുവിട്ടു. അത് സാമ്പത്തികമായ കാരണങ്ങളാല്‍ ആണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. മീഡിയ വണ്ണില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാറേണ്ടി വന്നിട്ടുണ്ട്. പല കാരണങ്ങളാലാണ് ഇവരും മാറിയത്.

ഏഷ്യാനെറ്റിനെ സംബന്ധിച്ചിടത്തോളം പല സ്റ്റേറ്റുകളിലും അവര്‍ക്ക് മാധ്യമ സാന്നിധ്യമുണ്ട്. ഏഷ്യാനെറ്റിനെ നയിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ ആണെങ്കില്‍ കേന്ദ്ര മന്ത്രിസഭയില്‍ ഒരംഗവുമാണ്. അങ്ങിനെയുള്ള ഏഷ്യാനെറ്റ്‌ അതിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ നിര്‍ദ്ദോഷമായ പ്രവര്‍ത്തി ചെയ്താല്‍ അത് ആ മാധ്യമ സ്ഥാപനത്തെ ഏതെങ്കിലും രീതിയില്‍ ബാധിച്ചോ എന്ന് കരുതുവാന്‍ കഴിയില്ല. എല്ലാ കടമ്പകളും വൈതരണികളും തരണം ചെയ്താണ് പേരെടുത്ത ദൃശ്യമാധ്യമ പ്രവര്‍ത്തകനായി അനൂപ്‌ മാറുന്നത്.

അനൂപിന് ആണെങ്കില്‍ മറ്റൊരു മാധ്യമ സ്ഥാപനത്തില്‍ ഏതെങ്കിലും രീതിയില്‍ തൊഴില്‍ ഈ പ്രായത്തില്‍ കണ്ടെത്താന്‍ പ്രയാസവുമായ ഒരു കാര്യമാണ്. തൊഴില്‍ എന്നത് ജീവനോപാധികൂടിയാണ്. അനൂപിന് ഒരു കുടുംബവുമുണ്ട്. ജീവിതോപാധി സ്ഥാപനം തന്നെ തടസ്സപ്പെടുത്തുക എന്നത് മാനുഷികമായ ഒരു പെരുമാറ്റമല്ല. അത് മനുഷ്യത്വ രഹിതമായ ഒരു നീക്കമാണ്. അനൂപിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തിനു വാണിംഗ് കൊടുക്കാം. ഇന്‍ക്രിമെന്റ് കട്ട് ചെയ്യാം. അങ്ങനെ എന്തൊക്കെ ശിക്ഷാ നടപടികള്‍ ഉണ്ട്. ഇതെല്ലാം മാറ്റിവെച്ച് അനൂപിനെ പിരിച്ചുവിടുക എന്ന് പറയുമ്പോള്‍ ആ വ്യക്തിക്ക് എതിരെയുള്ള എന്തോ ഒരു വികാരം അവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു.

ഏഷ്യാനെറ്റ്   സ്വത്വം മറക്കുന്നു

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവരുടെ എത്തിക്സ് അടിയറ വയ്ക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. വേണു ബാലകൃഷ്ണനോ ഉണ്ണി ബാലകൃഷ്ണനോ ന്യൂസ് 18-ലെ മാധ്യമ പ്രവര്‍ത്തകര്‍ ആണെങ്കിലും അവര്‍ക്ക് മാനേജ്മെന്റിന്റെ മുഖങ്ങള്‍ ആയി മാറേണ്ടി വരുന്നു. ഇന്ത്യയില്‍ ആണെങ്കിലും കേരളത്തില്‍ ആണെങ്കിലും നിലവിലുള്ളത് ഈ അവസ്ഥയാണ്. എസ്.ജയചന്ദ്രന്‍ സാറിന്റെ ഒക്കെ കാലഘട്ടത്തില്‍ അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അനൂപും ഞാനും ഒക്കെ വരുന്നത് ആ സ്കൂളില്‍ നിന്നാണ്.

പത്രപ്രവര്‍ത്തന ചരിത്രവുമായി ബന്ധപ്പെട്ട. കേരളത്തിന്റെ നവോത്ഥാന കാലഘട്ടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഒരു പത്രാധിപരെ അഭിമുഖം ചെയ്യുകയാണ് സി.അനൂപ്‌ ചെയ്തത്. യാതൊരു തരത്തിലുള്ള പൊളിറ്റിക്കല്‍ താത്പര്യങ്ങളോ സാമൂഹിക താത്പര്യങ്ങളോ സാമ്പത്തിക താത്പര്യങ്ങളോ ഇല്ലാത്ത ഒരു സ്റ്റോറിയാണിത്‌. പക്ഷെ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇന്നു എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ എന്ന് പറയുന്നത് ഒരു മാധ്യമ പ്രവര്‍ത്തകന് എതിരെ പുറത്താക്കല്‍ നടപടികള്‍ മാനേജ്മെന്റ് സ്വീകരിക്കണമെങ്കില്‍ കാരണം ഇന്നത് വേണമെന്നില്ല, പക്ഷെ ഫലപ്രദമായ ഒരു കാരണം കണ്ടെത്താനായിട്ട് അവര്‍ കാത്തിരിക്കുന്നു. അതുകൊണ്ടാണ് ഒരു മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി മറ്റൊരു മാധ്യമത്തില്‍ എഴുതരുത് എന്ന നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്.

ഇത്തരം ഒരു നിര്‍ബന്ധം മാനേജ്മെന്റുകള്‍ക്ക് ഉണ്ടാവുമെങ്കിലും അത്ര തീവ്രമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രണ്ടു മാനേജുമെന്റുകള്‍ ഉണ്ടെങ്കില്‍ അവര്‍ സ്റ്റോറി ഷെയര്‍ ചെയ്യുകയോ ആ മാധ്യമത്തില്‍ എഴുതുകയോ ചെയ്യുന്നതിന് എതിര്‍ക്കുന്ന ഒരു രീതിയുണ്ട്. എന്നാല്‍ മിക്കവാറും എല്ലാ മാനേജ്മെന്റുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു പരിധിവരെ ക്രിയേറ്റീവ് ആയിട്ടുള്ള ജോലികള്‍ ചെയ്യാനുള്ള അനുവാദം നല്‍കാറുണ്ട്. മനോരമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് കലാകൌമുദിയില്‍ കഥ എഴുതാന്‍ പ്രശ്നം ഉണ്ടായെന്നു വരില്ല. മിക്കവാറും മാനേജ്മെന്റുകള്‍ സ്വന്തം ജീവനക്കാരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണ് ചെയ്യാറ്.

ഏഷ്യാനെറ്റ് മാനേജ്മെന്റിന്റേത് വൈരനിര്യാതനബുദ്ധി

അനൂപ്‌ ചെയ്തിരിക്കുന്നത് എസ്.ജയചന്ദ്രന്‍ നായര്‍ എന്ന പ്രതിഭാശാലിയായ പത്രാധിപരെ അഭിമുഖം ചെയ്യുകയും അതിനു അനുയോജ്യമായ പ്ലാറ്റ്ഫോം എന്ന നിലയില്‍ മാതൃഭൂമിയില്‍ അത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. രണ്ടു മാധ്യമ സ്വഭാവങ്ങളാണ് ഏഷ്യാനെറ്റിനും മാതൃഭൂമിയ്ക്കും ഉള്ളത്. ഒരു പുസ്തകം രചിക്കുന്നതിന് വേണ്ടി ചരിത്രരേഖകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ ഒരു ദീര്‍ഘമായ അഭിമുഖം മാതൃഭൂമി പോലുള്ള ഒരു വാരികയില്‍ പ്രസിദ്ധീകരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ് എന്ന് ഏഷ്യാനെറ്റ് മാനേജ്മെന്റ് കണ്ടെത്തുകയാണെങ്കില്‍ അത് ഒരുതരം വൈരനിര്യാതനബുദ്ധിയായാണ്‌ എനിക്ക് തോന്നുന്നത്.

ജയചന്ദ്രന്‍ നായര്‍ സാറുമായുള്ള അഭിമുഖം നടത്തിയതിനു ശ്ലാഖിക്കേണ്ടതിന് പകരം ഏഷ്യാനെറ്റ്‌ പുറത്താക്കുകയാണ് ചെയ്തത്. മലയാളികളെ ടെലിവിഷന്‍ കാണാന്‍ പഠിപ്പിച്ച സ്ഥാപനമാണ്‌ ഏഷ്യാനെറ്റ്‌. അതിനാല്‍ ഏഷ്യാനെറ്റിനോട് മലയാളികള്‍ക്ക് ബഹുമാനമുണ്ട്. പക്ഷെ ഈ നടപടിയെ അപലിക്കാതെ വയ്യ. എന്റെ പിന്തുണ അനൂപിനുണ്ട്. അനൂപിന് അനുകൂലമായി ശബ്ദം ഉയരുന്നുണ്ട്-ജോണി എംഎല്‍ പറയുന്നു.

ശുഭോദര്‍ക്കമായ  സന്ദേശമല്ലെന്ന് ജെ.പ്രഭാഷ്

അനൂപിന്റെ പുറത്താക്കല്‍ വഴി ഏഷ്യാനെറ്റ്‌ ന്യൂസ് നല്‍കുന്നത് ശുഭോദര്‍ക്കമായ ഒരു സന്ദേശമല്ല- പ്രമുഖ സാമൂഹ്യ നിരീക്ഷകന്‍ ജെ.പ്രഭാഷ് അനന്ത ന്യൂസിനോട് പറഞ്ഞു. പ്രമുഖ പത്രാധിപരാണ് എസ്.ജയചന്ദ്രന്‍ നായര്‍. അദ്ദേഹവുമായുള്ള അഭിമുഖം മാതൃഭൂമിയില്‍ നല്‍കിയതിന്റെ പേരിലാണ് അനൂപിനെ പുറത്താക്കിയതെങ്കില്‍ അത് അപലപിക്കപ്പെടേണ്ടതാണ്.

ജനാധിപത്യത്തില്‍ ഇത് ഭൂഷണമായ കാര്യമല്ല. മാധ്യമത്തിന്റെ സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ അത് ഉടമസ്ഥന്റെ സ്വാതന്ത്ര്യം മാത്രമല്ലല്ലോ..ഏഷ്യാനെറ്റ്‌ ന്യൂസിന്റെ എഡിറ്റോറിയല്‍ പോളിസിയെ ബാധിക്കുന്ന ഒരു കാര്യവും അഭിമുഖവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നില്ല. അച്ചടി മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും. അനൂപിന്റെ പുറത്താക്കല്‍ ശരിയായ നടപടിയല്ല. അപലപിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ഇതിനെതിരെ എല്ലാവരും പ്രതികരിക്കേണ്ടതുണ്ട്.-ജെ.പ്രഭാഷ് പറയുന്നു.

പുറത്താക്കല്‍ നടപടി കടുംകൈ എന്ന് വിനു എബ്രഹാം

ഒരു മാധ്യമത്തില്‍ ജോലി ചെയ്യുമ്പോള്‍ മറ്റൊരു മാധ്യമത്തില്‍ ജേര്‍ണലിസ്റ്റിക് ആയ കാര്യങ്ങള്‍ എഴുതാന്‍ പാടില്ല എന്ന് ചില മാധ്യമങ്ങള്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. പക്ഷെ പുറത്താക്കുക എന്ന് പറഞ്ഞാല്‍ അത് ഒരു കടുംകൈയ്യാണ്-പ്രമുഖ എഴുത്തുകാരന്‍ വിനു എബ്രഹാം അനന്ത ന്യൂസിനോട് പറഞ്ഞു. ഒരു വിശദീകരണം ചോദിക്കുക. മറ്റു നടപടികള്‍ സ്വീകരിക്കുക എല്ലാം ചെയ്യാവുന്നതാണ്. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള മറ്റു നടപടികള്‍ എടുക്കാവുന്നതേയുള്ളൂ. പക്ഷെ ഒറ്റയടിക്ക് പുറത്താക്കുക എന്ന് പറയുമ്പോള്‍ അതിന്റെ സാധുത അന്വേഷിക്കേണ്ടതാണ്-വിനു എബ്രഹാം പറയുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീതിയില്ലെന്ന് സി.ഗണേഷ്

ഒരു മാധ്യമത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു മാധ്യമത്തില്‍ എഴുതാന്‍ പാടില്ല എന്ന് പറയുന്നത് അനൂപ്‌ വിഷയത്തില്‍ സംഗതമല്ല-എഴുത്തുകാരന്‍ സി.ഗണേഷ് അനന്ത ന്യൂസിനോട് പറഞ്ഞു. പ്രമുഖ പത്രാധിപരുമായുള്ള അഭിമുഖമാണ് അനൂപ്‌ നല്‍കിയത്. ഏഷ്യാനെറ്റ്‌ നിലപാടിന് വിരുദ്ധമായ ഒന്നും അഭിമുഖത്തിലില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഈ കാര്യത്തിലുണ്ട്. ഇത് തീര്‍ത്തും അധാര്‍മ്മികമായ കാര്യമാണ്. ജനാധിപത്യ അവകാശങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്ഥാപനത്തില്‍ നിന്ന് തന്നെ നീതി ലഭിക്കുന്നില്ല എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്. വ്യക്തി സ്വാതന്ത്ര്യവും പൗര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സംവാദം നടക്കുമ്പോള്‍ മാധ്യമങ്ങളില്‍ തന്നെ വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നുള്ളത് സങ്കടകരമാണ് മാത്രമല്ല അത് ദുരൂഹവുമാണ്-സി.ഗണേഷ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here